- യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല
- ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം അതിവേഗത്തില്‍
- രണ്ടാം ഡോസെടുത്ത് കൃത്യം 12 മാസം പൂര്‍ത്തിയാവുമ്പോള്‍ ഇഹ്തിറാസ് ഗോള്‍ഡെന്‍ ഫ്രെയിം അപ്രത്യക്ഷമാവും.
ദോഹ: ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാതെ ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യരുതെന്ന് ആരോഗ്യവിദഗ്ദ്ധന്റെ മുന്നറിയിപ്പ്. ലോകത്തിന്റെ പല ഭാഗങ്ങളിലും മഹാമാരിയുടെ മൂന്ന്, നാല് തരംഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ ബൂസ്റ്റര്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. അത് സ്വീകരിക്കാതെ യാത്ര ചെയ്യരുതെന്നും അതേസമയം വാക്സിനെടുക്കാത്തവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഹമദ് ജനറല്‍ ആശുപത്രി (Hamad General Hospital) ഡയരക്ടര്‍ ഡോ.യൂസുഫ് അല്‍മസ്്ലമാനി പറഞ്ഞു. ഖത്തറില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന് (COVID-19 booster shots)വിതരണം അതിവേഗത്തില്‍ പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു. രണ്ടു വാക്സിനുകളുമെടുത്തവരില് കോവിഡ് ബാധ കൂടുതലായി കണ്ടെത്താന്‍ തുടങ്ങിയതോടെയാണ് എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങിയത്. നവംബര്‍ രണ്ടാം വാരം ആരംഭിച്ച ബൂസ്റ്റര്‍ വാക്സിന് വിതരണം ഇതിനകം 70,000 ഡോസ് കടന്നിട്ടുണ്ട്. സാരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതേവരെ ആരും ആശുപത്രിയിലെത്തിയിട്ടുമില്ല.രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം കഴിയുന്നതോടെ വാക്സിന് വഴി ലഭ്യമാവുന്ന ആന്റിബോഡികളില്‍ കുറവു വരുന്നതായി ശാസ്ത്രീയ തെളിവുകളുണ്ടെന്നും കോവിഡ് ബാധിക്കുന്ന വാക്സിന് സ്വീകരിച്ചവര്‍ക്ക് സ്വീകരിക്കാത്തവരെപ്പോലെ അപകടാവസ്ഥ ഉണ്ടാവുന്നില്ലെന്നും ഡോ.മസ്ലമാനി വിശദീകരിച്ചു. ഇഹ്തിറാസ് ആപ്പില്‍ രണ്ടാം ഡോസെടുത്ത് കൃത്യം 12 മാസം പൂര്‍ത്തിയാവുമ്പോള്‍ ഗോള്‍ഡെന്‍ ഫ്രെയിം അപ്രത്യക്ഷമാവും. വ്യക്തിക്ക് സ്വയവും സമൂഹത്തിനിടയില്‍ നിന്നും വൈറസ് ബാധയില്‍ നിന്ന് രക്ഷനേടാനാവശ്യമായ ആന്റിബോഡി തീര്‍ന്നു എന്നതാണെന്നും അദ്ദേഹം ഖത്തര്‍ ടി.വി (Qatar TV)യുമായി സംസാരിക്കവെ വ്യക്തമാക്കി.