ദേശീയ അനുരജ്ഞനത്തില്‍ എല്ലാവരെയും ഉള്‍പ്പെടുത്തണമെന്ന് ഖത്തര്‍
ദോഹ: അഫ്ഗാനിസ്താനില്‍ തീവ്രവാദ സംഘടനകളെ ചെറുക്കാനുള്ള കൂട്ടായ ശ്രമങ്ങളുണ്ടാകണമെന്ന് ഖത്തര്‍. അഫ്ഗാനിലെ ദേശീയ അനുരജ്ഞനത്തില്‍ എല്ലാ കക്ഷികളെയും ഉള്‍ക്കൊള്ളിക്കണമെന്നും ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി ആവശ്യപ്പെട്ടു. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം കാബൂളിലെത്തിയ അദ്ദേഹം അഫ്ഗാനിസ്താനിലെ പുതിയ ഇടക്കാല സര്‍ക്കാര്‍ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് 15ന് താലിബാന് കാബൂള്‍ ഏറ്റെടുത്തശേഷം അഫ്ഗാനിലെത്തുന്ന ആദ്യത്തെ ഉന്നത നേതാവാണ് ശൈഖ് മുഹമ്മദ്. കാബൂള്‍ വിമാനത്താവളത്തില്‍ പുതിയ സര്‍ക്കാര്‍ പ്രതിനിധികള്‍ അദ്ദേഹത്തെ സ്വീകരിച്ചു.

തുടര്‍ന്ന് അദ്ദേഹം അഫ്ഗാനിലെ ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് ഹസന് അഖുന്ദുമായി ചര്‍ച്ച നടത്തി. അഫ്ഗാനിസ്താനിലെ സമാധാനം സാധ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങളും കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയായി. എല്ലാവര്ക്കും സ്വതന്ത്രസഞ്ചാരവും യാത്രയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും അഫ്ഗാന് ഇടക്കാല നേതൃത്വുമായി ചര്‍ച്ച ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താന്റെ സ്ഥിരതക്ക് ഭീഷണിയാകുന്ന തീവ്രവാദ സംഘടനകളെ ചെറുക്കാന്‍ കൂട്ടായ ശ്രമങ്ങളുണ്ടാകണമെന്ന് ഇരുകൂട്ടരും നിലപാട് വ്യക്തമാക്കി. ദേശീയ അനുരജ്ഞനത്തില്‍ എല്ലാ അഫ്ഗാന് കക്ഷികളെയും ഉള്‍പ്പെടുത്തണമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. മുന്‍ അഫ്ഗാന് പ്രസിഡന്റ് ഹാമിദ് കര്‍സായി, അഫ്ഗാന് ദേശീയ അനുരജ്ഞനം സംബന്ധിച്ച ഹൈകൗണ്‍സില്‍ ചെയര്മാന് അബ്ദുല്ല അബ്ദുല്ല എന്നിവരുമായും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി ചര്‍ച്ച നടത്തി.
ദോഹ ആതിഥേയത്വം വഹിച്ച സമവായചര്ച്ചകളിലെ ഇരുവരുടെയും ശ്രമങ്ങളെ വിദേശകാര്യമന്ത്രി പ്രശംസിച്ചു. അഫ്ഗാനിസ്താനില്‍ ദേശീയ അനുരഞ്ജനം സാധ്യമാക്കുന്നതിനായി എല്ലാതലത്തിലുമുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതില് ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. താലിബാന് അഫ്ഗാന് ഏറ്റെടുത്തശേഷം അവിടെനിന്നും വിദേശപൗരന്മാരുടെയും അപകടസാധ്യതയുള്ള അഫ്ഗാനികളുടെയും ഒഴിപ്പിക്കലിന് പിന്തുണയും സഹായവും നല്‍കിയത് ഖത്തറാണ്. ഖത്തറിന്റെ സഹായത്തോടെ അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആയിരക്കണക്കിന് പേരെയാണ് ഒഴിപ്പിച്ചത്. അഫ്ഗാനില്‍നിന്നും ഒഴിപ്പിച്ചവര്‍ക്ക് ഖത്തറില്‍ ഇടക്കാല താമസസൗകര്യവും ഒരുക്കിയിരുന്നു. യുഎസിന്റെ ഒഴിപ്പിക്കലിനുശേഷം സാങ്കേതികതകരാറുകളെത്തുടര്ന്ന് അടച്ച കാബൂള്‍ വിമാനത്താവളം വീണ്ടും തുറക്കുന്നതിനും ഖത്തര്‍ സാങ്കേതിക സഹായം ലഭ്യമാക്കിയിരുന്നു.