in

ഖത്തരി പദ്ധതികളില്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന

ഖത്തര്‍ ചേംബറുമായി സഹകരിച്ച് അശ്ഗാല്‍ സംഘടിപ്പിച്ച ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്

ദോഹ: ഖത്തറിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഖത്തറിലെ കെട്ടിടങ്ങളിലും അടിസ്ഥാന സൗകര്യവികസന പദ്ധതികളിലും ഉപയോഗിക്കുന്ന തദ്ദേശീയ ഉത്പന്നങ്ങളുടെ മൂല്യം 25.6 ബില്യണ്‍ റിയാലിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ പ്രസിഡന്റ് സഅദ് ബിന്‍ അഹമ്മദ് അല്‍മുഹന്നദിയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രാദേശിക ഉത്പാദകരെയും കമ്പനികളെയും പിന്തുണക്കുന്നതിനായി ഖത്തര്‍ ചേംബറുമായി സഹകരിച്ച് അശ്ഗാല്‍ സംഘടിപ്പിച്ച ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരുന്നു ഫോറം. ഖത്തറിലെ വിവിധ പദ്ധതികള്‍ക്കായി തദ്ദേശീയ ഉത്പന്നങ്ങളെ ആശ്രയിച്ചത് 2016ല്‍ 38 ശതമാനമായിരുന്നത് 2020ല്‍ 70 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ നിന്നും കെട്ടിട ബജറ്റുകളില്‍ നിന്നുമായി ഏകദേശം 20 ബില്യണ്‍ റിയാലിന്റെ നേട്ടമാണ് പ്രാദേശിക വിപണിക്കുണ്ടായതെന്നും അല്‍മുഹന്നദി പറഞ്ഞു. പദ്ധതി നടപ്പാക്കലിന്റെ എല്ലാ ഘട്ടങ്ങളിലും ഖത്തരി ഉത്പാദകരെ ഉള്‍പ്പെടുത്താന്‍ അശ്ഗാല്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മിക്ക പദ്ധതികളിലും പ്രാദേശിക ഉത്പാദകരെയും പ്രാദേശിക സാമഗ്രികളെയും ആശ്രയിക്കുന്നുണ്ട്. പ്രാദേശിക ഉത്പന്നങ്ങളെ കൂടുതലായി ആശ്രയിക്കുന്നതിലൂടെ ദേശീയ വ്യവസായത്തിന്റെ മത്സരശേഷി വര്‍ധിപ്പിക്കല്‍, നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവത്കരിക്കല്‍ എന്നിവയാണ് ലക്ഷ്യമിടുന്നത്. പ്രാദേശിക ഉത്പാദകര്‍ക്കുള്ള പിന്തുണ തുടരും തല്‍ഫലമായി ആഗോളതലത്തില്‍ ആരോഗ്യകരമായ മത്സരങ്ങളിലേര്‍പ്പെടാന്‍ ഇവര്‍ക്കു സാധിക്കുമെന്നും അല്‍മുഹന്നദി പറഞ്ഞു. പദ്ധതികളില്‍ പ്രാദേശിക ഉത്പന്നങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം നിലവില്‍ ഇറക്കുമതി ചെയ്യുന്നവ തദ്ദേശീയമായി ഉത്പാദിപ്പിക്കാന്‍ വിപണിയെ പ്രോത്സാഹിപ്പിക്കാനും താല്‍പര്യപ്പെടുന്നതായി അശ്ഗാല്‍ പദ്ധതി കാര്യ വകുപ്പ് ഡയറക്ടര്‍ യൂസുഫ് അല്‍ഇമാദി പറഞ്ഞു. 2021നും 2025നും ഇടയില്‍ അശ്ഗാലിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കാവശ്യമായ ഉത്പന്നങ്ങളുടെ ആകെ മൂല്യം ഏകദേശം 32 ബില്ല്യണ്‍ റിയാലാണെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ഇറക്കുമതി ചെയ്യുന്നവ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നതിലൂടെ പ്രാദേശിക ഫാക്ടറികള്‍ക്കും നിക്ഷേപകര്‍ക്കും 7.5 ബില്യണ്‍ റിയാലിന്റെ അധികമൂല്യം സ്വന്തമാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാന്‍ഹോള്‍ കവറുകള്‍, ഡിഐ പൈപ്പുകള്‍, അലങ്കാര സ്ട്രീറ്റ് ലൈറ്റ് പോളുകള്‍, പമ്പുകള്‍, വാല്‍വുകള്‍, സ്റ്റീല്‍ സ്ട്രാന്റുകള്‍, ജിയോടെക്‌സ്‌റ്റൈല്‍സ്, വാട്ടര്‍പ്രൂഫ് മെംബ്രൈന്‍, ബാരിയറുകള്‍, ട്രാഫിക് കണ്‍ട്രോള്‍ ഉപകരണങ്ങള്‍ എന്നിവയെല്ലാം തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നതിലൂടെ ഇറക്കുമതിയിലെ ആശ്രയത്വം കുറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു വര്‍ഷത്തിനിടെ നടപ്പാക്കിയത് 51 കെട്ടിട പദ്ധതികള്‍

