
ദോഹ: കാര്‍ഷിക സുസ്ഥിരതയിലെ ഖത്തറിന്റെ അനുഭവങ്ങള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രതിരോധം നല്‍കുകയും രാജ്യത്തിന് ഗുണകരമാകുകയും ചെയ്യുന്നതായി ഖത്തര്‍ ഫൗണ്ടേഷന്റെ വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടുവര്‍ഷമായി ഖത്തറിന് പ്രാദേശിക കാര്‍ഷിക ഉല്‍പാദനത്തില്‍ വന്‍ വളര്‍ച്ച കൈവരിക്കാനായി. വരും വര്‍ഷങ്ങളില്‍ പഴങ്ങളും പച്ചക്കറികളുടെയും ഉത്പാദനത്തില്‍ 70 ശതമാനം സ്വയംപര്യാപ്തത കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.
2017ലെ അനധികൃത ഉപരോധം ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനുള്ള ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജകമായി മാറി. എന്നാലിപ്പോള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഖത്തറിനെ അതിന്റെ പ്രതിരോധം ശക്തിപ്പെടുത്താന്‍ ഉപരോധാനന്തര ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ പ്രാപ്തമാക്കിയതായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍ ഫൗണ്ടേഷന്‍ അംഗമായ ഖത്തര്‍ ബൊട്ടാണിക് ഗാര്‍ഡനാണ് വെബിനാര്‍ സംഘടിപ്പിച്ചത്.
കോവിഡ് മഹാമാരിയോടുള്ള പ്രതികരണമെന്ന നില.ില്‍ ഖത്തരി കാര്‍ഷികമേഖലയുടെ സുസ്ഥിരത എന്ന തലക്കെട്ടിലായിരുന്നു വെബിനാര്‍. ഭക്ഷ്യ സുരക്ഷയും സ്വയംപര്യാപ്തതയും കൈവരിക്കുന്നതിനായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നടപ്പാക്കിവരുന്ന പദ്ധതികളും സംരംഭങ്ങളും വിലയിരുത്തി. ഖത്തറിന്റെ കഠിനമായ പാരിസ്ഥിതിക സാഹചര്യങ്ങള്‍ക്കിടയിലും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ നിലവാരവുമായി പൊരുത്തപ്പെടുന്നതോ മറികടക്കുന്നതോ ആയ ഉയര്‍ന്ന നിലവാരമുള്ള പ്രാദേശിക ഉത്പന്നങ്ങളുടെ ഉത്പാദനത്തില്‍ സ്വകാര്യമേഖലയുടെ പങ്കും വിജയവും ചര്‍ച്ച ചെയ്തു. ഇത്തരത്തില്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലൊന്നായ അഗ്രികോ അഗ്രികള്‍ച്ചര്‍ ഡെവലപ്‌മെന്റ് മാനേജിങ് ഡയറക്ടര്‍ നാസര്‍ അല്‍ഖലഫ് വെബിനാറില്‍ പങ്കെടുത്തു.
ജലക്ഷാമം, ഉയര്‍ന്ന താപനില, ഈര്‍പ്പം എന്നീ സ്വഭാവ സവിശേഷതകളടങ്ങിയ ഖത്തറിന്റെ കാലാവസ്ഥയെയും പരിസ്ഥിതിയെയും അതിജീവിക്കാന്‍ കഴിയുന്ന കാര്‍ഷിക സാങ്കേതികവിദ്യകള്‍ അഗ്രിക്കോ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിച്ചുള്ള കാര്‍ഷികരീതിയായ ഹൈഡ്രോപോണിക്‌സ് നടപ്പാക്കി.
ഇതോടൊപ്പം മണ്ണിന് പകരമായി തേങ്ങാ നാരുകളും ഉപയോഗിച്ചു. ഈ രീതി താപനിലയും ജലത്തിന്റെ അളവും നിയന്ത്രിക്കാനും വളം മാലിന്യങ്ങള്‍ ഒഴിവാക്കാനും സഹായകമായി. ഈ രീതിയില്‍ വര്‍ഷം മുഴുവന്‍ കാര്‍ഷികോത്പാദനം സുരക്ഷിതമായി നിര്‍വഹിക്കാനാകുന്നു. ഖത്തറില്‍ കാര്‍ഷിക സുസ്ഥിരത കൈവരിക്കുന്നതിന് സംഭാവന നല്‍കാനാകുന്നതായും അദ്ദേഹം പറഞ്ഞു. കൃഷിക്കാരെയും കര്‍ഷകഉടമകളെയും സഹായിക്കുന്നതിനും അവരുടെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സംരംഭങ്ങള്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടും മഹാസീല്‍ കമ്പനി പ്രവര്‍ത്തിക്കുന്നതായി വെബിനാറില്‍ പങ്കെടുത്ത കമ്പനി ജനറല്‍ മാനേജര്‍ മുഹമ്മദ് അലി അല്‍ഗൈതാനി പറഞ്ഞു. കൃഷിസ്ഥലങ്ങളില്‍ നിന്ന് ചന്തകളിലേക്കും സംഭരണ കേന്ദ്രങ്ങളിലേക്കും തങ്ങളുടെ വിളകള്‍ സുരക്ഷിതമായി എത്തിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതിനായി സൗജന്യമായി പ്രത്യേക ബോക്‌സുകള്‍ മഹാസീല്‍ വിതരണം ചെയ്തിട്ടുണ്ട്. വിളകള്‍ പാഴായിപ്പോകുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ട്.
വിളകള്‍ സ്വീകരിക്കുന്നതിനും മാര്‍ക്കറ്റുകളിലേക്ക് പോകുന്നതുവരെ താല്‍ക്കാലികമായി സംഭരിക്കുന്നതിനും 700 മുതല്‍ 1000 ടണ്‍ വരെ ശേഷിയുള്ള കെട്ടിടവും സജ്ജമാക്കിയിട്ടുണ്ട്. വിളകളുടെ വിതരണത്തിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബോക്‌സുകള്‍ ഓരോ ഡെലിവറിക്കുശേഷവും പ്രത്യേക യന്ത്രത്തിന്റെ സഹായത്തോടെ അണുവിമുക്തമാക്കുന്നുണ്ട്. ഉത്പന്ന മാലിന്യങ്ങള്‍ കാരണമായുണ്ടായേക്കാവുന്ന വൈറസുകളെയോ ബാക്ടീരിയകളെയോ ഇല്ലാതാക്കുന്നതിനായാണിത്.