
ദോഹ: കൊറോണ വൈറസ്(കോവിഡ്-19) ചികിത്സക്ക് ഫലപ്രദമാണെന്ന് തെളിയിക്കപ്പെടുന്ന മരുന്ന് സ്വന്തമാക്കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്ന് ഖത്തറായിരിക്കുമെന്ന് ദുരന്തനിവാരണ സുപ്രീംകമ്മിറ്റി വക്താവ് ലുലുവ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ഖാതിര്‍. ലോകമെമ്പാടുമായി കമ്പനികളെക്കുറിച്ച് മരുന്നുകളും വാക്‌സിനുകളുമായും ബന്ധപ്പെടുത്തി നിരവധി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഔദ്യോഗിക ഉറവിടങ്ങളില്‍നിന്നും വരുമ്പോള്‍ മാത്രമെ ഇത്തരം റിപ്പോര്‍ട്ടുകള്‍ കണക്കിലെടുക്കുകയുള്ളു. മെഡിക്കല്‍, ആരോഗ്യ ഫലപ്രാപ്തി തെളിയിക്കുന്ന ചികിത്സ ഖത്തറില്‍ ലഭ്യമാക്കുമെന്ന് എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്നതായും അല്‍ഖാതിര്‍ പറഞ്ഞു. ഖത്തറിലെ ആരോഗ്യപരിചരണത്തിലേക്ക് എല്ലാവര്‍ക്കും സൗജന്യമായി പ്രവേശനം ലഭിക്കും. ഉദാഹരണത്തിന് മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി രോഗത്തിനുള്ള അപൂര്‍വമായ മരുന്ന് ഖത്തറില്‍ സൗജന്യമായാണ് ലഭ്യമാക്കുന്നത്. ഈ രോഗത്തിനുള്ള മരുന്നിന്റെ ഒരു ഡോസിന് മാത്രം 20 ലക്ഷത്തിലധികം യുഎസ് ഡോളറാണ് വില. ഇത്രയധികം വിലയുണ്ടായിട്ടും ഖത്തറില്‍ സൗജന്യമായാണ് ലഭ്യമാക്കുന്നതെന്നും ലുലുവ അല്‍ഖാതിര്‍ വിശദീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഫീല്‍ഡ് ആസ്പത്രികളിലൂടെ 18,000 കിടക്കകള്‍ ലഭ്യമാക്കുന്നത് രോഗം വ്യാപിക്കുന്നതിന്റെ സൂചനയായിട്ടല്ലെന്ന് അല്‍ഖാതിര്‍ വിശദീകരിച്ചു. കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന് വ്യാപനവുമായി ബന്ധപ്പെട്ടല്ല. എന്നാല്‍ എല്ലാ മുന്‍കരുതല്‍ നടപടികളും ഭാവിയിലേക്കുള്ള ആസൂതണവുമായി ബന്ധപ്പെട്ടാണെന്നും അല്‍ഖാതിര്‍ വ്യക്തമാക്കി. മറ്റ് മേഖലകളില്‍ പ്രത്യക്ഷപ്പെട്ട വൈറസിന്റെ വ്യാപന രീതികള്‍ക്കനുസൃതമായി ഖത്തര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും എന്നാല്‍ രാജ്യം അതേ പാതയിലേക്ക് പോകുമെന്നതരത്തിലുള്ള കണക്കുകൂട്ടലുകളെ ഇത് സൂചിപ്പിക്കുന്നില്ല. സ്ഥിരീകരിച്ച കേസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നടത്തിയ പരിശോധനകളുടെ എണ്ണം വളരെ വലുതാണെന്നും ഇത് ഒരു നല്ല സൂചകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടതുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം സാമൂഹിക അകലം പാലിക്കല്‍, മറ്റ് പ്രതിരോധ നടപടികള്‍ എന്നിവയാണെന്നും ലുലുവ അല്‍ഖാതിര്‍ വിശദീകരിച്ചു.
കൊറോണ വൈറസിന് ഒരു ചികിത്സാരീതി വികസിപ്പിക്കുന്നതില്‍ ലോകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ദേശീയ എപ്പിഡെമോളജിക്കല്‍ തയ്യാറെടുപ്പ് സമിതിയുടെ കോ-ചെയറും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി വകുപ്പ് തലവനുമായ ഡോ. അബ്ദുല്ലതിഫ് അല്‍ഖാല്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലായി മരുന്നുകളെക്കുറിച്ച് നിലവില്‍ 90 ഓളം പഠനങ്ങളും വിവിധ പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് 20 ഓളം പഠനങ്ങളും പുതിയ മരുന്നുകളെക്കുറിച്ചുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ടെന്നും ഇവയൊന്നും വാണിജ്യപരമായി നിര്‍മിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് ചില രോഗങ്ങളുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ചും വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണങ്ങളെക്കുറിച്ചും പഠനങ്ങള്‍ നടക്കുന്നുണ്ട്. ഇതെല്ലാം ഇതുവരെ പരീക്ഷണഘട്ടത്തിലാണ്.
ഈ പരീക്ഷണങ്ങളില്‍ ചിലതിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ പരീക്ഷണങ്ങളും ഫലങ്ങളും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഫലപ്രദമായ മരുന്നുകള്‍ ഉണ്ടെന്നതിന് ഇതുവരെ ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ഫലപ്രദമായ മരുന്നുകളുണ്ടെന്നും ശാസ്ത്രീയമായ തെളിവുകളില്ലെന്നും ചില വാര്‍ത്തകളുണ്ടെന്നും ഡോ.അല്‍ഖാല്‍ ചൂണ്ടിക്കാട്ടി.