Friday, November 27ESTD 1934

ഖത്തര്‍ ലോകകപ്പ്: കിക്കോഫിന് ഇനി രണ്ടുവര്‍ഷം മാത്രം, ഒരുക്കങ്ങള്‍ 90ശതമാനവും പൂര്‍ത്തിയായി

ആര്‍.റിന്‍സ്

ദോഹ

മിഡില്‍ഈസ്റ്റ് അറബ് മേഖലയിലേക്ക് ആദ്യമായെത്തുന്ന ഫിഫ ലോകകപ്പിന്റെ കിക്കോഫിന് ഇനി കൃത്യം രണ്ടുവര്‍ഷം. 2022 ഫിഫ ലോകകപ്പിനായുള്ള കൗണ്ട്ഡൗണ്‍ പുരോഗമിക്കുകയാണ്. ഖത്തര്‍ ലോകകപ്പില്‍ പന്തുരുളാന്‍ ഇനി 730 ദിവസങ്ങള്‍ മാത്രം. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഫിഫ ലോകകപ്പ് നടക്കുന്നത്. ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങള്‍ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയില്‍ പുരോഗമിക്കുന്നു. മൂന്നു സ്‌റ്റേഡിയങ്ങള്‍ പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഫിഫയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കോംപാക്റ്റ് ലോകകപ്പായിരിക്കും ഖത്തറിലേത്. കാണികള്‍ക്ക് ഒരുദിവസം ഒന്നിലധികം മത്സരങ്ങള്‍ കാണാനുള്ള അവസരമുണ്ടാകും. അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ 90ശതമാനം പൂര്‍ത്തിയായി. ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അല്‍ജനൂബ് സ്റ്റേഡിയം, എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവ ഉദ്ഘാടനം ചെയ്തു. അല്‍റയ്യാന്‍, അല്‍ബയ്ത്ത്, അല്‍തുമാമ സ്‌റ്റേഡിയങ്ങള്‍ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. അവശേഷിക്കുന്ന റാസ് അബുഅബൗദ്, ലൂസൈല്‍ സ്‌റ്റേഡിയങ്ങളുടെ പ്രധാന പ്രവര്‍ത്തികള്‍ 2021ല്‍ പൂര്‍ത്തിയാകും. രാജ്യത്തിന്റെ തയാറെടുപ്പുകള്‍ എത്രത്തോളം പുരോഗമിച്ചുവെന്ന് അടുത്തിടെ നടത്തിയ ദോഹ സന്ദര്‍ശനത്തില്‍ നേരിട്ടുകണ്ടുമനസിലാക്കാനായെന്നും ഇന്‍ഫന്റിനോ പറഞ്ഞു. ഖത്തര്‍ 2022ലേക്ക് ആത്മവിശ്വാസത്തോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കൈവരിച്ച പുരോഗതിയില്‍ വളരെയധികം അഭിമാനമുണ്ടെന്ന് സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി പറഞ്ഞു.

ഖത്തറിലേത് ഏറ്റവും ഒതുക്കമുള്ള ലോകകപ്പ്

ആധുനിക കാലഘട്ടത്തില്‍ ഏറ്റവും ഒതുക്കമുള്ള ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനാണ് ഖത്തര്‍ ഒരുങ്ങുന്നത്. ആസ്വാദകര്‍, കളിക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്‌റ്റേഡിയത്തില്‍നിന്നോ പരിശീലനസൈറ്റില്‍നിന്നോ ഫാന്‍സോണില്‍നിന്നോ ഒരിക്കലും അകലെയല്ല. ടൂര്‍ണമെന്റ് വേദികള്‍ തമ്മിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ദൂരം കേവലം 55 കിലോമീറ്റര്‍ മാത്രമാണ്. അല്‍ബയ്ത്ത് സ്‌റ്റേഡിയത്തിനും അല്‍ജനൂബ് സ്‌റ്റേഡിയത്തിനുമിടയിലെ ദൂരമാണ് 75 കിലോമീറ്റര്‍. സ്്‌റ്റേഡിയങ്ങള്‍ക്കിടയിലെ കുറഞ്ഞ ദൂരം അഞ്ചുകിലോമീറ്ററാണ്. റയ്യാന്‍ സ്‌റ്റേഡിയത്തിനും എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിനുമിടയിലെ ദൂരമാണ് അഞ്ചു കിലോമീറ്റര്‍. അതായത് ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് ലോകകപ്പിന്റെ പ്രാരംഭ ഘട്ടത്തില്‍ ഒരുദിവസം രണ്ടു മത്സരങ്ങള്‍ കാണാനാകും. കളിക്കാര്‍ക്ക് ഒരു വിമാനത്താവളത്തില്‍ മാത്രമിറങ്ങിയാല്‍ മതിയാകും. ആഭ്യന്തര വിമാന സര്‍വീസുകളുടെ ആവശ്യമുദിക്കുന്നില്ല. ഒരു ഹോട്ടലില്‍ മാത്രം താമസിച്ചാല്‍ മതിയാകും. കൂടുതല്‍ സമയം യാത്ര ചെയ്യേണ്ടതില്ല. ടൂര്‍ണമെന്റിലുടനീളം മികച്ച ശാരീരികക്ഷമത നിലനിര്‍ത്താന്‍ ഇതു കളിക്കാരെ സഹായിക്കുന്നു. സ്‌റ്റേഡിയങ്ങള്‍ക്കിടയിലെ പരമാവധി യാത്രാസമയം ഒരു മണിക്കൂറാണ്. 60,000 ഇരിപ്പിടശേഷിയുള്ള അല്‍ബയ്ത്ത് സ്റ്റേഡിയത്തിലാണ് ലോകപ്പിന്റെ കിക്കോഫ്. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. 80,000 ആണ് ഈ സ്‌റ്റേഡിയത്തിന്റെ ഇരിപ്പിടശേഷി. ലോകകപ്പിനുശേഷം 1.70 ലക്ഷം സീറ്റുകള്‍ ഖത്തര്‍ സംഭാവനയായി നല്‍കും. ഫിഫ ലോകകപ്പിനായി 15 ലക്ഷത്തിലധികം ആസ്വാദകര്‍ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റേഡിയങ്ങളുടെയും പരിശീലന കേന്ദ്രങ്ങളുടെയും ആകെ ബജറ്റ് 6.5 ബില്യണ്‍ ഡോളറാണ്. ആസ്വാദകര്‍ക്കായി 70,000 റൂമുകള്‍ ലഭ്യമായിരിക്കും.

error: Content is protected !!