ദോഹ: ഖത്തറും, അറബ് മേഖലയും അഭിമാനത്തോടെ വേദിയാവുന്ന വിശ്വ കാല്പന്തുമേളയെ എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ സ്റ്റാമ്പിലൂടെ ആരാധകര്‍ക്ക് ആരാധകര്‍ക്ക് അവസരമൊരുക്കി ഖത്തര്‍ പോസ്റ്റ്. ഖത്തര്‍ 2022 ഫിഫ ലോകകപ്പിന് വേദിയാവുന്ന എട്ട് സ്റ്റേഡിയങ്ങളുടെയും ചിത്രങ്ങളടങ്ങിയ സ്റ്റാമ്പാണ് ക്യു.പോസ്റ്റ് പുറത്തിറക്കിയത്. ലോകകപ്പിന്റെ സംഘാടകരായ ‘ഫിഫ’യുമായി കരാറില്‍ ഒപ്പുവെച്ചതിനു പിന്നാലെയാണ് എട്ട് സ്റ്റേഡിയങ്ങളുടെ സ്റ്റാമ്പുകള്‍ ക്യൂ പോസ്റ്റ് പുറത്തിറക്കിയതെന്ന് ഖത്തര്‍ ലോക കപ്പ് സംഘാടക സമിതി അറിയിച്ചു.
ഫിഫ പ്രതിനിധികള്‍, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അംഗങ്ങള്‍, ക്യൂ.പോസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ലോകകപ്പ് സ്റ്റേഡിയം സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്. 28 റിയാലിന് സ്റ്റാമ്പുകള്‍ പൊതുജനങ്ങള്‍ക്ക് വൈകാതെ തന്നെ ലഭ്യമായി തുടങ്ങും. ആദ്യ ഘട്ടത്തില്‍ 20,000 കോപ്പികളാണ് പ്രിന്റ് ചെയ്തത്. 2000 എന്‍വലപ്, 3000 പോസ്റ്റ് കാര്‍ഡ്, 2000 ഫോള്‍ഡര്‍ എന്നിവയും തയ്യറാക്കിയിട്ടുണ്ട്.
ഖത്തറിന്റെ സംസ്കാരവും പൈതൃകവും വെളിപ്പെടുത്തുന്ന രൂപകല്പനയോടെയാണ് ലോകകപ്പ് സ്റ്റാമ്പുകള്‍ തയ്യാറാക്കിയതെന്ന് ക്യു.പോസ്റ്റ്് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഫാലിഹ് അല്‍നഈമി പറഞ്ഞു.

ലോകകപ്പിലേക്ക് ദിനങ്ങള്‍ അടുക്കവെ, ചരിത്ര പോരാട്ടത്തിന്റെ സുപ്രധാന നിമിഷങ്ങളെല്ലാം ഖത്തര്‍ പോസ്റ്റ് സ്റ്റാമ്പിലൂടെ ആരാധകരിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പ് ഖത്തര്‍ ഭൂപടവും ലോകകപ്പിന്റെ ലോഗോയും ക്യൂ. പോസ്റ്റ് സ്റ്റാമ്പായി ് പുറത്തിറക്കിയിരുന്നു.