in

ഖത്തറിന്റെ കയറ്റുമതിയില്‍ 13.7 ശതമാനം ഇന്ത്യയിലേക്ക്; ഇറക്കുമതിയുടെ 5.7 ശതമാനം ഇന്ത്യയില്‍ നിന്ന്‌

ദോഹ: ഈ ഓഗസ്റ്റില്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് ഏകദേശം 1.9 ബില്യണ്‍ റിയാലിന്റെ കയറ്റുമതി നടത്തി. ജൂലൈ മാസത്തെ അപേക്ഷിച്ച് ഏകദേശം 0.2 ബില്യണ്‍ റിയാലിന്റെ വര്‍ധന. ഖത്തറിന്റെ ഓഗസ്റ്റിലെ ആകെ കയറ്റുമതിയുടെ 13.7 ശതമാനം ഇന്ത്യയിലേക്കായിരുന്നു. ഇന്ത്യയില്‍നിന്നും ഖത്തറിലേക്കുള്ള ഇറക്കുമതിയിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം ഇന്ത്യയില്‍ നിന്നും 0.4 ബില്യണ്‍ റിയാലിന്റെ ഉത്പന്നങ്ങളാണ് ഖത്തര്‍ ഇറക്കുമതി ചെയ്തത്. ഖത്തറിന്റെ ആകെ ഇറക്കുമതിയുടെ 5.7 ശതമാനം ഇന്ത്യയില്‍ നിന്നാണ്. കഴിഞ്ഞ മാസം ഖത്തറിന്റെ കയറ്റുമതിയില്‍ ഒന്നാം സ്ഥാനം ചൈനക്കാണ്, 2.6 ബില്യണ്‍ റിയാലിന്റെ കയറ്റുമതിയാണ് ഖത്തര്‍ ചൈനയിലേക്ക് നടത്തിയത്, ആകെ കയറ്റുമതിയുടെ 18.2 ശതമാനം വരുമിത്. കയറ്റുമതിയില്‍ രണ്ടാംസ്ഥാനത്ത് ജപ്പാന്‍, ഏകദേശം 2.2 ബില്യണ്‍ റിയാലിന്റെ കയറ്റുമതിയായിരുന്നു ജപ്പാനിലേക്ക്, ആകെ കയറ്റുമതിയുടെ 15.8 ശതമാനം. മൂന്നാമതാണ് ഇന്ത്യ. ഓഗസ്റ്റില്‍ അമേരിക്കയില്‍നിന്നാണ് ഖത്തര്‍ ഏറ്റവുമധികം ഇറക്കുമതി നടത്തിയത്. ഏകദേശം 1.6 ബില്യണ്‍ റിയാലിന്റെ ഇറക്കുമതി, ആകെ ഇറക്കുമതിയുടെ 22.5 ശതമാനം വരുമിത്. രണ്ടാം സ്ഥാനത്ത് ചൈന, 0.9 ബില്യണ്‍ റിയാല്‍. ആകെ ഇറക്കുമതിയുടെ 13.2 ശതമാനം വരുമിത്. മൂന്നാമതാണ് ഇന്ത്യ
രാജ്യത്തിന്റെ വിദേശവ്യാപാരമിച്ചത്തില്‍ ഈ ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ 10.7 ശതമാനത്തിന്റെ വര്‍ധന. 6.9 ബില്യണ്‍ റിയാലാണ് ഓഗസ്റ്റിലെ വിദേശവ്യാപാരമിച്ചം. അതേസമയം കഴിഞ്ഞവര്‍ഷം ഓഗസ്റ്റുമായി താരതമ്യം ചെയ്താല്‍ വിദേശവ്യാപാര മിച്ചത്തില്‍ 42.9 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഈ ജൂലൈയുമായി താരതമ്യം ചെയ്താല്‍ 0.7 ബില്യണ്‍ റിയാല്‍ വര്‍ധനവും കഴിഞ്ഞവര്‍ഷം ഓഗസ്റ്റിനെ അപേക്ഷിച്ച് 5.2 ബില്യണ്‍ റിയാലിന്റെ കുറവുമാണുണ്ടായത്. രാജ്യത്തിന്റെ ആകെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമാണ് വ്യാപാരമിച്ചമായി കണക്കാക്കുന്നത്. പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ആഭ്യന്തര ഉത്പന്നങ്ങളുടെ കയറ്റുമതിയും പുന:കയറ്റുമതിയും