
ദോഹ: കുവൈത്ത് അമീറിന്റെ പേരില്‍ നടപ്പാക്കുന്ന സബാഹ് അല്‍ അഹമ്മദ് ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം ഗതാഗതത്തിനായി തുറന്നു.
വടക്ക് ഉംലഖ്ബ ഇന്റര്‍ചേഞ്ചില്‍ നിന്നും തെക്ക് അബുഹമൂര്‍ പാലത്തിലേക്ക് പതിമൂന്ന് കിലോമീറ്റര്‍ ഭാഗമാണ് ഗതാഗതത്തിനായി തുറന്നത്. അടുത്തവര്‍ഷം ആദ്യപാദത്തില്‍ പദ്ധതി പൂര്‍ണമായും ഗതാഗതത്തിനായി തുറക്കും. ഏഴു പുതിയ പാലങ്ങളും തുറന്നിട്ടുണ്ട്. ഇതോടെ പദ്ധതിയിലെ ആകെ 32 പാലങ്ങളില്‍ 21 എണ്ണവും തുറന്നു. തുറന്നവയില്‍ ഏറ്റവും പ്രധാനം 1.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേബിള്‍ പാലമാണ്. ദോഹയുടെ ദക്ഷിണ ഉത്തര ഭാഗങ്ങളെ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ബൃഹദ്പദ്ധതിയായ ഇടനാഴിയുടെ ഭാഗമായ ആദ്യ കേബിള്‍ ഘടിപ്പിച്ചുള്ള പാലം ഭാഗികമായി ഗതാഗതത്തിനായി തുറന്നതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. കേബിളുകളാല്‍ നില്ക്കുന്ന 1200 മീറ്റര്‍ പാലം ഇത്തരത്തില്‍ ഖത്തറിലെ ആദ്യത്തേതാണ്. മിസൈമീര്‍ റോഡില്‍ നിന്ന് അല്‍ ബുസ്താന്‍ സ്ട്രീറ്റിലേക്കാണ് പാലം. മിസൈമീര്‍ റോഡില്‍ ഹലുല്‍ ഇന്റര്‍സെക്ഷനും സല്വറോഡില് ഫലേഹ് ബിന്‍ നാസര്‍ ഇന്റര്‍സെക്ഷനും മുകളിലായാണ് കേബിള്‍ പാലം. അല്ബുസ്താന് സ്ട്രീറ്റ് മുതല്‍ ബു ഇറയന്‍ സ്ട്രീറ്റ് വരെയാണ് പദ്ധതിയിലെ ദൈര്‍ഘ്യമേറിയ മേല്‍പ്പാലം(ഫ്ളൈഓവര്‍). കേബിള്‍ പാലത്തിനു പുറമെ ഉംലഖ്ബ ഇന്റര്ചേഞ്ചിലെയും അല്‍വജ്ബ ഇന്റര്സെക്ഷനിലെയും മൂന്നു വീതം പാലങ്ങളും പുതിയതായി തുറന്നിട്ടുണ്ട്. ഖത്തറിലെ ഏറ്റവും വലിയ ഇന്റര്‍സെക്ഷനാണ് ഉംലഖ്ബയിലേത്. അല്‍വാബ് ഇന്റര്‍സെക്ഷനിലാണ് ഏറ്റവും നീളമേറിയ പാലം സ്ഥിതി ചെയ്യുന്നത്. 2.6 കിലോമീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം. അല്‍ലുഖ്ത സ്ട്രീറ്റിനെ അല്‍ലുഖ്ത, ഗറാഫ എന്നിവയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന അല്‍ലുഖ്ത തുരങ്കവും തുറന്നിട്ടുണ്ട്. അശ്ഗാലിലെയും ഗതാഗത കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരും സിഎംസി അംഗങ്ങളും പദ്ധതി നടപ്പാക്കല്‍ ചുമതലയുള്ള കമ്പനികളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
