in

ഫലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന് ഖത്തര്‍

ദോഹ: ഫലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് ആവശ്യമെന്ന് ഖത്തര്‍. 1967 ജൂലെ നാലിലെ അതിര്‍ത്തികള്‍ പ്രകാരം കിഴക്കന്‍ ജറുസലേം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലേക്ക് നയിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കണം. ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന്റ പൂര്‍ണ അംഗത്വത്തിനും പിന്തുണ പ്രഖ്യാപിച്ചു.
അറബ് ഗ്രൂപ്പിനുവേണ്ടി യുഎന്നില്‍ സംസാരിക്കവെ യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഈ മാസം അറബ് ഗ്രൂപ്പിന്റെ അധ്യക്ഷ ശൈഖ ആലിയയാണ്. മിഡില്‍ഈസ്റ്റിലെ സാഹചര്യങ്ങളും ഫലസ്തീന്‍ വിഷയവും സംബന്ധിച്ച് യുഎന്നില്‍ നടന്ന വിര്‍ച്വല്‍ യോഗത്തിലാണ് ശൈഖ ആലിയ നിലപാട് വ്യക്തമാക്കിയത്. ലോകം ആഗോള മഹാമാരി നേരിടുന്നതിനിടെ അധിനിവേശ ശക്തിയായ ഇസ്രാഈല്‍ 1967ല്‍ കൈവശപ്പെടുത്തിയ ഫലസ്തീന്‍ പ്രദേശത്തിന്റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള തങ്ങളുടെ നയങ്ങളും പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്.
ഇസ്രാഈല്‍ കൊളോണിയല്‍ കുടിയേറ്റത്തിന്റെ വേഗത വര്‍ധിപ്പിക്കുകയും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ലംഘിക്കുകയുമാണ് ചെയ്യുന്നത്. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ അന്താരാഷ്ട്ര നിയമവും അന്താരാഷ്ട്ര നിയമസാധുത തീരുമാനങ്ങളും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോടും സുരക്ഷാ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള ഐക്യരാഷ്ട്രസഭയോടും ശൈഖ ആലിയ ആവശ്യപ്പെട്ടു. 1967 ല്‍ അധിനിവേശം നടത്തിയ ഫലസ്തീന്‍ ഭൂമിയില്‍ നിയമവിരുദ്ധമായ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്നും ഇസ്രായേല്‍ അധിനിവേശ സര്‍ക്കാര്‍ തടയണം. ലോകത്തിനും മനുഷ്യര്‍ക്കും ഭീഷണിയായ പകര്‍ച്ചവ്യാധിയെ ഉപയോഗപ്പെടുത്തിയാണ് ഇസ്രാഈലിന്റെ നീക്കങ്ങളെന്നും ഖത്തര്‍ കുറ്റപ്പെടുത്തി. ഇസ്രാഈല്‍ കൂട്ടിച്ചേര്‍ക്കല്‍ പദ്ധതികളുമായി മുന്നോട്ടുപോകുന്നത് മേഖലയിലും ലോകത്തും സുരക്ഷ, സമാധാനം, സ്ഥിരത എന്നിവക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന് കീഴില്‍ അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്താനുള്ള സുരക്ഷാ സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പലസ്തീന്‍ വിഷയം. ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട നിരവധി കൗണ്‍സില്‍ പ്രമേയങ്ങള്‍ നടപ്പാക്കേണ്ടത് ആവശ്യമാണെന്നും ശൈഖ ആലിയ ചൂണ്ടിക്കാട്ടി. അഞ്ച് ദശലക്ഷത്തിലധികം ഫലസ്തീനികള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്നതില്‍ ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, വര്‍ക്ക് ഏജന്‍സി(യുഎന്‍ആര്‍ഡബ്ല്യുഎ) വഹിക്കുന്ന പങ്കിനെയും ശൈഖ ആലിയ പ്രശംസിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഏപ്രില്‍ 30നുള്ള ഇന്ത്യന്‍ എംബസി ഓപ്പണ്‍ഹൗസ് റദ്ദാക്കി

677 പേര്‍ക്കു കൂടി കോവിഡ്; രോഗമുക്തരുടെ എണ്ണം 1134