ദോഹ: പാശ്ചാത്യ രാജ്യങ്ങള്‍ ഇസ്രാഈലിന് നല്കുന്ന ധാര്‍മ്മിക സാമ്പത്തിക പിന്തുണ നിര്‍ത്തണമെന്ന് ഖത്തര്‍. യാതൊരു ഉപാധികളുമില്ലാതെയാണ് ഇസ്രാഈലിനുളള പിന്തുണ പിന്‍വലിക്കേണ്ടതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവും വിദേശകാര്യഹമന്ത്രിയുമായ ലുലു അല്‍ഖാതിര്‍ പറഞ്ഞു. സ്കൈ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തര്‍ ഫലസ്തീനുള്ള പിന്തുണ നിരുപാധികം തുടരും. സാമ്പത്തികമായ സഹായം പ്രത്യേകിച്ചും പല നിലകളില്‍ നല്‍കുമെന്നും അവര്‍ വിശദീകരിച്ചു.
1948 മുതല്‍ ഫലസ്തീന് ജനത വേദന തിന്നു ജീവിക്കുകയാണ്. ഇസ്രാഈല്‍ അധിനിവേശം അവര്‍ക്കുമേല്‍ ഉണ്ടാക്കിയ പ്രയാസത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഹമാസ് തുടക്കമിടുന്നത് 1980 കളില്‍ മാത്രമാണ്. ഹമാസ് വരുന്നതിനു മുമ്പ് അവര്‍ സഹിച്ചതിന് കയ്യും കണക്കുമില്ലെന്നും അവര്‍ വ്യക്തമാക്കി. അന്തര്‍ദേശീയ സമൂഹം ധാര്‍മ്മികമായും സാമ്പത്തികമായുമുള്ള സഹകരണം ഇസ്രാഈലുമായി അവസാനിപ്പിക്കുകയാണ് വേണ്ടത്. ഖത്തറിനെക്കുറിച്ച് വ്യാജപ്രചാരണം അഴിച്ചുവിടുന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്നുംഇസ്രാഈല് തകര്‍ത്തു തരിപ്പണമാക്കിയ ഫലസ്തീന് നഗരങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുമെന്നും ലുലുവ വിശദീകരിച്ചു.
500 മില്യണ്‍ ഡോളര്‍ പദ്ധതിയാണ് ഫല്സ്തീന് വേണ്ടി ആറു മാസത്തിനുള്ളില്‍ നടപ്പില്‍ വരുത്തുക. ഹമദ് റിഹാബിലിറ്റേഷന്‍ ആശുപത്രിയും ഇസ്രാഈല്‍ തകര്‍ത്ത ഖത്തര്‍ റെഡ്ക്രസന്റ് കെട്ടിടവും ഉള്‍പ്പെടെ പദ്ധതിയിലുണ്ട്. വൈദ്യുതി വിതരണത്തിനുള്ള ചില പദ്ധതികളും ഇതോടൊപ്പം നടക്കും. ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ നിയമപരമായ രീതിയിലാണ് ഖത്തര്‍ സഹായങ്ങള്‍ ചെയ്യുന്നത്. മാനുഷികമായ പി്ന്തുണ ഒരു ജനതക്ക് നല്കുന്നതാണതെന്നും ലുലുവ പറഞ്ഞു.
അവരുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി ഇസ്രാഈല്‍ പറയുന്ന കള്ളങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ല. ശൈഖ്ജറാഹില് വംശീയ ഉന്മൂലനം ലക്ഷ്യം വിട്ട് ആളുകളെ കുടിയിറക്കാന്‍ ശ്രമിച്ചതാണ് ഗസ്സയില്‍ ഏറ്റവുമൊടുവില്‍ നടന്നത്. സുരക്ഷാ സേനയുടെ പിന്തുണയോടെയായിരുന്നു ഈ അനീതി നടന്നത്. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് മുമ്പിലുണ്ടെന്നും അവര്‍ സ്കൈ ന്യുസിനോട് പറഞ്ഞു.