
ദോഹ: ഖത്തര്‍ മെഡിക്കല്‍ സ്പെഷ്യാലിറ്റിസ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് (ഖത്തരി ബോര്‍ഡ്) തുടക്കമായി. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രൊഫഷണലുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഈ പ്രോഗ്രാം നടപ്പാക്കുന്നത്. പ്രത്യേക വിഭാഗങ്ങളില്‍ അംഗീകാരവും പരിശീലനവും നേടിയ ഡോക്ടര്‍മാര്‍ മികച്ച വൈദഗ്ധ്യം പുലര്‍ത്തുന്നവരാണെന്ന് നിശ്ചിത മാനദണ്ഡങ്ങളിലൂടെ ഉറപ്പാക്കും. ഇതിലൂടെ രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ പുതിയ പ്രോഗ്രാം ഗുണകരമാകും.
ഖത്തരി ബോര്‍ഡില്‍ ജൂലൈ മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കാനാണ് തീരുമാനമെന്ന് മന്ത്രാലയത്തിലെ ഹെല്‍ത്കെയര്‍ പ്രൊഫഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ.സഅദ് അല്‍ കഅബി പറഞ്ഞു.
ബോര്‍ഡിനെക്കുറിച്ചും രജിസ്ട്രേഷന്‍ രീതികളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ വരും ആഴ്ചകളില്‍ പ്രഖ്യാപിക്കും. ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷന്‍ കാര്യങ്ങളില്‍ ഖത്തര്‍ ആസ്ഥാനമായുള്ള അക്കാദമിക്, ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും ഡോ. സാദ് പറഞ്ഞു.