
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് അടിയന്തര മെഡിക്കല്‍ സഹായം അല്‍ബേനിയയിലെത്തിച്ചു. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ് മുഖേനയാണ് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ സഹായം എത്തിച്ചത്.
കൊറോണ വൈറസിനെ(കോവിഡ്-19) നേരിടുന്നതില്‍ അല്‍ബേനിയയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തിരാന രാജ്യാന്തര വിമാനത്താവളത്തില്‍ അല്‍ബേനിയന്‍ ആരോഗ്യ സാമൂഹ്യ പരിപാലന മന്ത്രി ഒഗെര്‍ട്ട മനസ്തിര്‍ലിയു, യൂറോപ്പ്, വിദേശകാര്യ മേഖലകളുടെ ചുമതലയുള്ള ഉപമന്ത്രി ഇത്‌ജെന്‍ ഷാഫാജ്, അല്‍ബേനിയയിലെ ഖത്തര്‍ അംബാസഡര്‍ അലി ബിന്‍ ഹമദ് അല്‍മര്‍റി എന്നിവര്‍ മെഡിക്കല്‍ സഹായം സ്വീകരിച്ചു. അല്‍ബേനിയയിലേക്ക് അടിയന്തിര ആരോഗ്യ സഹായം അയക്കാനുള്ള അമീറിന്റെ നിര്‍ദേശങ്ങളെ അല്‍ബേനിയന്‍ ആരോഗ്യമന്ത്രി അഭിനന്ദിച്ചു.
കോവിഡ് -19 പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ മെഡിക്കല്‍ ജീവനക്കാര്‍ക്കും പൊതു പൗരന്മാര്‍ക്കും ആവശ്യമായ സഹായം നല്‍കിയതിന് ഖത്തറിനോട് നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അല്‍ബേനിയക്കും അവിടത്തെ ജനങ്ങള്‍ക്കുമൊപ്പം ഖത്തര്‍ സ്ഥിരമായി നിലകൊള്ളുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
നവംബറില്‍ ഭൂചലനമുണ്ടായമ്പോഴും ഖത്തര്‍ അല്‍ബേനിയക്കു സഹായവുമായി രംഗത്തെത്തിയിരുന്നു.
ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള വലിയ സുഹൃദ്ബന്ധത്തെ സ്ഥിരീകരിക്കുന്നതാണ് ഖത്തറിന്റെ തുടര്‍ച്ചയായ പിന്തുണ. ഖത്തറില്‍നിന്നും പത്തു ടണ്‍ മെഡിക്കല്‍ സാമഗ്രികളാണ് അല്‍ബേനിയയിലെത്തിച്ചത്.