
ദോഹ: വടക്കന്‍ സിറിയയില്‍ ഖത്തര്‍ ചാരിറ്റി നടപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ 80% പൂര്‍ത്തിയായി. തുര്‍ക്കിയിലെ പ്രാദേശിക ഓഫീസ് മുഖേന ഈ മേഖലയിലെ രാജ്യാന്തര മാനുഷിക സംഘടനകളുമായി സഹകരിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. വടക്കന്‍ സിറിയയില്‍ ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുകയെന്നതാണ് ലക്ഷ്യം.
ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (ഒസിഎച്ച്എ), വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സിറിയയിലെ പ്രധാന നഗരമായ മരിയയിലെയും സമീപപ്രദേശങ്ങളിലെയും 24,510 പേര്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പദ്ധതി സഹായകമാണ്. അലപ്പോയുടെ വടക്കന്‍ ഗ്രാമപ്രദേശങ്ങളില്‍ 2.67ലക്ഷം പേര്‍പ്പ് പരോക്ഷമായും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഗോതമ്പ് സംഭരണം, മില്ലുകള്‍ പ്രവര്‍ത്തിപ്പിക്കല്‍, കര്‍ഷകര്‍ക്ക് സാങ്കേതിക സഹായം നല്‍കല്‍, കര്‍ഷകരെ ബോധവല്‍ക്കരിക്കല്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വടക്കന്‍ സിറിയയിലെ 65 ശതമാനം ജനങ്ങളുടെയും ഉപജീവനമാര്‍ഗം കൃഷിയാണ്. ഗോതമ്പ് വിള വിത്തു മുതല്‍ റൊട്ടി വരെ പിന്തുണക്കുകയും പതിനാല് മാസത്തേക്ക് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതുമാണ് പദ്ധതി. പ്രതിദിനം 50 ടണ്‍ മാവ് ഉത്പാദനശേഷിയുള്ള പുതിയ മില്‍ വാങ്ങുന്നതിനു പുറമെ 12000 ടണ്‍ ഗോതമ്പ് സംഭരണശേഷിയുള്ള സംഭരണകേന്ദ്രവും സജ്ജമാക്കുന്നുണ്ട്. വളവും കീടനാശിനികളും അടങ്ങിയ 200 കാര്‍ഷിക കൊട്ടകള്‍ ഖത്തര്‍ ചാരിറ്റി കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ഓരോരുത്തരും പദ്ധതിയുടെ ഭാഗമായി ഒരു ഹെക്ടര്‍ ഗോതമ്പ് വിളവെടുക്കുന്നുണ്ട്. ഗോതമ്പ് കൃഷിയിടങ്ങളിലെ ജലസേചനത്തിനായി 2,78,000 ലിറ്റര്‍ ഡീസല്‍ ഗുണഭോക്താക്കള്‍ക്ക് എത്തിക്കുന്നുണ്ട്. ബോധവല്‍ക്കരണ സെഷനുകളും ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. ഖത്തര്‍ ചാരിറ്റി കര്‍ഷകര്‍ക്ക് സാങ്കേതികസഹായം ലഭ്യമാക്കുന്നുണ്ട്. സിലോസും മില്ലും കൈകാര്യം ചെയ്യുന്നതിന് സാങ്കേതിക ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നു.
മാവ് ഉത്പാദിപ്പിക്കുന്നതിനും റൊട്ടി വിതരണം ചെയ്യുന്നതിനു പുറമേ ഗോതമ്പ് സംഭരിക്കുന്നതിനാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് തുര്‍ക്കിയിലെ ഖത്തര്‍ ചാരിറ്റിയുടെ റീജിയണല്‍ ഓഫീസിലെ ഭക്ഷ്യ സുരക്ഷാ-ലൈവ്‌ലി ഹുഡ്‌സ് ഒഫീഷ്യല്‍ എന്‍ജിനിയര്‍ സക്കരിയ അല്‍മുതൈര്‍ പറഞ്ഞു.