in

കോവിഡിനെതിരായ പോരാട്ടത്തില്‍ അഭിമാനമായി ഈ ഖത്തരി വനിതകള്‍

ലുലുവ റാഷിദ് അല്‍ഖാതിര്‍, ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരി, ഡോ. മുന അല്‍മസ്‌ലമാനി, ഡോ. ഹനാദി അല്‍ഹമദ്, ഡോ. ജമീല അല്‍അജ്മി

ആര്‍ റിന്‍സ്
ദോഹ

രാജ്യം ഒറ്റക്കെട്ടായി കോവിഡിനെ നേരിടുകയും പ്രതിരോധിക്കുകയും ചെയ്യുമ്പോള്‍ മുന്‍നിരയില്‍ നേതൃത്വം നല്‍കുകന്ന ഖത്തരി വനിതാ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഒരുപറ്റം ഖത്തരി വനിതകളാണ്. കോവിഡിനെ പ്രതിരോധിക്കാനുള്ള ദേശീയ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി വിവിധ തസ്തികകളിലിരുന്നുകൊണ്ട് സ്്്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ വനിതകള്‍ കാഴ്ചവെക്കുന്നതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന നിരവധി ഖത്തരി വനിതാ കേഡര്‍മാര്‍ രാജ്യത്തുണ്ട്.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പ്രധാന മെഡിക്കല്‍ സ്‌പെഷ്യലൈസനേഷനുകളിലെ ലീഡേഴ്‌സ് എന്നിവരെല്ലാം വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഗുണപരമായ പിന്തുണയാണ് നല്‍കിയത്. ഈ ശ്രമങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നത് പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരിയാണ്. 2016ല്‍ ആരോഗ്യ മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനു മുന്‍പ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ജനറല്‍ പദവിയിലായിരുന്നു അവര്‍. കോവിഡിനെ ചെറുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന വനിതാ നേതാക്കളിലൊരാളാണ് ദുരന്തനിവാരണ സുപ്രീംകമ്മിറ്റി വക്താവും വിദേശകാര്യ സഹ മന്ത്രിയുമായ ലുലുവ റാഷിദ് അല്‍ഖാതിര്‍. കോവിഡിനെ നേരിടാനുള്ള ഖത്തറിലെ വനിതാനേതാക്കളുടെ ശ്രമം തുല്യതയില്ലാത്തതാണ്. എല്ലാ വെല്ലുവിളികളെയും അതിജീവിക്കാനുള്ള ശേഷി ഖത്തരി വനിതകള്‍ എല്ലായിപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കമ്യൂണക്കിബിള്‍ ഡിസീസ് സെന്റര്‍(സിഡിസി) മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍മസ്‌ലമാനി പറഞ്ഞു. വനിതകള്‍ക്ക് ലഭിച്ച സാമൂഹികവും വിദ്യാഭ്യാസ പരവുമായ പരിശീലനമാണ് അവരെ ഇതിന് പ്രാപ്തമാക്കുന്നതെന്നും അവര്‍ പറഞ്ഞു. നിരവധി ഖത്തരികളാണ് സിഡിസിയില്‍ പ്രവര്‍ത്തിക്കുന്നത് കോവിഡിനെ നേരിടാനുള്ള ശ്രമങ്ങള്‍ക്ക് ഇവരെല്ലാം സംഭാവന നല്‍കുന്നുണ്ടെന്നും ഭരണനേതൃത്വത്തില്‍നിന്നും ലഭിക്കുന്ന പിന്തുണയാണ് മികവിന് കാരണമെന്നും ഡോ. അല്‍മസ്‌ലമാനി പറഞ്ഞു.
