
ദോഹ: ഫെബ്രുവരി നാലു മുതല്‍ പതിനൊന്ന് വരെ ദോഹയില്‍ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിനായി ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയങ്ങള്‍ സജ്ജമായി. 2022ല്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ മത്സരവേദികളായ റയ്യാനിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം, ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ക്ലബ്ബ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ലോകത്തിലെ മുന്‍നിര ഫുട്ബോള്‍ ക്ലബ്ബുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തുന്നത്. ആകെ ഏഴു മത്സരങ്ങളാണുള്ളത്.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലാണ് നിശ്ചയിച്ചതിനേക്കാള്‍ രണ്ടുമാസം താമസിച്ച് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. കോവിഡ് ക്വാറന്റൈന് ആവശ്യകതകളെത്തുടര്ന്ന് ന്യൂസിലന്റിന്റെ ഓക്ലാന്‍ഡ് സിറ്റി പിന്മാറിയതോടെ ഖത്തര്‍ ക്ലബ്ബായ അല്‍ദുഹൈല്‍ നേരിട്ട് രണ്ടാംറൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഫിഫ ലോകകപ്പിനു മുന്‍പായി രണ്ടു മത്സരവേദികള്‍ എത്രത്തോളം സജ്ജമായിട്ടുണ്ടെന്ന് മനസിലാക്കാന്‍ ക്ലബ്ബ് ലോകകപ്പിലൂടെ സാധിക്കും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 18ന് ഖത്തര്‍ ദേശീയദിനത്തില്‍ അല്‍സദ്ദും അല്അറബിയും തമ്മിലുള്ള 48-ാമത് അമീര്‍ കപ്പ് ഫൈനലോടെയാണ് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.
ഏറ്റവും ഒതുക്കമുള്ള ലോകകപ്പെന്ന ഖത്തറിന്റെ വാഗ്ദാനം പ്രതിഫലിപ്പിക്കുന്നതായിരിക്കും ഇപ്പോള്‍ നടക്കുന്ന ക്ലബ്ബ് ലോകകപ്പും. അഹമ്മദ് ബിന്‍ അലി, എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയങ്ങള്‍ വളരെ അടുത്താണ്. യാത്രാസമയം വളരെയധികം കുറക്കാനാകും. രാജ്യത്തുടനീളമുള്ള താമസ, വിനോദസഞ്ചാര സൗകര്യങ്ങളും അടുത്തടുത്താണ്. ദോഹ മെട്രോയിലൂടെ രണ്ടു സ്റ്റേഡിയങ്ങളിലേക്കും സുഗമമായി എത്താനാകും. മെട്രോയുടെ ഗ്രീന്‍ലൈനില്‍ സ്റ്റേഷനുകളില്‍ നിന്നും സ്റ്റേഡിയങ്ങളിലേക്കു നടക്കാവുന്ന ദൂരം മാത്രമാണുള്ളത്.