
ദോഹ: ടോക്കിയോ ഒളിമ്പിക്സ്് ഭാരദ്വഹനത്തില്‍ ചരിത്രം സൃഷ്ടിച്ച് ഖത്തറിന്റെ ഫാരിസ് ഇബ്രാഹിം. 96 കിലോഗ്രാം വിഭാഗത്തില്‍ ഒളിമ്പിക്സ് റെക്കോര്‍ഡോടെ ഫാരിസ് സ്വര്‍ണം നേടി. 402 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് താരം അഭിമാന നേട്ടം സ്വന്തമാക്കിയത്. ഒളിമ്പിക്സ് ചരിത്രത്തിലെ ഖത്തറിന്റെ ആ്ദ്യത്തെ സ്വര്ണമാണിതെന്ന സവിശേഷതയുമുണ്ട്. സ്വര്‍ണനേട്ടത്തോടെ ഖത്തര്‍ മെഡല്‍ പട്ടികയില്‍ 40-ാം സ്ഥാനം നേടി. ആറാമത് ഖത്തര്‍ രാജ്യാന്തര ഭാരോദ്വഹന കപ്പില്‍ സ്വര്‍ണം നേടിയതോടെയാണ് ഫാരിസ് ഇബ്രാഹിം ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത്. മുന്‍ ജൂനിയര്‍ ലോക ചാമ്പ്യനും സീനിയര്‍ തലത്തില്‍ ലോക വെള്ളി മെഡല്‍ ജേതാവുമായ ഫാരിസ് ഇബ്രാഹിം 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. രണ്ടു തവണ ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ നേടിയിട്ടുള്ള ഫാരിസ്സിന് ഒളിമ്പിക്സില്‍ രണ്ടാമൂഴമാണ്. 2016ലെ റിയോ ഒളിമ്പിക്സിലും ഫരേസ് മത്സരിച്ചിരുന്നുവെങ്കിലും ഏഴാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു. ഫാരിസ് ഇബ്രാഹിമിന്റെ മെഡല്‍ നേട്ടത്തില്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി അഭിനന്ദനം അറിയിച്ചു.