in ,

ഒരു വൈറസിനും തടുക്കാനാവാത്ത കരുണയുടെ കരുതല്‍; 5 രാജ്യങ്ങളിലേക്ക് കൂടി ഖത്തറിന്റെ മെഡിക്കല്‍ സഹായം

കോവിഡ് പ്രതിസന്ധിയിലും അമീറിന്റെ നിര്‍ദേശം; വിവിധ ദേശങ്ങളിലേക്ക് ഖത്തര്‍ സഹായമൊഴുകുന്നു

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി

ദോഹ: കോവിഡ് മഹാമാരി വ്യാപിക്കുമ്പോഴും മറ്റു രാഷ്ട്രങ്ങള്‍ക്ക് കരുണയുടെ കരുതലുമായി ഖത്തര്‍. 5 സൗഹൃദ രാഷ്ട്രങ്ങള്‍ക്ക് കൂടി മെഡിക്കല്‍ സഹായം നല്‍കാനാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചത്. നോവല്‍ കൊറോണ വൈറസ്(കോവിഡ്19) മഹാമാരിയെ നേരിടുന്നതില്‍ വിവിധ രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായി കസാഖിസ്താന്‍, അഫ്ഗാനിസ്താന്‍, ബോസ്‌നിയ ആന്റ് ഹെര്‍സഗോവിന, നോര്‍ത്ത് മാസിഡോണിയ, സെര്‍ബിയ രാജ്യങ്ങളിലേക്കാണ് ഖത്തര്‍ അടിയന്തരമായി മെഡിക്കല്‍ സഹായമെത്തിക്കുന്നത്. കഴിഞ്ഞ ദിവസം അല്‍ബേനിയയില്‍ ഖത്തറിന്റെ സഹായമെത്തിയിരുന്നു. നേരത്തെ കോംഗോ, അംഗോള, ഇറ്റലി, ഇറാന്‍, ചൈന, നേപ്പാള്‍, റുവാണ്ട, ടുണീഷ്യ, അള്‍ജീരിയ, സൊമാലിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലും അമീറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് അടിയന്തര ആരോഗ്യസഹായമെത്തിച്ചിരുന്നു. അമേരിക്ക, യുകെ, ഫ്രാന്‍സ് ഉള്‍പ്പടെയുള്ള വന്‍കിട രാജ്യങ്ങളിലേക്കും ഖത്തര്‍ മെഡിക്കല്‍ സഹായമയച്ചു. ഒരു വൈറസിനും തടുക്കാനാവാത്ത സേവന സന്നദ്ധതയാണ് ഖത്തറിന്റേതെന്ന് ഇതിനകം വിലയിരുത്തപ്പെടുത്തിട്ടിട്ടുണ്ട്. ഖത്തറിലെ സന്നദ്ധ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനുപുറമേയുണ്ട്. ഖത്തര്‍ ചാരിറ്റിയും ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയും ഉള്‍പ്പടെയുള്ള സന്നദ്ധ പ്രസ്ഥാനങ്ങളും ഖത്തര്‍ എയര്‍വെയിസും വിവിധ രാജ്യങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. കോവിഡിനെ നേരിടുന്നതില്‍ രാജ്യാന്തരശ്രമങ്ങള്‍ക്ക് ഖത്തര്‍ എല്ലാ പിന്തുണയും നല്‍കുന്നതായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഖത്തര്‍ സഹായമേറ്റുവാങ്ങിയത് 20-ലധികം രാജ്യങ്ങള്‍

ഇരുപതിലധികം രാജ്യങ്ങളിലേക്ക് സഹായം കയറ്റിഅയച്ചിട്ടുണ്ട്. ഖത്തരി വ്യോമസേന സൗഹൃദ രാജ്യങ്ങളില്‍ ഫീല്‍ഡ് ആസ്പത്രികള്‍ സജ്ജമാക്കുന്നുണ്ട്. ഇറ്റലിയില്‍ 500 കിടക്കകള്‍ വീതമുള്ള രണ്ടു ഫീല്‍ഡ് ആസ്പത്രികള്‍ ഖത്തര്‍ സജ്ജമാക്കി. ടുണീഷ്യയിലും ഫീല്‍ഡ് ആസ്പത്രി ഒരുക്കി. വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വിവിധ രാജ്യങ്ങളില്‍ ആരോഗ്യപരിരക്ഷയുടെ പുന:സ്ഥാപനം ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും സംഭാവന നല്‍കുന്നുണ്ട്. ഈ പ്രസ്ഥാനങ്ങള്‍ക്കായി ഇതുവരെ 140 ദശലക്ഷം യുഎസ് ഡോളറാണ് സംഭാവന നല്‍കിയത്.

ഖത്തര്‍ നേതൃത്വത്തില്‍ ‘ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് ഓഫ് സോളിഡാരിറ്റി’

യുഎന്‍ വികസനപ്രോഗ്രാമിന്റെ(യുഎന്‍ഡിപി) ഇന്നൊവേഷന്‍ ലാബുമായും ഖത്തര്‍ സഹകരിക്കുന്നുണ്ട്. 47 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഈ പദ്ധതിയില്‍ കോവിഡിന്റെ പ്രതികൂല ഫലങ്ങള്‍ പരിഹരിക്കുന്നതിന് മാര്‍ഗങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. കോവിഡ് പ്രതിരോധിക്കുന്നതിനായുള്ള ബഹുരാഷ്ട്ര സഹകരണ ഗ്രൂപ്പിനും ഖത്തര്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്നുണ്ട്. കോവിഡ്19 നേരിടുന്നതിനായി ആഗോളസുരക്ഷക്കായി ഖത്തറിന്റെ പങ്കാളിത്തത്തില്‍ ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് ഓഫ് സോളിഡാരിറ്റിക്ക് തുടക്കംകുറിച്ചിട്ടുണ്ട്. ഖത്തറിനു പുറമെ ദക്ഷിണകൊറിയ, കാനഡ, ഡെന്‍മാര്‍ക്ക്, സിയാറ ലിയോണ്‍ എന്നീ രാജ്യങ്ങളാണ് പങ്കാളികള്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് വ്യാപനം ഉച്ഛസ്ഥായിലെത്തുമെന്ന സോഷ്യല്‍ മീഡിയ പ്രചാരണം അടിസ്ഥാനരഹിതം

പ്രവാസികളുടെ മടക്കം: രജിസ്‌ട്രേഷന്‍ ഉടന്‍ അവസാനിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ എംബസി