ദോഹ: നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തറും യു.എ.ഇയും എംബസികൾ വീണ്ടും പ്രവർത്തനം തുടങ്ങി. ഗൾഫ് ഉപരോധം മൂലം പ്രവർത്തനം നിർത്തേണ്ടി വന്ന ഇരു രാജ്യങ്ങളിലെയും എംബസി, കോൺസുലേറ്റ് കേന്ദ്രങ്ങളാണ് 2023 ജൂൺ 19 തിങ്കളാഴ്ച മുതൽ സജീവമായത്. അബൂദാബിയിലെ ഖത്തർ എംബസി, ദുബായിലെ ഖത്തർ കോൺസുലേറ്റ്, ദോഹയിലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് എംബസി എന്നിവ സേവനം ആരംഭിച്ചു. ഗൾഫ് ഉപരോധം ഉണ്ടാക്കിയ വിള്ളൽ അവസാനിപ്പിച്ചു നിലവിൽ വന്ന അൽ-ഉല കരാറിന്റെ പ്രായോഗിക നടപടികളുടെ ഭാഗമാണ് നയതന്ത്ര കാര്യാലയങ്ങളുടെ പുന:രാരംഭം. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഈ നീക്കം ഉപകരിക്കും.
നയതന്ത്ര കാര്യാലയങ്ങൾ വീണ്ടും തുടങ്ങുന്നതിന്റെ ഭാഗമായി ഇന്നലെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ടെലിഫോൺ സംഭാഷണം നടത്തി. രണ്ട് സഹോദര ജനതകളുടെയും അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സംയുക്ത അറബ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇരുവരും പറഞ്ഞു. ഇരു രാജ്യങ്ങളിലെയും നേതൃത്വങ്ങളുടെ ഇച്ഛാശക്തി ഇതിൽ മുഖ്യം ആണെന്ന് നേതാക്കൾ എടുത്തു പറഞ്ഞു.