
ദോഹ: ഇന്ത്യ, ബംഗ്ലദേശ് രാജ്യങ്ങളിലെ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ഖത്തര്‍ വികസന നിധിയുടെ(ഖത്തര്‍ ഡെവലപ്മെന്റ് ഫണ്ട്-ക്യുഡിഎഫ്) നേത്രാരോഗ്യ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. 2015ലാണ് പദ്ധതിയുടെ ഭാഗമായി നേത്രപരിശോധന തുടങ്ങിയത്. നേത്രപരിശോധന, ചികിത്സ, കമ്യൂണിറ്റി നേതാക്കള്‍ക്ക് പരിശീലനം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടന്നത്. ദശലക്ഷക്കണക്കിന് പേരിലേക്കാണ് പദ്ധതിയെത്തിയത്. നേത്രാരോഗ്യ പദ്ധതി കൂടുതല്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കാഴ്ചയില്ലാത്തവര്‍ക്ക് വെളിച്ചം എത്തിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ‘ഖത്തര്‍ കാഴ്ച സൃഷ്ടിക്കുന്നു’ എന്ന പേരില്‍ ക്യുഡിഎഫും ലണ്ടനിലെ ഓര്‍ബിസ് ഫൗണ്ടേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. വികസ്വര രാജ്യങ്ങളില്‍ കാഴ്ചാതകരാറുകള്‍ നേരിടുന്ന ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കി കാഴ്ചയുടെ ലോകത്തേക്ക് എത്തിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും കുട്ടികള്‍ക്ക് 65 ലക്ഷത്തിലധികം നേത്രപരിശോധനകളും ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്. ‘ഖത്തര്‍ കാഴ്ച സൃഷ്ടിക്കുന്നു’ പദ്ധതിയിലൂടെ ലക്ഷ്യമിട്ടതിനേക്കാള്‍ പത്തുലക്ഷത്തിലധികം പേരിലേക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ബാല്യകാല അന്ധത കുറക്കുകയെന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. ഈ വര്‍ഷമാണ് ആദ്യഘട്ട പരിപാടികള്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. നിശ്ചയിച്ച ഷെഡ്യൂളിനു മുന്‍പുതന്നെ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍പേരിലേക്ക് എത്തിച്ചേരാന്‍ പദ്ധതിയിലൂടെ സാധിച്ചു.
നേത്ര സംരക്ഷണ സേവനങ്ങളിലേക്ക് ജനങ്ങളെ എത്തിക്കുന്നതിനായി വിവിധതലങ്ങളില്‍ പരിശീലന പരിപാടികളും നടപ്പാക്കുന്നുണ്ട്. കാഴ്ച നഷ്ടപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ എങ്ങനെ കണ്ടെത്താമെന്നതില്‍ 80,000ലധികം അധ്യാപകര്‍, വിദ്യാര്‍ഥികള്‍, മതനേതാക്കള്‍ എന്നിവര്‍ക്കെല്ലാം വിദഗ്ദ്ധ പരിശീലനം നല്‍കിയിരുന്നു. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രയാസകരമായ സാഹചര്യങ്ങള്‍ക്കിടയിലും ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് ലോകമെമ്പാടുമുള്ള മാനുഷിക കാരണങ്ങളെ പിന്തുണയ്ക്കുന്നത് തുടരുന്നതായി ഡയറക്ടര്‍ ജനറല്‍ ഖലീഫ ബിന്‍ ജാസിം അല്‍കുവാരി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി പൊതുജനാരോഗ്യമന്ത്രാലയത്തിലെയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെയും ഖത്തരി ഡോക്ടര്‍മാര്‍ ഇന്ത്യയിലെ പൂനൈ, മധുരൈ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും നേത്രപരിശോധനാപ്രവര്ത്തനങ്ങളില് സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ നേത്ര പരിശോധനാപദ്ധതിയായ റീച്ച്്(റിഫ്രാക്റ്റീവ് ഇറര്‍ എമങ് ചില്‍ഡ്രന്‍) സന്ദര്‍ശിച്ചു. വക്രീകരണ പ്രശ്നങ്ങളുള്ള കുട്ടികളെ തിരിച്ചറിയുന്നതിനൊപ്പം അവര്‍ക്ക് അനുയോജ്യമായ കണ്ണടകള്‍ നിര്‍ദേശിക്കുകയും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഏറ്റവും പ്രാന്തപ്രദേശങ്ങളിലെ കുട്ടികളിലേക്ക് എത്തുന്ന ഈ പ്രോഗ്രാം മഹത്തരമാണ്. 2020വരെയുള്ള കാലയളവില്‍ ഇന്ത്യയിലും ബംഗ്ലാദേശിലുമായി 55 ലക്ഷം കുട്ടികള്‍ക്ക് നേത്രപരിശോധനയും ചികിത്സയും പരിചരണവും നല്‍കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ 65 ലക്ഷത്തിലധികം പേര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് സൗജന്യമായി നേത്ര പരിശോധനയും ചികില്‍സയും ലഭ്യമാക്കുന്നുണ്ട്. വ്യത്യസ്ത ചാരിറ്റി സംഘടനകളും ആസ്പത്രികളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. രാജ്യത്തെ ജീവകാരുണ്യ സംഘടനകളും സ്കൂളുകളും സഹായമനസ്കരും അന്ധതാ വിരുദ്ധ ആഗോള ക്യാമ്പയ്നുമായി സഹകരിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ജോഡി കണ്ണടകളാണ് കുട്ടികള്‍ക്കായി പ്രിസ്ക്രൈബ് ചെയ്തത്.
ഒട്ടേറെ ശസ്ത്രക്രിയകളും നടത്തി. അന്ധരായ കുഞ്ഞുങ്ങളുടെ എണ്ണം മറ്റേതൊരു രാജ്യത്തേക്കാളും ഇന്ത്യയില്‍ കൂടുതലാണ്. ഇതേത്തുടര്‍ന്നാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയെയും ബംഗ്ലാദേശിനെയും തെരഞ്ഞെടുത്തത്. ക്യുഡിഎഫ് സ്പോണ്സര്ഷിപ്പില് തുടങ്ങിയ ട്രേഡ് മാര്‍ക്കാണ് ഖത്തര്‍ മെയ്ക്സ് വിഷന്‍.