Tuesday, January 26ESTD 1934
Shadow

കോവിഡിനെ നേരിടുന്നതില്‍ രാജ്യാന്തര സമൂഹം ഒന്നിക്കണമെന്ന് ഖത്തര്‍

ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി

ദോഹ: കൊറോണ വൈറസിനെ(കോവിഡ്-19) നേരിടുന്നതില്‍ രാജ്യാന്തര സമൂഹം ഒന്നിക്കുകയും സഹകരിക്കുകയും വേണമെന്ന് ഖത്തര്‍. കോവിഡ്-19ന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടാന്‍ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ആഹ്വാനം ചെയ്തു.
ലോക സാമ്പത്തിക ഫോറത്തിന്റെ കോവിഡ് ആക്ഷന്‍ പ്ലാറ്റ്‌ഫോറത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. കോവിഡിനെ പരാജയപ്പെടുത്തുന്നത് എങ്ങനെ, ആഗോള തലത്തില്‍ ജനങ്ങളുടെ സംരക്ഷണം എങ്ങനെ എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു ചര്‍ച്ച. കോവിഡ്-19ന്റെ ആദ്യ ദിനം മുതല്‍ പൗരന്മാരുടേയും പ്രവാസികളുടേയും ആരോഗ്യസുരക്ഷക്കാണ് ഖത്തര്‍ പ്രഥമ പരിഗണന നല്‍കിയത്.
സാമ്പത്തിക സ്ഥിതി നിലനിര്‍ത്തിക്കൊണ്ടുതന്നെ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷാ ശേഷിയും സേവനങ്ങളും ഖത്തര്‍ നല്‍കുന്നു. എണ്ണ വിലയിലെ ഇടിവോ സാമ്പത്തിക മാന്ദ്യമോ എന്തുതന്നെയായാലും കോവിഡിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടാന്‍ രാജ്യാന്തര സമൂഹം ഒരുമിക്കണം.
വസ്തുനിഷ്ടമായ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത് ആഗോള സമ്പദ് വ്യവസ്ഥയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ക്ക് വരുംദിവസങ്ങളിലെ സാമ്പത്തിക, ധനകാര്യ മേഖലകള്‍ എളുപ്പമായിരിക്കില്ലെന്നാണ്.ലോകമെമ്പാടും ഉയര്‍ന്നതും വിശാലവുമായ തലങ്ങളില്‍ സഹകരണവും ഏകോപനവും കൂടാതെ മഹാമാരിയുടെ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെ നേരിടാന്‍ കഴിയില്ലെന്ന അമീറിന്റെ പരാമര്‍ശവും വിദേശകാര്യമന്ത്രി എടുത്തുപറഞ്ഞു. കോവിഡ്-19 നെ നേരിടുന്നതില്‍ ഖത്തറിന്റെ അനുഭവം അദ്ദേഹം വിശദീകരിച്ചു. സമൂഹത്തെ സംരക്ഷിക്കുന്നതിനും വ്യവസായ മേഖലയെ പിന്തുണക്കുന്നതിനും ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു. ഇക്കാര്യങ്ങളിലെല്ലാം സമാനതകളില്ലാത്ത നടപടിയാണ് ഖത്തര്‍ സ്വീകരിക്കുന്നത്. ഉത്തേജക പാക്കേജുകള്‍ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ഏറ്റവും ഗുണകരമാണ്.