കോവിഡ് പ്രായമേറിയവര്‍ക്ക് ആരോഗ്യസഹായം ലഭ്യമാക്കുന്നതിനായി നിരവധി പുതിയ പരിഹാരങ്ങള്‍ ഉയര്‍ത്തിക്കാട്ടിയതായി റുമൈല ആസ്പത്രിയുടെയും ഖത്തര്‍ റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും മെഡിക്കല്‍ ഡയറക്ടറായ ഡോ. ഹനാദി അല്‍ഹമദ് പറഞ്ഞു. തങ്ങളുടെ രാജ്യത്തിന്റെ മുന്നേറ്റത്തിനായി ത്യാഗം ചെയ്യാനും സാധ്യമായതെല്ലാം ചെയ്യാനുമുള്ള ശേഷി ഖത്തരി സ്ത്രീകള്‍ കാലങ്ങളായി തെളിയിച്ചിട്ടുണ്ടെന്ന് എച്ച്എംസിയിലെ കോര്‍പ്പറേറ്റ് ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ജമീല അല്‍അജ്മി പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ എച്ച്എംസി ലബോറട്ടറികളിലെ ഫിസിഷ്യന്‍സും ലാബ് സ്‌പെഷ്യലിസ്റ്റുകളും അടങ്ങിയ ഖത്തരി വനിതകള്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നും അവര്‍ മികവ് പുലര്‍ത്തുന്നുവെന്നും ലബോറട്ടറി മെഡിസിന്‍ പതോളജി വിഭാഗം ചെയര്‍ ഡോ. ഇനാസ് അല്‍കുവാരി പറഞ്ഞു.
കോവിഡിനെ നേരിടാനുള്ള ശ്രമങ്ങളില്‍ ഖത്തരി സ്ത്രീകള്‍ തങ്ങളുടെ പുരുഷ സഹോദരനോടൊപ്പം മുന്‍നിരയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ പ്രാവീണ്യമുള്ള നിരവധി നഴ്സുമാരെ എച്ച്എംസി ആകര്‍ഷിച്ചിട്ടുണ്ട്. എല്ലാ രോഗികള്‍ക്കും അനുകമ്പയുള്ള പരിചരണം നല്‍കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുന്നതായി എച്ച്എംസിയിലെ നഴ്സിംഗ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അസ്മ മൂസ പറഞ്ഞു. കോവിഡിനെ ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ക്ക് ഖത്തരി വനിതാ സന്നദ്ധപ്രവര്‍ത്തകരും വളരെയധികം സംഭാവന നല്‍കുന്നുണ്ട്. ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി ഉള്‍പ്പടെയുള്ള സന്നദ്ധസംഘടനകള്‍ക്കൊപ്പം ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. രാജ്യത്തെ വിവിധ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ വനിതാ സന്നദ്ധപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്.