ഉള്‍പ്പെടെ ഏകദേശം 14 ബില്യണ്‍ റിയാലിന്റെ കയറ്റുമതി ഓഗസ്റ്റില്‍ നടന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിനെ അപേക്ഷിച്ച് 33.8 ശതമാനത്തിന്റെ കുറവും ഈ ജൂലൈയെ അപേക്ഷിച്ച് 3.3 ശതമാനത്തിന്റെ വര്‍ധനവുമുണ്ടായി. ഓഗസ്റ്റില്‍ 7.1 ബില്യണ്‍ റിയാലിന്റെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിനെ അപേക്ഷിച്ച് 21.6 ശതമാനത്തിന്റെയും ഈ ജൂലൈയെ അപേക്ഷിച്ച് മൂന്നു ശതമാനത്തിന്റെയും കുറവാണ് ഇറക്കുമതിയിലുണ്ടായത്.
പെട്രോളിയം ഗ്യാസ്, മറ്റു ഗ്യാസസ് ഹൈഡ്രോകാര്‍ബണ്‍(ദ്രവീകൃത പ്രകൃതിവാതകം, കണ്‍ഡന്‍സേറ്റ്‌സ്, പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍) ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലെ കുറവാണ് ആകെ കയറ്റുമതിയുടെ തോത് കുറയാനിടയാക്കിയത്. ഇവയുടെ കയറ്റുമതി ഓഗസ്റ്റില്‍ 7.7 ബില്യണ്‍ റിയാലാണ്, പ്രതിമാസാടിസ്ഥാനത്തില്‍ 41.6 ശതമാനത്തിന്റെ കുറവ്. പെട്രോളിയം എണ്ണ, ബിറ്റുമിനസ് മിനറല്‍സ്(ക്രൂഡ്) എണ്ണ കയറ്റുമതിയിലും കുറവുണ്ടായിട്ടുണ്ട്. ഇവയുടെ കയറ്റുമതി ഏകദേശം 2.4 ബില്യണ്‍ റിയാല്‍, 29.5 ശതമാനത്തിന്റെ കുറവ്. പെട്രോളിയം എണ്ണ, ക്രൂഡ് അല്ലാത്ത ബിറ്റുമിനസ് മിനറല്‍സ് കയറ്റുമതി 1.3 ബില്യണ്‍ ഖത്തര്‍ റിയാലാണ്, ഇവയുടെ കയറ്റുമതിയില്‍ 7.2 ശതമാനത്തിന്റെ കുറവുണ്ടായി.
ഇറക്കുമതി ഉത്പന്നങ്ങളില്‍ എയര്‍ക്രാഫ്റ്റുകള്‍, സ്‌പെയ്‌സ്‌ക്രാഫ്്റ്റുകള്‍ എന്നിവയുടെ ഭാഗങ്ങളുടെ ഇറക്കുമതിയാണ് മുന്നില്‍, 0.3 ബില്യണ്‍ റിയാല്‍. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിനെ അപേക്ഷിച്ച് 33.8 ശതമാനം കുറവ്. ഇലക്ടിക്കല്‍ അപ്പാരറ്റസുകള്‍, ടെലിഫോണി, ടെലിഗ്രാഫി, ടെലിഫോണ്‍ സെറ്റുകളുടെ ഇറക്കുമതി എന്നിവയാണ് രണ്ടാമത്, 0.2 ബില്യണ്‍ റിയാല്‍, 21.8 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനവ്. മോട്ടോര്‍ കാറുകള്‍, മറ്റു മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയുടെ ഇറക്കുമതിയാണ് മൂന്നാമത്, 0.2 ബില്യണ്‍ റിയാല്‍, 42.6 ശതമാനം കുറവ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: അല്‍സദ്ദ് പുറത്ത്, പെര്‍സ്‌പോലിസും അല്‍നാസറും ക്വാര്‍ട്ടറില്‍

ഖത്തറില്‍ 222 പേര്‍ക്കു കൂടി കോവിഡ്; രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന