
ദോഹ: പരിസ്ഥിതി സൗഹൃദ ലോകകപ്പ് ടൂര്‍ണമെന്റ് ഒരുക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത ചര്‍ച്ച ചെയ്ത് ജൊസൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വെബിനാര്‍. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 പരിസ്ഥിതി സൗഹൃദ സുസ്ഥിരത എന്ന തലക്കെട്ടിലായിരുന്നു വെബിനാല്‍ സംഘടിപ്പിച്ചത്. സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സുസ്ഥിര- പരിസ്ഥിതി വിഭാഗം സീനിയര്‍ മാനേജര്‍ എന്‍ജിനിയര്‍ ബദര്‍ അല്‍ മീര്‍, ഫിഫയുടെ സീനിയര്‍ സസ്റ്റൈനബിലിറ്റി മാനേജര്‍ മദ്‌ലീന്‍ നോറിഷ്, ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ട്രസ്റ്റിന്റെ ഗ്ലോബല്‍ സസ്‌റ്റൈനബിലിറ്റി അസസ്‌മെന്റ് സിസ്റ്റം ഡയറക്ടര്‍ ഡോ. എയ്മന്‍ എലിസ്‌കന്തരാന്നി, ഖത്തര്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ ടെക്‌നിക്കല്‍ സ്‌പെഷ്യലിസ്റ്റ് റുബ ഹിന്നാവി തുടങ്ങിയവര്‍ വെബിനാറില്‍ പങ്കെടുത്തു.
സുപ്രിം കൗണ്‍സില്‍ സസ്റ്റൈനബിലിറ്റി ആന്റ് എന്‍വയോണ്‍മെന്റല്‍ വിദഗ്ധന്‍ ഡോ. തലാര്‍ സഹ്‌സുവരോഗ്‌ലു മോഡറേറ്ററായിരുന്നു.
ഫിഫ സംഘടിപ്പിക്കുന്ന ആദ്യത്തെ പരിസ്ഥിതി സൗഹൃദ ലോകകപ്പ് ടൂര്‍ണമെന്റായിരിക്കും ഖത്തറിലേത്. ആതിഥേയ രാജ്യമായ ഖത്തറും പ്രാദേശിക സംഘാടകരും ഫിഫയുമായി ചേര്‍ന്നാണ് പരിസ്ഥിതി സൗഹൃദ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്.
അടുത്ത ഫിഫ ലോകകപ്പിന്റെ സംഘാടകര്‍ എന്ന നിലയില്‍ സുപ്രിം കമ്മിറ്റിയുടെ കാഴ്ചപ്പാടിന്റേയും പ്രതിബദ്ധതയുടേയും പ്രധാന ഭാഗമാണ് പരിസ്ഥിതി സുസ്ഥിരതയെന്ന് അല്‍മീര്‍ പറഞ്ഞു. സമയബന്ധിതമായ ആസൂത്രണം, ആശയവിനിമയം, മികച്ച തീരുമാനങ്ങള്‍ തുടങ്ങിയവയെല്ലാം മികച്ച രീതിയില്‍ നടപ്പാക്കാനായതായും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സൗഹൃദ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിലൂടെ ഖത്തറിന്റെ അതിലോല പരിസ്ഥിതിയെ സംരക്ഷിക്കുകയും ഖത്തര്‍ ദേശീയ വീക്ഷണം 2030, യു എന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നിവയ്ക്കാവശ്യമായ നടപടികള്‍ നിര്‍വഹിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഭിലാഷ പൂര്‍ത്തീകരണമെന്നാണ് പരിസ്ഥിതി സൗഹൃദ നടപടികളെ മദ്‌ലിന്‍ നോറിഷ് വിശേഷിപ്പിച്ചത്.
സുസ്ഥിരതയ്ക്കുള്ള ഖത്തറിന്റെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ച അവര്‍ ഫിഫയില്‍ പരിസ്ഥിതി സംരക്ഷണത്തിന് തങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും അതിന് പ്രതിജ്ഞാബദ്ധരാണെന്നും പറഞ്ഞു.