
ദോഹ: ഖത്തര്‍ ചാരിറ്റി റമദാനില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രയോജനം 24 ലക്ഷം ജനങ്ങള്‍ക്ക് ലഭിക്കും. ഖത്തറിലും മറ്റ് 30 രാജ്യങ്ങളിലായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. 119 മില്യണ്‍ ഖത്തര്‍ റിയാലാണ് ഇതിനായി നീക്കിവെയ്ക്കുന്നത്. വിത്ത് ഗുഡ് റീഅഷ്വര്‍ എന്ന പേരില്‍ നടപ്പാക്കുന്ന കാമ്പയ്നില്‍ പാവപ്പെട്ട നിരവധി ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
ഖത്തറിനകത്തും പുറത്തുമായാണ് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ തുകയാണ് ഇത്തവണ കാമ്പയിനായി നീക്കിവെച്ചിരിക്കുന്നത്. കൊറോണ വൈറസ്(കോവിഡ്-19) മഹാമാരി മൂലമുണ്ടായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പൊതു ആരോഗ്യ- സുരക്ഷ ഉറപ്പാക്കുകയും കാമ്പയിന് സമയത്ത് മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. ഈ കാഴ്ചപ്പാടില്‍ ഖത്തറിനകത്തും പുറത്തും ഇഫ്്താര്‍ ഭക്ഷണം പ്രത്യേക ഭക്ഷ്യ പായ്ക്കറ്റുകളിലാക്കി പ്രത്യേകമായി സജ്ജമാക്കിയ നിയുക്ത വാഹനങ്ങളില്‍ വിതരണം ചെയ്യും. കൂടാതെ, ഖത്തര്‍ ഇ-ചാരിറ്റി വെബ്സൈറ്റും ആപ്ലിക്കേഷനും മറ്റ് വിവിധ ഡിജിറ്റല്‍ ഡിവൈസുകളും ദാതാക്കളെ അവരുടെ സകത്തും ചാരിറ്റിയും ഓണ്‍ലൈനില്‍ എളുപ്പത്തില്‍ അടയ്ക്കാന്‍ സഹായിക്കും. മൂന്നു സുപ്രധാന പദ്ധതികള്‍ക്കാണ് പ്രധാനമായും തുക നീക്കിവെക്കുന്നത്. ഇഫ്താര്‍ ഭക്ഷ്യ ബാസ്ക്കറ്റുകളും ഭക്ഷണവും, സക്കാത്തുല്‍ ഫിത്വര്‍, ഈദ് വസ്ത്രങ്ങള്‍ എന്നിവയാണ് പ്രധാനമായും നടപ്പാക്കുന്നത്. ഖത്തറിനകത്തും പുറത്തും കോവിഡ്-19നെ നേരിടാന്‍ പ്രത്യേക സഹായവും ഇതിലുള്‍പ്പെടും. കോവിഡ് മഹാമാരിയെ നേരിടുന്നതിനും ദുരിതബാധിതരുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിനുമായി ബന്ധപ്പെട്ട സര്‍ക്കാരുമായും പ്രാദേശിക അതോറിറ്റികളുമായും ഏകോപിപ്പിച്ച് ഖത്തറിന്റെ നിര്‍ദ്ദേശങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ചട്ടക്കൂടിനുള്ളിലാണ് റമദാന് കാമ്പയിന്. ഇത്തവണ റമദാന് പദ്ധതികളുടെ പ്രയോജനം 23,80,928 പേര്‍ക്ക് ലഭിക്കുമെന്ന് ഖത്തര്‍ ചാരിറ്റി അസിസ്റ്റന്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ മുഹമ്മദ് റാഷിദ് അല്‍കഅബി പറഞ്ഞു. ഖത്തറിനുള്ളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കായി നീക്കിവെച്ചിരിക്കുന്നത് 34,029,352 ഖത്തര്‍ റിയാലാണ്. 4,20,900 പേര്‍ക്ക് പ്രയോജനം ലഭിക്കും. അല്‍മീര കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനിയുമായി സഹകരിച്ച് ആവശ്യമുള്ളവരെ സഹായിക്കാനും ഭക്ഷ്യ ബാസ്ക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനും ലിങ്ക് തുടങ്ങും.