മെഡിക്കല്‍ സാമഗ്രികളുടെ പ്രാദേശിക ഉത്പാദനം വര്‍ധിപ്പിച്ചു. നിലവില്‍ ആഴ്ചയില്‍ 80 ലക്ഷം മാസ്‌ക്കുകളാണ് ഖത്തറില്‍ ഉത്പാദിപ്പിക്കുന്നത്. വെന്റിലേറ്ററുകളുടെ ഉത്പാദനവും തുടങ്ങിയിട്ടുണ്ട്. പ്രാഥമിക ഘട്ടത്തില്‍ ആഴ്ചയില്‍ 2,000 ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതാണ് ഫാക്ടറി. കോവിഡ് രോഗികളുടെ ചികിത്സക്ക് ആവശ്യമായ ശ്വസന ഉപകരണങ്ങള്‍ ഫാക്ടറി ലഭ്യമാക്കും. കോവിഡിനെ നേരിടുന്നതില്‍ രാജ്യാന്തരശ്രമങ്ങള്‍ക്കും ഖത്തര്‍ പിന്തുണ നല്‍കുന്നു. ഇതിനോടകം 20 രാജ്യങ്ങളിലേക്ക് സഹായം കയറ്റിഅയച്ചിട്ടുണ്ട്. ഖത്തരി വ്യോമസേന സൗഹൃദ രാജ്യങ്ങളില്‍ ഫീല്‍ഡ് ആസ്പത്രികള്‍ സജ്ജമാക്കുന്നുണ്ട്. വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വിവിധ രാജ്യങ്ങളില്‍ ആരോഗ്യപരിരക്ഷയുടെ പുനസ്ഥാപനം ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും സംഭാവന നല്‍കുന്നുണ്ട്. ഈ പ്രസ്ഥാനങ്ങള്‍ക്കായി ഇതുവരെ 140 ദശലക്ഷം യുഎസ് ഡോളറാണ് സംഭാവന നല്‍കിയത്.
യുഎന്‍ വികസനപ്രോഗ്രാമിന്റെ(യുഎന്‍ഡിപി) ഇന്നൊവേഷന്‍ ലാബുമായും ഖത്തര്‍ സഹകരിക്കുന്നുണ്ട്. 47 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഈ പദ്ധതിയില്‍ കോവിഡിന്റെ പ്രതികൂല ഫലങ്ങള്‍ പരിഹരിക്കുന്നതിന് മാര്‍ഗങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
കോവിഡ് -19നെ നേരിടാനുള്ള ഖത്തറിന്റെ തന്ത്രം മൂന്ന് പ്രധാന തൂണുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആദ്യത്തേത് ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും സംരക്ഷണം ഉറപ്പാക്കലും ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ പുനസ്ഥാാപനവുമായിരുന്നു.
രണ്ടാമത്തേത് സമ്പദ്വ്യവസ്ഥയിലും സമൂഹത്തിലും ഉണ്ടാകുന്ന ആഘാതം ഏറ്റവും താഴ്ന്ന നിലയില്‍ ലഘൂകരിക്കുക. മൂന്നാമത്തേത് സഹായം ആവശ്യമുള്ള മറ്റ് രാജ്യങ്ങള്‍ക്കൊപ്പം നിലകൊണ്ട് രാജ്യാന്തര പ്രതിബദ്ധത പുലര്‍ത്തുകയെന്നതുമായിരുന്നു- വിദേശകാര്യമന്ത്രി വിശദീകരിച്ചു. ഖത്തര്‍ ലോകകപ്പ് മികച്ച രീതിയില്‍ സംഘടിപ്പിക്കാനാകുമെന്നതില്‍ ഉറപ്പുണ്ട്. 2022ലെ ഖത്തര്‍ ഫിഫ ലോകകപ്പിന്റെ പ്രാധാന്യം വര്‍ദ്ധിച്ചുവെന്ന് വിശ്വസിക്കുന്നു.
കാരണം പകര്‍ച്ചവ്യാധി വേര്‍പിരിയലിനും നിലവിലെ മോശം മാനുഷിക സാഹചര്യങ്ങള്‍ക്കും ശേഷം ലോകം കണ്ടുമുട്ടുന്ന ആദ്യത്തെ ഫെസ്റ്റിവലും വിനോദപരമായ പരിപാടിയുമായിരിക്കും ലോകകപ്പ്.
മഹാമാരി അപ്രത്യക്ഷമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവര്‍ക്കും സംതൃപ്തിയും സന്തോഷവും അനുഭവിക്കാന്‍ കഴിയുന്ന തരത്തില്‍ ലോക ജനങ്ങള്‍ക്കും മനുഷ്യര്‍ക്കും വേണ്ടിയായിരിക്കും ഖത്തര്‍ ലോകകപ്പെന്നും വിദേശകാര്യ മന്ത്രി വിശദീകരിച്ചു.

error: Content is protected !!