ഈ മേഖലയിലെ ഗതാഗത ഒഴുക്ക് സുഗമമാക്കാന്‍ ഇടനാഴി പദ്ധതിയിലൂടെ സാധിക്കും. പന്ത്രണ്ട് ഇന്റര്സെക്ഷനുകളിലൂടെയാണ് റോഡ് കടന്നുപോകുന്നതെന്നതിനാല്‍ യാത്രാസമയം 50ശതമാനത്തിലധികം കുറക്കാനുമാകും. നിലവില്‍ രണ്ടുദിശകളിലും മണിക്കൂറില്‍ 8000 ലധികം വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ട്. ഫെബ്രുവരി 22 സ്ട്രീറ്റിലെ ഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കുകയും റോഡ് ഉപയോക്താക്കള്‍ക്ക് പുതിയ ബദലുകള്‍ നല്‍കുകയും ചെയ്യുന്നതാണ് ഇടനാഴി പദ്ധതി. ഉപരോധം, കോവിഡ് മഹാമാരി തുടങ്ങിയ വെല്ലുവിളികള്ക്കിടയയിലും ഇടനാഴി പദ്ധതിയുടെ ഒന്നാം ഘട്ടം തുറക്കാനായത് രാജ്യത്ത് പ്രവര്‍ത്തികള്‍ തടസമില്ലാതെ നടക്കുന്നു എന്നതിന്റെ തെളിവാണെന്ന് അശ്ഗാല്‍ പ്രസിഡന്റ് ഡോ.സഅദ് ബിന്‍ അഹമ്മദ് അല്‍മുഹന്നദി പറഞ്ഞു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് പദ്ധതിക്ക് തുടക്കമാകുന്നത്. ഒന്നരവര്‍ഷത്തിനുള്ളില്‍ ആദ്യം ഘട്ടംപൂര്ത്തിയാക്കാനായത് അശ്ഗാലിന് പുതിയ നേട്ടമാണെന്ന് പദ്ധതികാര്യ ഡയറക്ടര്‍ യൂസുഫ് അല്‍ഇമാദി പറഞ്ഞു. ഉംലഖ്ബ ഇന്റര്‍ചേഞ്ച് മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെ ഗതാഗതം സുഗമമാക്കുന്നതാണ് ഇടനാഴിയെന്ന് ഹൈവേ പ്രൊജക്റ്റ്സ് വകുപ്പ് മാനേജര്‍ ബാദര്‍ ദാര്‍വിഷ് പറഞ്ഞു. ഫെബ്രുവരി 22 സ്ട്രീറ്റിലെ സമ്മര്‍ദ്ദം കുറക്കാന്‍ റോഡ് സഹായകമാണ്. അല്‍ഗരാഫ പ്രദേശത്തേക്ക് പുതിയ പ്രവേശനവും എക്സിറ്റും നല്‍കുന്നതാണ് ഉംലഖ്ബ ഇന്റര്‍ചേഞ്ചിലെ മൂന്നു പുതിയ പാലങ്ങള്‍. അല്‍വാബില്‍ മൂന്നു തട്ടുകളിലായുള്ള ഇന്റര്‍സെക്ഷനാണ് ഇടനാഴി പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചിരിക്കുന്നത്. സുപ്രധാന ഇന്റര്‍സെക്ഷന്റെ ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍തന്നെ പൂര്‍ണമായും ഗതാഗതത്തിനായി തുറക്കും. ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം തുറന്നതിലൂടെ ഈ മേഖലയിലെ ജനസാന്ദ്രതയേറിയ 25ലധികം റസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശനം സുഗമമാകും. നിരവധി വാണിജ്യ വിദ്യാഭ്യാസ ആരോഗ്യ സൗകര്യങ്ങളിലേക്ക് ഗതാഗതം സുഗമമാകും. ആദ്യ കേബിള്‍ പാലത്തിനു പുറമെ ഖത്തറിലെ ഏറ്റവും വലിയ ഇന്റര്സെക്ഷന്, ഏറ്റവും ദൈര്‍ഘ്യമേറിയ പാലം, ഇരുദിശകളിലേക്കും ഏറ്റവും ആഴത്തിലും ദൈര്‍ഘ്യവുമേറിയ ടണല്‍ എന്നിവയെല്ലാം ഇടനാഴി പദ്ധതിയുടെ സവിശേഷതകളാണ്.
