
ദോഹ: ഈ ഏപ്രിലില്‍ ഇന്ത്യയിലേക്കുള്ള ഖത്തര്‍ കയറ്റുമതിയുടെ മൂല്യം 1.32 ബില്യണ്‍ റിയാല്‍. ഖത്തറിന്റെ ആകെ കയറ്റുമതിയുടെ ഏകദേശം 11.3 ശതമാനം ഇന്ത്യയിലേക്കാണ്. ഖത്തറിന്റെ കയറ്റുമതിയില്‍ ഒന്നാം സ്ഥാനം ദക്ഷിണകൊറിയക്കാണ്.
ഏപ്രിലില്‍ 1.8 ബില്യണ്‍ റിയാലിന്റെ കയറ്റുമതിയാണ് ഖത്തര്‍ ദക്ഷിണ കൊറിയയിലേക്ക് നടത്തിയത്, ആകെ കയറ്റുമതിയുടെ 15.7 ശതമാനം വരുമിത്. കയറ്റുമതിയില്‍ രണ്ടാാംസ്ഥാനം ചൈന, 1.33 ബില്യണ്‍ റിയാലിന്റെ കയറ്റുമതി ചൈനയിലേക്ക് നടന്നു. ആകെ കയറ്റുമതിയുടെ 11.3 ശതമാനം വരുമിത്. ഏപ്രിലില്‍ ചൈനയില്‍ നിന്നാണ് ഖത്തര്‍ ഏറ്റവുമധികം ഇറക്കുമതി നടത്തിയത്. 1.5 ബില്യണ്‍ റിയാല്‍, ആകെ ഇറക്കുമതിയുടെ 19.7 ശതമാനം. രണ്ടാമത് അമേരിക്ക, ഒരു ബില്യണ്‍ റിയാല്‍. ആകെ ഇറക്കുമതിയുടെ 13.6 ശതമാനം വരുമിത്. മൂന്നാമത് യുകെ, 0.7 ബില്യണ്‍ റിയാല്‍, ആകെ ഇറക്കുമതിയുടെ 9.3 ശതമാനം.
രാജ്യത്തിന്റെ വിദേശവ്യാപാരമിച്ചത്തില് ഏപ്രിലില്‍ കുറവ്. 4.3 ബില്യണ്‍ റിയാലാണ് വിദേശവ്യാപാരമിച്ചം. കഴിഞ്ഞവര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 66.9ശതമാനത്തിന്റെയും ഈ മാര്‍ച്ചിനെ അപേക്ഷിച്ച് 44ശതമാനത്തിന്റെയും കുറവുണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ ആകെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമാണ് വ്യാപാരമിച്ചമായി കണക്കാക്കുന്നത്. പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ആഭ്യന്തര ഉത്പന്നങ്ങളുടെ കയറ്റുമതിയും പുന:കയറ്റുമതിയും ഉള്‍പ്പെടെ ഏകദേശം 11.8 ബില്യണ്‍ റിയാലിന്റെ കയറ്റുമതി ഏപ്രിലില്‍ നടന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 46.3 ശതമാനത്തിന്റെയും ഈ മാര്‍ച്ചിനെ അപേക്ഷിച്ച് 26.3 ശതമാനത്തിന്റെയും കുറവ്. പെട്രോളിയം ഗ്യാസ്, മറ്റു ഗ്യാസസ് ഹൈഡ്രോകാര്‍ബണ്‍(ദ്രവീകൃത പ്രകൃതിവാതകം, കണ്ഡന്സേറ്റ്സ്, പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍) ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലെ കുറവാണ് ആകെ കയറ്റുമതിയുടെ തോത് കുറയാനിടയാക്കിയത്. ഇവയുടെ കയറ്റുമതി ഏപ്രിലില്‍ 7.6 ബില്യണ്‍ റിയാലാണ്, കഴിഞ്ഞവര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 45 ശതമാനത്തിന്റെ കുറവ്. പെട്രോളിയം എണ്ണ, ബിറ്റുമിനസ് മിനറല്‍സ്(ക്രൂഡ്) എണ്ണ കയറ്റുമതിയിലും കുറവുണ്ടായിട്ടുണ്ട്.
ഇവയുടെ കയറ്റുമതി ഏകദേശം 1.2 ബില്യണ്‍ റിയാല്‍, 68.4 ശതമാനത്തിന്റെ കുറവ്. പെട്രോളിയം എണ്ണ, ക്രൂഡ് അല്ലാത്ത ബിറ്റുമിനസ് മിനറല്‍സ് കയറ്റുമതി 0.5 ബില്യണ്‍ ഖത്തര്‍ റിയാലാണ്, ഇവയുടെ കയറ്റുമതിയില്‍ 62 ശതമാനത്തിന്റെ കുറവുണ്ടായി. ഏപ്രിലില്‍ 7.5 ബില്യണ്‍ റിയാലിന്റെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞവര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 17 ശതമാനത്തിന്റെയും ഈ മാര്‍ച്ചിനെ അപേക്ഷിച്ച് 10.1 ശതമാനത്തിന്റെയും കുറവുണ്ടായിട്ടുണ്ട്. ഇറക്കുമതി ഉത്പന്നങ്ങളില്‍ ജെറ്റ് ടര്ബിനുകളാണ് മുന്നില്‍, 0.4 ബില്യണ്‍ റിയാലിന്റെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്.
കഴിഞ്ഞവര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 161.2 ശതമാനം വര്‍ധന. എയര്‍ക്രാഫ്റ്റുകള്‍, സ്പെയ്സ്ക്രാഫ്്റ്റുകള് എന്നിവയുടെ ഭാഗങ്ങളാണ് രണ്ടാമത്, 0.3 ബില്യണ്‍ റിയാല്‍. 11.9 ശതമാനത്തിന്റെ കുറവ്. മോട്ടോര്‍ കാറുകളുടെയും മറ്റു വാഹനങ്ങളുടെയും ഇറക്കുമതിയാണ് മൂന്നാമത്, 0.3 ബില്യണ്‍ റിയാല്‍. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 16.9 ശതമാനം കുറവ്.