
ദോഹ: ഫിഫ ലോകകപ്പ് ആതിഥേയത്വത്തിനായി ഖത്തറിനെ തെരഞ്ഞെടുത്തതു മുതല്‍ അസാധാരണമായൊരു ലോകകപ്പായിരിക്കും ഖത്തര്‍ സംഘടിപ്പിക്കുകയെന്നതില് എല്ലാവര്ക്കും വലിയ ആത്മവിശ്വാസമുണ്ടെന്ന് ഒമാനി ദേശീയ ഫുട്ബോള്‍ ടീം ഗോള്‍കീപ്പര്‍ അലി അല്‍ഹബ്സി.
ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സൂം പ്ലാറ്റ്ഫോമില്‍ സംഘടിപ്പിച്ച മാധ്യമ സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ ഈജിപ്ഷ്യന്‍ ദേശീയ ഫുട്ബോള്‍ ടീം താരം വയേല് ഗൊമായും പങ്കെടുത്തു. ഖത്തര്‍ ലോകകപ്പിനായി സജ്ജമാകുന്ന മൂന്നാം വേദിയായ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം തുറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്തരമൊരു യോഗം സംഘടിപ്പിച്ചത്. സുപ്രീംകമ്മിറ്റിയുടെ അംബാസഡര്‍മാര്‍ കൂടിയാണ് ഇരുവരും. സാമ്പത്തിക രംഗത്ത് ഖത്തറിന്റെ മികവ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ രാജ്യത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും എല്ലാവര്ക്കും സാഹചര്യങ്ങള്‍ അറിയാമെന്നും അല്‍ഹബ്സി പറഞ്ഞു. ലോകകപ്പിന്റെ ഒരുക്കങ്ങളില്‍ ഖത്തര്‍ കൈവരിച്ച വേഗത വലിയ പ്രശംസ അര്‍ഹിക്കുന്നു.
ഖത്തര്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് അറബ് രാജ്യങ്ങള്‍ക്ക് മറ്റ് എഡീഷനുകള്ക്ക് ആതിഥേയത്വം വഹിക്കാനുള്ള വഴിതുറക്കുമെന്ന് അലി അല്‍ഹബ്സി സൂചിപ്പിച്ചു. 2022ല്‍ ഈ ടൂര്‍ണമെന്റിന്റെ വിജയത്തിന് ശേഷം മറ്റൊരു അറബ് രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിച്ചാല്‍ എല്ലാവരും സന്തോഷിക്കും. ഖത്തര്‍ ലോകകപ്പിനെത്തുടര്‍ന്ന് അറബ് രാജ്യങ്ങള്‍ക്ക് മറ്റൊരു ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയെന്നത് എളുപ്പമാകും. 2022 ലോകകപ്പിന്റെ അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും അല്‍ഹബ്സി പറഞ്ഞു. ലോകകപ്പിനായുള്ള ഖത്തറിന്റെ ഒരുക്കങ്ങളും തയാറെടുപ്പുകളും ലോകം മുഴുവന്‍ വീക്ഷിച്ചുകൊണ്ടിയിരിക്കുകയാണെന്ന് വയേല് ഗൊമാ ചൂണ്ടിക്കാട്ടി. മത്സരങ്ങളുടെ കാര്യം മാത്രമല്ല ഫുട്ബോള്‍ ആസ്വാദകരുടെ സുഖസൗകര്യങ്ങള്‍ക്കും ഖത്തര്‍ വലിയ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
ചൂടും ജനക്കൂട്ടവും ഖത്തര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് താന്‍ ആശ്ചര്യപ്പെട്ടിരുന്നുവെന്നും മികച്ച ഉപകരണങ്ങളും സംഘാടനവും കണ്ടപ്പോള്‍ ലോകകപ്പിന്റെ അതിശയകരമായ പതിപ്പ് ഖത്തര്‍ സംഘടിപ്പിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണെന്നും ഗൊമാ പറഞ്ഞു.