ആദ്യ കേബിള്‍ പാലത്തിന് സവിശേഷതകളേറെ

ദോഹ: രാജ്യത്തെ ആദ്യത്തെ കേബിള്‍ പാലത്തിന് സവിശേഷകളേറെ. വെല്ലുവിളികളും പ്രതിബന്ധങ്ങളും അതിജീവിച്ചാണ് പാലം ഭാഗികമായി തുറന്നിരിക്കുന്നത്. അല്വാബിനും അബുഹമൂറിനുമിടയില് ഗതാഗതം സുഗമമാക്കുന്നതാണ് പാലം. സല്‍വാ റോഡില്‍ ഫാലേഹ് ബിന്‍ നാസര്‍ ഇന്റര്‍ചേഞ്ച്, ഹാലൗള് എന്നിവയിലൂടെയാണ് കേബിള്‍ പാലം കടന്നുപോകുന്നത്. പാലത്തിന്റെ നീളമായിരുന്നു നിര്‍മാണത്തിലെ വെല്ലുവിളി. 754 പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് പീസുകളാണ് നിര്‍മാണത്തിനായി ഉപയോഗിച്ചത്. ഓരോന്നിനും 200 ടണ്ണിലധികം ഭാരമാണുള്ളത്. പാലത്തിന്റെ ഏറ്റവും ഉയര്‍ന്ന പോയിന്റിന് 30 മീറ്ററാണ് ഉയരം. 120 കേബിളുകളിലാണ് പാലം നിലകൊള്ളുന്നത്. നിര്‍മാണത്തില്‍ എല്ലാ സുരക്ഷാഘടകങ്ങളും കണക്കിലെടുത്തിട്ടുണ്ട്. അബുഹമൂര്‍, അല്‍മാമൂറ ഉള്‍പ്പടെയുള്ള സുപ്രധാനമേഖലകള്ക്ക് വളരെയധികം പ്രയോജനകരമാണ് ഈ പദ്ധതി. ദോഹയിലെ ഏറ്റവും തിരക്കേറിയ ഫെബ്രുവരി 22 റോഡിനു ബദലായിക്കൂടിയാണ് ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്. ഗതാഗത ശേഷി ഇരട്ടിയായി വര്‍ധിപ്പിക്കാനുമാകും. അല്‍വാബ് ഇന്റര്‍സെക്ഷനില്‍ 2.6 കിലോമീറ്ററില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പാലത്തിനു പുറമെ റാഷിദ ഇന്റര്‍ചേഞ്ചില്‍ നിന്ന് ഇടനാഴിയിലേക്കുള്ള ഗതാഗതെത്ത ബന്ധിപ്പിക്കുന്ന 386 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലവും അല്‍വാബ് ഇന്റര്‍ചേഞ്ചിലെ അല്‍സദ്ദില്‍ നിന്നും ഇടനാഴിയുമായി ബന്ധിപ്പിക്കുന്ന 823 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലവും ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. ഖത്തറിലെ ഏറ്റവും വലിയ ഇന്റര്‍ചേഞ്ചായ ഉംലഖ്ബയിലെ മൂന്നു പാലങ്ങള്‍ കൂടി തുറന്നതോടെ ഇവിടെ ആകെ തുറന്ന പാലങ്ങളുടെ എണ്ണം അഞ്ചായി. 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഇന്റര്‍ചേഞ്ച് നാലു ലെവലുകളിലായാണ് നിര്‍മാണം പൂര്‍ത്തിയാകുന്നത്. ഒന്‍പത് പാലങ്ങളാണ് പദ്ധതിയിലുള്ളത്. എല്ലാ ദിശകളിലേക്കും ഗതാഗതം സുഗമമാക്കുന്നതാണ് ഈ ഇന്റര്‍ചേഞ്ച്. 1100, 1400, 1000 മീറ്റര്‍ വീതം ദൈര്‍ഘ്യമുള്ള മൂന്നു പാലങ്ങളാണ് ഈ ഇന്റര്‍ചേഞ്ചില്‍ ഇന്നലെ തുറന്നത്. തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഉംലഖ്ബ ഇന്റര്‍ചേഞ്ച് ദോഹയുടെ വടക്കന്‍ കവാടമെന്നും വിതരണകേന്ദ്രമെന്നും അറിയപ്പെടുന്നു. ദോഹ എക്സ്പ്രസ് വേ, അല്‍ മര്‍ഖിയ സ്ട്രീറ്റ്, സബാഹ് അല്‍അഹമ്മദ് ഇടനാഴി എന്നിവയുമായി അല്‍ശമാല്‍ റോഡിനെ വിഭജിക്കുന്ന സുപ്രധാന സ്ഥലത്താണ് ഇന്റര്‍ചേഞ്ച് സ്ഥിതി ചെയ്യുന്നത്. മാത്രമല്ല ജനസാന്ദ്രതയേറിയ സ്ഥലത്താണ് ഇന്റര്ചേഞ്ചെന്നതും പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കാര്യക്ഷമമായ വാണിജ്യപ്രവര്‍ത്തനങ്ങള്‍, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ, ആരോഗ്യകേന്ദ്രങ്ങള്‍, വാണിജ്യവിപണികള് എന്നിവയെല്ലാം ഇവിടെയുണ്ട്.