ദോഹ: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 51 കെട്ടിട പദ്ധതികളാണ് അശ്ഗാല്‍ നടപ്പാക്കിയത്. ഈ പദ്ധതികള്‍ക്കായി ചെലവഴിച്ചത് 6.1 ബില്യണ്‍ ഖത്തര്‍ റിയാല്‍. ഈ പദ്ധതികളില്‍ ഉപയോഗിച്ച ഉത്പന്നങ്ങളുടെ 70 ശതമാനവും പ്രാദേശിക വിപണിയില്‍ നിന്നാണ് ശേഖരിച്ചതെന്ന് അശ്ഗാല്‍ പദ്ധതി കാര്യ വകുപ്പ് ഡയറക്ടര്‍ യൂസുഫ് അല്‍ഇമാദി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 43 കെട്ടിട പദ്ധതികള്‍ നടപ്പാക്കാന്‍ അശ്ഗാല്‍ പദ്ധതിയിടുന്നതായും അദ്ദേഹം വെളിപ്പെടുത്തി. പ്രാദേശിക വിപണിയില്‍ നിര്‍മ്മിക്കാത്ത എലിവേറ്ററുകള്‍, വാതിലുകള്‍, സെറാമിക് ടൈലുകള്‍, ഫ്‌ളോറുകള്‍, അഗ്‌നിശമന സംവിധാനങ്ങള്‍, ഗ്ലാസ്, കെട്ടിടങ്ങള്‍ക്കുള്ള മറ്റ് അടിസ്ഥാന വസ്തുക്കള്‍ എന്നിവയ്ക്കായി ഫാക്ടറികള്‍ സ്ഥാപിച്ച് ഈ പദ്ധതികളില്‍ നിന്ന് പ്രയോജനം നേടാന്‍ അദ്ദേഹം പ്രാദേശിക ഫാക്ടറികളോട് ആവശ്യപ്പെട്ടു. 2016ലെ അശ്ഗാലിന്റെ അടിസ്ഥാനസൗകര്യവികസന പദ്ധതികളിലെ പ്രാദേശിക വസ്തുക്കളുടെ മൂല്യം രണ്ടു ബില്യണ്‍ റിയാലായിരുന്നത് 2017ല്‍ 2.5 ബില്യണ്‍, 2018ല്‍ മൂന്നു ബില്യണ്‍, 2019ല്‍ അഞ്ചു ബില്ല്യണ്‍, 2020ന്റെ ആദ്യ എട്ട് മാസങ്ങളില്‍ ആറു ബില്യണ്‍ റിയാല്‍ എന്നിങ്ങനെ പ്രതിവര്‍ഷം വര്‍ധിക്കുന്നുണ്ട്.
ഈ വര്‍ഷം ജൂലൈയില്‍ അശ്ഗാല്‍ ഒപ്പുവെച്ച പദ്ധതികളുടെ മൂല്യം 3.6 ബില്യണ്‍ റിയാലാണ്. ഈ പദ്ധതികള്‍ പ്രാദേശിക നിര്‍മ്മാതാക്കള്‍ക്ക് 1.35 ബില്യണ്‍ റിയാലിന്റെ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അല്‍ഇമാദി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ ഉപരോധം: ആഴ്ചകള്‍ക്കുള്ളില്‍ പരിഹാരമുണ്ടായേക്കുമെന്ന് യു എസ് നയതന്ത്രജ്ഞന്‍

ഐസിബിഎഫ് ദീര്‍ഘകാല സേവനത്തിനുള്ള പുരസ്‌കാരം ഹബീബുന്നബിക്ക്‌