
ദോഹ: സമാധാനത്തോടെ ജീവിതം നയിക്കുന്ന സാമൂഹികാന്തരീക്ഷവും സുരക്ഷിതമായ സാഹചര്യവുമുള്ള മധ്യപൂര്‍വ്വേഷ്യയിലേയും വടക്കാനാഫ്രിക്കയിലേയും രാജ്യങ്ങളില്‍ (മെന) ഒന്നാമതായി വീണ്ടും ഖത്തര്‍. ഈ വര്‍ഷത്തെ ആഗോള സമാധാന സൂചിക (ഗ്ലോബല്‍ പീസ് ഇന്‍ഡക്സ് 2021) കണക്കുപ്രകാരമാണിത്. ലോകാടിസ്ഥാനത്തില്‍ ഇരുപത്തിയൊമ്പതാമത് സ്ഥാനമുണ്ട് ഖത്തറിന്. ആസ്ട്രേലിയ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എക്ണോമിക്സ് ആന്റ് പീസ് ആണ് 163 രാഷ്ട്രങ്ങളെ ലോകാടിസ്ഥാനത്തില്‍ വിലയിരുത്തി സൂചിക പുറത്തിറക്കുന്നത്. ജനങ്ങളുടെ സുരക്ഷയും സുരക്ഷിതത്വവും, തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രാദേശികവും അന്തര്‍ദേശീയവുമായ പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍, പട്ടാളവത്കരണത്തിന്റെ തോത് എന്നിവയാണ് പ്രധാനമായും വിലയിരുത്തപ്പെടുന്നത്. 2009-മുതല്‍ മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയില്‍ ഖത്തര്‍ ഒന്നാമതായിരുന്നു. ഖത്തറിന് ഈ വര്‍ഷം പോയിന്റ് നിലയും ഉയര്‍ന്നിട്ടുണ്ട്. ഉന്നത റാങ്കോടെ 1.605 പോയിന്റുകളാണുള്ളത്. കുറ്റകൃത്യങ്ങള്‍, ഭീകരവാദ പ്രവണതകള്‍, ആഭ്യന്തര സംഘര്‍ഷങ്ങള്‍ തുടങ്ങിയവയെല്ലാം വിലയിരുത്തപ്പെടും. അക്രമങ്ങളില്ലാത്ത ഭീകരവാദ പ്രവണതകളില്ലാത്ത കുറ്റകൃത്യങ്ങള്‍ തീരെ കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. അതുകൊണ്ടു തന്നെ ആഗോളാടിസ്ഥാനത്തില്‍ സാമൂഹിക സുരക്ഷയിലും സുരക്ഷിത ജീവിതാവസ്ഥയും മാത്രമായി പരിശോധിക്കപ്പെടുമ്പോള്‍ പതിനഞ്ചാമതാണ് ഖത്തര്‍. പരിചയസമ്പന്നരായ വിദഗ്ദ്ധരാണ് ആഗോള സമാധാന സൂചികയുടെ വിലയിരുത്തലും അവലോകനവും നടത്തുന്നത്. സുരക്ഷിതമായ അന്തരീക്ഷം കൈവരിക്കുന്നതില്‍ ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രയത്നം ഏറെ വലുതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
