
ദോഹ: സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും നന്‍മയുടെയും സന്ദേശവുമായി ഖത്തര്‍ മലയാളികളും തിരുവോണം ആഘോഷിച്ചു. ഒത്തുചേരലിന്റെയും ഓര്‍മപ്പെടുത്തലിന്റെയും സന്ദേശം കൂടിയായ ഈ ആഘോഷത്തില്‍ മലയാളികളോടൊപ്പം മറ്റു രാജ്യങ്ങളിലുള്ളവരും പങ്കാളികളായി.
നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെയായിരുന്നു പരിപാടികള്‍. കേരളീയ വസ്ത്രമണിഞ്ഞ സ്തീപുരുഷന്മാരും കുട്ടികളും പൂക്കളമൊരുക്കിയും വിഭവസമൃദ്ധമായ സദ്യയൊരുക്കി സമൃദ്ധമായി കൊണ്ടാടി. തിരുവോണത്തലേന്ന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. വാഴയിലയടക്കം സകലതും ഇവിടങ്ങളില്‍ ലഭ്യമായിരുന്നു. നാടന്‍ വാഴയിലകള്‍ക്ക് പുറമെ പ്ലാസ്റ്റിക് ഇലകളും വിപണികളില്‍ ലഭ്യമായിരുന്നു. മലയാളി കുടുംബങ്ങളെ ലക്ഷ്യമിട്ട് നാടന്‍ പച്ചക്കറികളും ഉപ്പേരിക്കുള്ള പച്ചക്കായയും കസവ് വസ്ത്രങ്ങളും വിപണികളില്‍ നിറഞ്ഞു. ഫ്‌ളാറ്റിന്റെ ഇത്തിരി വട്ടങ്ങളിലാണങ്കിലും നിറങ്ങള്‍ ചേര്‍ത്ത ഉപ്പുകൊണ്ട് പൂക്കളം തീര്‍ത്തും സദ്യവട്ടങ്ങളൊരുക്കിയും കസവ് വസ്ത്രങ്ങള്‍ അണിഞ്ഞും മലയാളത്തനിമയില്‍ ഖത്തറിലെ മലയാളികള്‍ ഓണത്തെ ആഘോഷമാക്കി. റെസ്‌റ്റോറന്റുകള്‍ മുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വരെ ഇന്‍സ്റ്റന്റ് ഓണസദ്യകള്‍ റെഡിയാക്കിയിരുന്നു.
ബാച്‌ലര്‍മാര്‍ റസ്റ്ററന്റുകളില്‍ നിന്നാണ് സദ്യ വാങ്ങിയത്. നാലോളം പായസവും 25ലേറെ കറികളുമായുള്ള സദ്യക്ക് 25 റിയാല്‍ മുതലായിരുന്നു വില. കോവിഡിന്റെ സാഹചര്യത്തില്‍ പ്രവാസി മലയാളി കൂട്ടായ്മകളും സംഘടനകളും ഓണ്‍ലൈനിലൂടെയാണ് ആഘോഷങ്ങള്‍ ഒരുക്കിയത്. ഓണപ്പൊട്ടനും പുലികളിയുമില്ലെങ്കിലും ഓണക്കോടിയുടുത്തും ഓണസദ്യയൊരുക്കിയും ആഘോഷപൂര്‍വം തിരുവോണത്തെ ഖത്തര്‍ മലയാളികളും ആഘോഷമാക്കി.