
ദോഹ: കൊറോണ വൈറസ്(കോവിഡ്-19) പ്രതിസന്ധിയെ നേരിടാന്‍ വിവിധ രാജ്യങ്ങള്‍ക്കു ഖത്തര്‍ നല്കുന്ന മാനുഷി പിന്തുണ പ്രശംസനീയമാണെന്ന് വെനസ്വേല അംബാസഡര്‍ ഗ്വിസെപ്പി ആഞ്ചലോ യൊഫ്രെദ യോറിയോ പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ വിവിധ രാജ്യങ്ങളിലേക്കാണ് ഖത്തര്‍ ടണ്‍ കണക്കിന് സഹായം കയറ്റിഅയച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ആയിരക്കണക്കിനു പേരെ സ്വദേശങ്ങളിലേക്ക് മടക്കിയെത്തിക്കുന്നതിലെ ഖത്തറിന്റെ പ്രധാന പങ്കിനെയും അംബാസഡര്‍ പ്രശംസിച്ചു.
ഒരു മഹാമാരിയുടെ സമയത്ത് സര്‍ക്കാരുകള്‍ എങ്ങനെയാണോ പെരുമാറേണ്ടത് ആ രീതിയില്‍ മാതൃകാപരമായ രീതിയിലാണ് ഖത്തര്‍ പെരുമാറിയത്. തങ്ങളുടെ സ്വാര്‍ഥ രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങള് മുന്നോട്ടുകൊണ്ടുപോകുന്നതിനായി പകര്‍ച്ചവ്യാധിയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍ ഐക്യദാര്‍ഢ്യത്തിന്റെയും സഹകരണത്തിന്റെയും തത്വങ്ങളെ അടസ്ഥാനമാക്കിയുള്ളതാണ്- അംബാസഡര്‍ ഖത്തര്‍ ട്രിബ്യൂണിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. രാജ്യത്തെയും എല്ലാവിഭാഗം ജനങ്ങളെയും സംരക്ഷിക്കുന്നതിനായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തില്‍ കോവിഡിനെതിരെ നേരിടാന്‍ ഖത്തര്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും യോറിയോ പ്രശംസിച്ചു. കോവിഡിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിലും കഴിവുകള്‍ വികസിപ്പിക്കുന്നതിലും ഖത്തര്‍ ഒരു അമാന്തവും കാണിച്ചിട്ടില്ലെന്നും എല്ലാം ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റു കോവിഡ് ബാധിത രാജ്യങ്ങള്‍ക്ക് വിലയേറിയ സഹായം നല്‍കുന്നതിനൊപ്പം ദേശീയ സമ്പദ് വ്യവസ്ഥയെ ശരിയായ പാതയില്‍ നിര്‍ത്തുകയും ചെയ്യുന്നു. ആഗോള പകര്‍ച്ചവ്യാധിക്കെതിരായ ഈ പോരാട്ടത്തില്‍ വെനസ്വേലക്കാര്‍ ഖത്തറിന് ഏറ്റവും വലിയ വിജയം നേരുന്നു. ഈ പോരാട്ടത്തില്‍ ഖത്തറുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത ആവര്‍ത്തിക്കുകയാണ്.ഐക്യദാര്‍ഢ്യം, സഹകരണം, ബഹുരാഷ്ട്രവാദം എന്നിവയാണ് മഹാമാരിക്കാലത്ത് ആവശ്യം. അതല്ലാതെ ഉപരോധങ്ങളും നിയന്ത്രണങ്ങളുമല്ല- അംബാസഡര്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍- വെനസ്വേല ബന്ധം വളരെ സൗഹാര്‍ദ്ദപരമാണ്. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നില്ലെന്നതും ദേശീയതയുടെ അടിസ്ഥാനത്തില്‍ മുന്വിധികളില്ലെന്നതുമാണ് ഖത്തറിനെ തങ്ങള്‍ ഇഷ്ടപ്പെടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരിയെതിരെ പോരാടുന്നതിന് ഖത്തരി അധികൃതര്‍ പുറപ്പെടുവിച്ച നടപടികളും ശുപാര്‍ശകളും പാലിക്കണമെന്ന് അംബാസഡര്‍ യോറിയോ ഖത്തറിലെ വെനിസ്വേലന്‍ സമൂഹത്തോടും പൊതുവേ പ്രവാസികളോടും അഭ്യര്‍ത്ഥിച്ചു.