
ദോഹ: ഖത്തറിന്റെ സമ്പദ് വ്യവസ്ഥ 2021ല്‍ 3.4% വളര്‍ച്ച കൈവരിക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ട്. എണ്ണ ഇതര സ്വകാര്യമേഖലയെ പിന്തുണക്കുന്നതിനുള്ള ശക്തമായ സാമ്പത്തിക ഉത്തേജക പാക്കേജ് കോവിഡ് -19 മഹാമാരി മൂലമുണ്ടായ മാന്ദ്യം പരിഹരിക്കുമെന്ന് ഫോക്കസ് ഇക്കണോമിക്സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കോവിഡ് മഹാമാരിയുടെ ധനപരമായ ആഘാതം പരിഹരിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണ് രാജ്യത്തുള്ളത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം ചുരുങ്ങുമെന്നാണ് ഏറ്റവും പുതിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ലോക്ക്ഡൗണിന്റെയും യാത്രാ നിയന്ത്രണങ്ങളുടെയും മുഴുവന്‍ ഫലങ്ങളും അനുഭവപ്പെട്ടതിനാല്‍ രണ്ടാം പാദത്തില്‍ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലായി. മെയ് മുതല്‍, നിയന്ത്രണ നടപടികള്‍ ക്രമേണ ലഘൂകരിക്കപ്പെട്ടു. പക്ഷേ കുറഞ്ഞത് ഓഗസ്റ്റ് ഒന്നു വരെ അന്താരാഷ്ട്ര യാത്രകള്‍ക്ക് പരിമിതിയുണ്ട്.
ഇത ടൂറിസം, റീട്ടെയില്‍ മേഖലകളെ ബാധിക്കും. ലോക്ക്ഡൗണ്‍ ടൂറിസം മേഖലയെ തളര്‍ത്തും, അതേസമയം ഊര്‍ജ വിലയിടിവ് സര്‍ക്കാര്‍ ധനകാര്യത്തെയും ബാഹ്യ മേഖലയെയും ബാധിക്കും. എന്നിരുന്നാലും, എണ്ണ ഇതര സ്വകാര്യമേഖലയെ പിന്തുണക്കുന്നതിനുള്ള ശക്തമായ ധനപരമായ ഉത്തേജക പാക്കേജ് മാന്ദ്യം കുറക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഏപ്രിലുമായി പൊരുത്തപ്പെടുന്നവിധത്തില് മെയിലും ഉപഭോക്തൃവില 3.1 ശതമാനം ഇടിഞ്ഞു.
ആഭ്യന്തര ആവശ്യകതയിലുണ്ടായ ഇടിവുകാരണം ഉപഭോക്തൃവിലയില്‍ ഈ വര്‍ഷം ശരാശരി കുറവുണ്ടാകും. 2021ല്‍ പണപ്പെരുപ്പം ശരാശരി 1.7 ശതമാനമാണ് റിപ്പോര്‍ട്ട് കണക്കാക്കുന്നത്. വായ്പ നല്കുന്ന നിരക്ക് നിലവിലെ 2.5 ശതമാനത്തില്‍ നിന്ന് ഉയര്‍ന്ന് 2024ഓടെ 4.24 ശതമാനത്തിലെത്തും. വരുംവര്‍ഷങ്ങളിലും ഖത്തരി റിയാല്‍ 3.64 യുഎസ് ഡോളറിനു തുല്യമായി തുടരുമെന്നും റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഇറക്കുമതിയിലും കയറ്റുമതിയിലും സ്ഥിരമായ വര്‍ധനവുണ്ടാകും.
രാജ്യത്ത് നിന്നുള്ള ചരക്ക് കയറ്റുമതി 2020ല്‍ 55 ബില്യണ്‍ ഡോളറില്‍ നിന്ന് 2024ല്‍ 85.8 ബില്യണ്‍ ഡോളറായി ഉയരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചരക്ക് ഇറക്കുമതി 2020ല്‍ 28.9 ബില്യണ്‍ ഡോളറില്‍ നിന്ന് 2024ല്‍ 37.2 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. 2020ലെ ഖത്തറിന്റെ വ്യാപാര മിച്ചം 26.2 ബില്യണ്‍ ഡോളറില്‍ നിന്ന് 2024ല്‍ 48 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.