
ദോഹ: ഖത്തറിലെ കോവിഡ് മുക്തരില്നിന്നുള്ള പ്ലാസ്മ ഇറ്റലിയിലെ രോഗികളുടെ ചികിത്സക്കായി ഉപയോഗപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി പ്ലാസ്മ ഇറ്റലിയിലേക്ക് എത്തിച്ചു.
ഖത്തര്‍ ഫൗണ്ടേഷന്, ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്, ദോഹയിലെ ഇറ്റാലിയന്‍ എംബസി എന്നിവയുടെ സംയുക്ത പങ്കാളിത്തത്തിലാണ് ഖത്തറില്‍ നിന്നും പ്ലാസ്മ ഇറ്റലിയിലെത്തിച്ചത്. ഖത്തറും ഇറ്റലിയും തമ്മിലുള്ള ദീര്‍ഘകാല ബന്ധമാണ് മഹാമാരിക്കെതിരായ ആഗോള യുദ്ധത്തെ പിന്തുണയ്ക്കുന്ന ഇത്തരമൊരു ശാസ്ത്രീയ സഹകരണത്തിന് കാരണമായത്.
ഖത്തറില്‍ കോവിഡില്‍ നിന്നും സുഖംപ്രാപിച്ചവരില്‍ നിന്നും ശേഖരിച്ച കണ്‍വാലസെന്റ് പ്ലാസ്മ(സിപി) സാമ്പിളുകളുമായി കഴിഞ്ഞദിവസമാണ് ഇറ്റാലിയന്‍ സൈനിക വിമാനം ദോഹയില്‍നിന്നും പറന്നുയര്‍ന്നത്. ഇറ്റലിയിലെ യൂണിവേഴ്സിറ്റി കറ്റോലിക്ക ഡെല്‍ സാക്രോ ക്വോറില് സാമ്പിളുകള്‍ വിശകലനം ചെയ്യും, സാര്‍ഡിനിയ ആസ്ഥാനമായുള്ള മാറ്റെര്‍ ഓള്ബിയ ആസ്പത്രിയുടെ സഹകരണത്തോടെയാണ് വിശകലനം. മനുഷ്യ രോഗപ്രതിരോധ ശേഷി പ്ലാസ്മയോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് പഠിക്കുന്നതിനായി ഡാറ്റ വിലയിരുത്തും.
കോവിഡില്‍നിന്നും സുഖംപ്രാപിച്ചവരില്‍ നിന്നുള്ള പ്ലാസ്മ സാധാരണയായി ആന്റിബോഡികളാല്‍ സമ്പുഷ്ടമാണ്. വൈറസിനെതിരായ ചികിത്സക്കായി ഉപയോഗിച്ചുവരുന്നുണ്ട്.
എന്നാല്‍ ഇത് സംബന്ധിച്ച ഡാറ്റ നിലവില്‍ പരിമിതമാണ്. കോവിഡ് രോഗികള്‍ക്ക് വിജയകരമായി ചികിത്സിക്കാന്‍ ആവശ്യമായ അളവില്‍ ന്യൂട്രലൈസിംഗ് ആന്റിബോഡികള്‍ പ്ലാസ്മയില്‍ ഉണ്ടെന്നതിന് തെളിവുകള്‍ കണ്ടെത്തുകയാണ് ഖത്തര്‍-ഇറ്റലി ശാസ്ത്ര പദ്ധതിയുടെ ലക്ഷ്യം. കോവിഡ് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സക്കായി ഖത്തറില്‍ പ്ലാസ്മ ഉപയോഗിക്കുന്നുണ്ട്. സുഖം പ്രാപിച്ച കോവിഡ് രോഗികളുടെ ആന്റിബോഡി സമ്പുഷ്ടമായ രക്ത പ്ലാസ്മ രോഗവുമായി പോരാടുന്നവരിലേക്ക് മാറ്റുന്നത് ഖത്തറില്‍ നല്ല ഫലങ്ങള്‍ നല്‍കുന്നുണ്ട്.
കോവിഡ് മുക്തരായവരോടു പ്ലാസ്മ ദാനം ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നു. രോഗികള്‍ കോവിഡിനെ പ്രതിരോധിക്കുമ്പോള്‍ അവരുടെ ശരീരം അതിനെ ആക്രമിക്കാന്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ ആന്റിബോഡികള്‍ ബി ലിംഫോസൈറ്റ്സ് എന്നറിയപ്പെടുന്ന രോഗപ്രതിരോധ കോശങ്ങളാല്‍ സ്രവിക്കപ്പെടും. രക്തത്തിലെ ദ്രാവകഭാഗമായ പ്ലാസ്മയിലാണ് ഇവ കാണപ്പെടുന്നത്.
ഇത് രക്തം കട്ടപിടിക്കാന്‍ സഹായിക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഒരാള്‍ സുഖംപ്രാപിച്ചു കഴിഞ്ഞാലും ആന്റിബോഡികള്‍ അവരുടെ ശരീരത്തില്‍ തുടരും, വൈറസ് തിരിച്ചെത്തിയാല്‍ നേരിടാന്‍. സുഖം പ്രാപിച്ച ഒരു രോഗിയില്‍ നിന്നുള്ള പ്ലാസ്മ രോഗബാധിതരായ രണ്ടുപേരില്‍ ചികിത്സിക്കാന്‍ ഉപയോഗിക്കാം. ഫലങ്ങള്‍ കാണുന്നതിന് ഒരു ട്രാന്സ്ഫ്യൂഷന് മതി.