ദോഹ: കളി കുഞ്ഞുകുട്ടികളുടെ മാത്രം കാര്യമല്ലെന്നും അത് കാര്യമായെടുക്കണമെന്നും സന്ദേശം പകരുന്ന ലോകോത്തര കളിപ്പാട്ട മേള ഖത്തറിൽ. ലോകത്തിലെ വൻകിട കളിപ്പാട്ട നിർമാതാക്കളായ കമ്പനികളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തി ഖത്തർ ടൂറിസം സംഘടിപ്പിക്കുന്ന ഖത്തർ കളിപ്പാട്ട മേള നാളെ മുതൽ തുടക്കമാവും.
ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) നടക്കുന്ന പരിപാടി ആഗസ്റ്റ് അഞ്ചുവരെ നീളും. സവിശേഷമായ ഈ ഫെസ്റ്റ് കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെ കൂടി ആകർഷിക്കും. കളിപ്പാട്ടങ്ങളുടെയും കുട്ടിക്കളിയുടെയും മാന്ത്രിക ലോകത്തേക്ക് മുതിർന്നവരെയും കൊണ്ടുപോകുന്നതാണ് മേള എന്ന് ഖത്തർ ടൂറിസം വ്യക്തമാക്കി. കളിപ്പാട്ടങ്ങളുടെയും ഒപ്പം വിനോദങ്ങളുടെയും ആകർഷക ലോകമാകും ടോയ് ഫെസ്റ്റിവല്‍ ഖത്തറിന് സമ്മാനിക്കുക.
ബാര്‍ബീ, ഡിസ്നി പ്രിന്‍സസ്, ബ്ലിപ്പി, ഹോട് വീല്‍സ്, മോണോപൊളി തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളെല്ലാം പങ്കെടുക്കും. ലോകത്തെ തന്നെ ഏറ്റവും നൂതന ആശയങ്ങളും പുതുമയുള്ള കളികളും അവതരിപ്പിച്ച് കുഞ്ഞുമനസ്സുകളെ കീഴടക്കുന്ന കളിപ്പാട്ടങ്ങളുടെ ലോകമാകും ടോയ് ഫെസ്റ്റ്. ടിക്കറ്റ് മുഖേനയാണ് പ്രവേശനം. 50 റിയാലാണ് പൊതു പ്രവേശന നിരക്ക്. 100 റിയാൽ നൽകിയാൽ ഫാസ്റ്റ് ട്രാക്ക് എൻട്രസും, മുഴുവൻ ഷോകളിലേക്കുള്ള പ്രവേശനവും സാധ്യമാകും. സാധാരണ ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരെയും വാരാന്ത്യ ദിനങ്ങളിൽ രണ്ട് മുതല്‍ രാത്രി 11 വരെയുമാണ് സന്ദര്‍ശന സമയം. വിവിധ ജി.സി.സികളിൽ നിന്നുള്ള സോഷ്യൽ മീഡിയ താരങ്ങളും ഫെസ്റ്റിൽ പങ്കെടുക്കാനെത്തുമെന്ന് ഖത്തർ ടൂറിസം വിശദീകരിച്ചു.