വനിതകളുടെ ശ്രമങ്ങള്‍ക്ക് രാജ്യാന്തര പ്രശംസ
കോവിഡിനെ നേരിടുന്നതില്‍ ഖത്തരി വനിതകള്‍ വഹിക്കുന്ന പങ്ക് രാജ്യാന്തരതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുഎന്നും ഖത്തരി വനിതകളുടെ പങ്കിനെ പ്രശംസിച്ചു. മഹാമാരിക്കെതിരായ പോരാട്ടത്തിലും സമൂഹത്തെ സംരക്ഷിക്കുന്നതിലും മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ ഉയര്‍ന്ന ശതമാനം വനിതകളാണെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. കൊറോണ വൈറസിനെ നേരിടാനുള്ള ശ്രമങ്ങളില്‍ വനിതകളുടെ സംഭാവനയും ഫലപ്രദമായ പങ്കാളിത്തവും ആകസ്മികമോ താല്‍ക്കാലിക ആവശ്യത്തിന്റെ ഫലമോ അല്ല, മറിച്ച് ഖത്തര്‍ ഏറ്റെടുത്ത തന്ത്രപരമായ ആസൂത്രണത്തിന്റെ ഫലമാണ്.
ഖത്തര്‍ യൂണിവേഴ്‌സിറ്റി, എജ്യൂക്കേഷന്‍ സിറ്റിയിലെ വെയ്ല്‍ കോര്‍ണല്‍ കോളജേ് എന്നിവിടങ്ങളില്‍ മെഡിസിന്‍ കോഴ്‌സുകളിലേക്കും ഖത്തര്‍ യൂണിവേഴ്‌സിറ്റി നഴ്‌സിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കും കാര്‍ണീജ് മെലണ്‍ യൂണിവേഴ്‌സിറ്റിയിലെ നഴ്‌സിങ് കോഴ്‌സുകളിലേക്കും ഖത്തരി വനിതകളെ കൂടുതലായി ആകര്‍ഷിക്കാനാകുന്നുണ്ട്. ഖത്തറിലെ ഉ്ന്നതവിദ്യാഭ്യാസ മേഖലയില്‍ വനിതകളുടെ പങ്കാളിത്തം വര്‍ധിക്കുന്നുണ്ട്. ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ വിവിധ കോളേജുകളിലെ ആകെ ബിരുദവിദ്യാര്‍ഥികളില്‍ ബഹുഭൂരിപക്ഷവും വനിതകളാണ്. രാജ്യത്തിന്റെ തൊഴില്‍ ശക്തിയും ഖത്തരി വനിതകളുടെ പങ്കാളിത്തം വര്‍ധിച്ചു.വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യപ്രവര്‍ത്തനം എന്നീ മേഖലകളിലാണ് ഖത്തരി വനിതകള്‍ കൂടുതലായി ജോലി ചെയ്യുന്നത്.
നേതൃസ്ഥാനങ്ങളിലും ഖത്തരി വനിതകള്‍ക്ക് ശ്രദ്ധേയമായ സ്ഥാനമുണ്ട്.തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തമായ തസ്തികകളില്‍ ഖത്തരി വനിതകളുടെ പ്രാതിനിധ്യം 30 ശതമാനമാണ്. വനിതകള്‍ക്ക് മന്ത്രിപദവി നല്‍കിയ ആദ്യ ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. 2003ല്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ശൈഖ അല്‍മഹ്മൂദാണ് ഗള്‍ഫിലെ ആദ്യ വനിതാ മന്ത്രി. ഖത്തരി വനിതകള്‍ എല്ലായ്‌പ്പോഴും എല്ലാ മേഖലകളിലും തങ്ങളുടെ മൂല്യം തെളിയിച്ചിട്ടുണ്ട്. വികസനത്തിന്റെ പാതയിലും രാജ്യത്തെ മൊത്തത്തിലുള്ള നവോത്ഥാനത്തിലും ഗണ്യമായ സംഭാവന നല്‍കാന്‍ അവര്‍ക്കായിട്ടുണ്ട്. ഇക്കാര്യത്തില്‍ ഖത്തരി നേതൃത്വത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കായിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോവിഡിനെതിരായ അവരുടെ പോരാട്ടം. പല സുപ്രധാന മേഖലകളിലും ഖത്തരി വനിതകളുടെ സംഭാവന നിസ്സാരമല്ല.
ഖത്തറില്‍ വനിതകള്‍ക്ക് എല്ലാ സുപ്രധാന സ്ഥാനങ്ങളിലും സ്വാധീനം ചെലുത്താനായിട്ടുണ്ട്. കുടുംബത്തിലായാലും പ്രായോഗിക ജീവിതത്തിലായാലും ചരിത്രത്തിലുടനീളം ഖത്തരി വനിതകളുടെ പങ്ക് പ്രധാനമാണ്. എണ്ണക്കു മുമ്പുള്ള കാലഘട്ടത്തില്‍, പല കുടുംബങ്ങളുടെയും സാമ്പത്തിക സ്ഥിതിക്ക് ധാരാളം ജോലികളില്‍ വനിതകളുടെ പങ്കാളിത്തം ആവശ്യമായിരുന്നു. പ്രത്യേകിച്ചും മുത്തുവാരല്‍ സീസണില്‍. ഖത്തരി വനിതകള്‍ വിവിധ വികസന മേഖലകളില്‍ തങ്ങളുടെ ശ്രമങ്ങള്‍ തുടരുകയാണ്. ഖത്തര്‍ സമൂഹത്തില്‍ സ്ത്രീകളുടെ പങ്ക് വര്‍ധിപ്പിക്കുന്നതില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ സുപ്രധാന സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പി വി മുഹമ്മദ് സ്മാരക പ്രഥമ പുരസ്‌ക്കാരം സി കെ അബ്ദുറഹ്മാന്

മധ്യാഹ്ന വിശ്രമനിയമലംഘനം: 84 കമ്പനികളുടെ തൊഴിലിടങ്ങള്‍ പൂട്ടി