
ദോഹ: ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സിന്റെ(ക്യുയു-സിഎഎം) അല്‍ ബൈരഖ് ഹൈസ്കൂള്‍ പദ്ധതിയ്ക്ക് വീണ്ടും പുരസ്കാരം. വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ക്യുസ്റ്റെം മത്സരത്തിന്റെ സമാപനചടങ്ങില്‍ അല്ബൈരഖ് പദ്ധതിക്ക് പുരസ്കാരം നല്കി ആദരിച്ചു.
ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ നടപ്പാക്കുന്ന നവീനമായ വിദ്യാഭ്യാസ പദ്ധതിയാണ് അല്‍ ബൈരഖ്. 2010ല്‍ ക്യുയു-സിഎഎമ്മില് ഡോ. നൂറ അല്‍താനിയുടെ നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. നവീനത, സംരംഭകത്വം, പ്രായോഗിക ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുകയെന്നതാണ് അല്‍ ബൈരഖ് പദ്ധതിയുടെ ദൗത്യം. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗവേഷണ മൂല്യങ്ങള്‍, പ്രാഗത്ഭ്യം എന്നിവ പരിപോഷിപ്പിക്കുന്നതിനും ആത്മവിശ്വാസവും സ്വശ്രയത്വവും വികസിപ്പിക്കുക, ശാസ്ത്രസമൂഹത്തില്‍ തങ്ങളുടേതായ പങ്ക് എന്താണെന്ന് മനസിലാക്കി വികസിപ്പിക്കുക എന്നിവയാണ് അല്‍ ബൈരഖിലൂടെ ലക്ഷ്യമിടുന്നത്. ഹൈസ്കൂള്‍ വിദ്യാര്‍ഥികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അല്‍ ബൈരഖ് പദ്ധതി വലിയ പങ്ക് വഹിക്കുന്നുണ്ട്.രാജ്യത്തെ ഗവേഷണ സംസ്കാരം പരിപോഷിപ്പിക്കുന്നതിലും അല്‍ ബൈരഖിന് സുപ്രധാനമായ പങ്കാളിത്തമുണ്ട്. വിജ്ഞാനത്തിലധിഷ്ഠിതമായ സമൂഹമായി ഖത്തറിനെ പരിവര്‍ത്തിപ്പിക്കുന്നതിനൊപ്പം ദേശീയ ദര്‍ശന രേഖ 2030 യാഥാര്ഥ്യവല്ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുക എന്ന ദൗത്യവും അല്‍ ബൈരഖ് പദ്ധതിയ്ക്കുണ്ട്.
നേരത്തെ റീ ഇമാജിന്‍ വിദ്യാഭ്യാസ സമ്മേളനത്തിന്റെ പുരസ്കാരം നിരവധി തവണ നേടിയിട്ടുണ്ട്. ജിജ്ഞാസ വളര്‍ത്തല്‍(കള്‍ട്ടിവേറ്റിങ് ക്യൂരിയോസിറ്റി) വിഭാഗത്തില്‍ പുരസ്കാരം ലഭിക്കുന്ന ഏക അറബ് പദ്ധതിയാണിതെന്ന സവിശേഷതയുമുണ്ട്. 17 പ്രിപ്പറേറ്ററി സ്കൂളുകളും 18 പ്രൈമറി സ്കൂളുകളും ഉള്‍പ്പടെ 35 സ്കൂളുകളില്‍ നിന്നുള്ള 140 വിദ്യാര്‍ത്ഥികള്‍ക്കായി അല്ബൈരഖ്് പ്രോഗ്രാം ശാസ്ത്ര പരിശീലന ശില്‍പ്പശാലകള്‍ നടത്തിയിട്ടുണ്ട്.