
ദോഹ: കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങള്‍ക്കിടയിലും ഖത്തരി സമ്പദ്വ്യവസ്ഥ അതിന്റെ വളര്‍ച്ച തുടരുകയാണെന്നും സമ്പദ് വ്യവസ്ഥയുടെ അഭിവൃദ്ധി നിലനിര്‍ത്തുന്നതിനായി രാജ്യം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജര്‍മനിയിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ജഹാം അല്‍കുവാരി. 2022 ലെ ലോകകപ്പിലേക്ക് എല്ലാ ദേശീയതകളുടേയും ആസ്വാദകരെ സ്വാഗതം ചെയ്യാന്‍ ഖത്തര്‍ ആഗ്രഹിക്കുന്നുവെന്നും അംബാസഡര്‍ പറഞ്ഞു.
നിയര്‍ ആന്റ് മിഡില്‍ ഈസ്റ്റ് അസോസിയേഷന്‍ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. പ്രധാന ജര്‍മ്മന്‍ കമ്പനികളില്‍ ഖത്തര്‍ നിക്ഷേപം നടത്തുന്നുണ്ട്. ജര്‍മ്മനിയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊറോണ വൈറസ് കൂടുതല്‍ ശാസ്ത്രീയമായും അതിവേഗത്തിലും പരിശോധിക്കുന്നതിനായി റോഷ് കോബാസ് 6800 സീരീസിലുള്ള ഓട്ടോമേറ്റഡ് സംവിധാനമാണ് ഖത്തര്‍ ഉപയോഗിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 1200 പരിശോധനകള്‍ നടത്താന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ വൈറസ് ലഘൂകരണ ശ്രമങ്ങള്‍ മികച്ച വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിയുടെ അപകടകരമായ പ്രത്യാഘാതത്തെക്കുറിച്ച് ഖത്തര്‍ വേഗത്തില്‍ പ്രതികരിക്കുകയും നേരത്തെ മനസ്സിലാക്കുകയും ചെയ്തു.
അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ചാണ് പദ്ധതികള്‍ നടപ്പാക്കിയത്. ഖത്തര്‍ നടപ്പാക്കിയ കര്‍ശന നടപടികളുടെ ഭാഗമായി സ്‌കൂളുകളുടെയും സര്‍വകലാശാലകളുടെയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പൊതുസ്ഥലങ്ങളില്‍ ഒത്തുചേരലുകള്‍ പരിമിതപ്പെടുത്തി. മാളുകള്‍, പാര്‍ക്കുകള്‍ അടച്ചതിനൊപ്പം ജോലിക്ക് പോകാന്‍ അനുവദിക്കുന്ന ജീവനക്കാരുടെ എണ്ണവും തൊഴില്‍ മണിക്കൂറികള്‍ പരിമിതപ്പെടുത്തിയുമാണ് ഖത്തര്‍ കോവിഡ് വ്യാപനം തടഞ്ഞത്. 14,000 കിടക്കകളോടെ ആസ്പത്രികള്‍ സജ്ജമാക്കിയതിനു പുറമെ ഖത്തറിലെ ആരോഗ്യമേഖല പൊതുജനങ്ങള്‍ക്കായി ഹോട്ട്ലൈന്‍ സംവിധാനവും നടപ്പാക്കി. വിപണിയില്‍ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയും രാജ്യം ഉറപ്പുവരുത്തി. ചില ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പുതിയ ഫാക്ടറികളും നിര്‍മ്മിച്ചു.
ഉപരോധത്തെത്തുടര്‍ന്ന് രാജ്യം സ്വയം പര്യാപ്തമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുത്തുവെന്നും നിലവിലെ നിര്‍ണായക കാലഘട്ടം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഇത് സഹായിച്ചുവെന്നും അംബാസഡര്‍ വിശദീകരിച്ചു.
കോവിഡിനെത്തുടര്‍ന്ന് കുടുങ്ങിയ 70,000 ജര്‍മ്മന്‍ പൗരന്മാരെ സ്വദേശത്തേക്ക് മടക്കിയെത്തിക്കുന്നതില്‍ ഖത്തര്‍ എയര്‍വേയ്സ് മുഖ്യ പങ്ക് വഹിച്ചു. ഇറ്റലി, ഇറാന്‍, ടുണീഷ്യ, ലബനന്‍, നേപ്പാള്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ക്ക് ഖത്തര്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി.