ദോഹ: ഖത്തര്‍ ഈ വര്‍ഷത്തെ ദേശീയദിന മുദ്രാവാക്യം പുറത്തുവിട്ടു. ‘പൂര്‍വ്വീകര്‍ തീര്‍ത്ത പച്ചത്തുരുത്ത് കാത്തുവെക്കല് നമ്മുടെ കര്‍ത്തവ്യം’ എന്ന ആശയം വരുന്ന ‘മറാബിഉല്‍ അജ്ദാദി…അമാന’ എന്നതാണ് ഈ വര്‍ഷത്തെ ദേശീയദിന മുദ്രാവാക്യം.
ഖത്തര്‍ രാഷ്ട്രപിതാവ് ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍താനിയുടെ കവിതാ ശകലങ്ങളില്‍ നിന്നുമാണ് പുതിയമുദ്രാവാക്യം എടുത്തിരിക്കുന്നത്. പ്രാചീന കാലം മുതല്ക്കേയുള്ള ഖത്തരികളുടെ പരിസ്ഥിതിയുമായുള്ള ബന്ധം, രാജ്യത്തിന്റെ വിവിധ മേഖലയിലെ ചുവടുവെപ്പ്, മുന്നേറ്റം, പഴയ കാല പ്രതാപം സംരക്ഷിക്കല്‍ തുടങ്ങിയവയെയാണ് പുതിയ മുദ്രാവാക്യം പ്രതിനിധീകരിക്കുന്നതെന്ന് ദേശീയദിന സംഘാടക സമിതി വ്യക്തമാക്കി.
ഖത്തറിന്റെ ദേശീയസത്വത്തിലൂന്നിക്കൊണ്ട് രാജ്യത്തോടുള്ള ആദരവ്, ഐക്യദാര്‍ഢ്യം, ഐക്യം, അഭിമാനം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതാണ് മുദ്രാവാക്യം.
ഹ്രസ്വ കാലയളവില്‍ ജനങ്ങളില്‍ ആവേശം ഉണര്‍ത്തുന്നതിന് പകരം, ദീര്‍ഘകാലത്തേക്ക് സമൂഹത്തില്‍ വേരോട്ടവും സ്വാധീനവും ഉണ്ടാക്കുന്നതിനുള്ള ദേശീയദിനത്തിെന്റ അഭിലാഷങ്ങളെയും ആഗ്രഹങ്ങളെയുമാണ് ഓരോ വര്‍ഷത്തെയും മുദ്രാവാക്യവും പ്രതിഫലിപ്പിക്കുന്നത്. കൂടാതെ ദേശീയ അടയാളങ്ങളെയും രാഷ്ട്രപിതാവ് ശൈഖ് ജാസിം ബിന്‍ താനി നേതൃത്വം നല്കിയ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെയും അവരുടെ തത്വങ്ങളയും മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു ഓരോ മുദ്രാവാക്യവും.
എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയദിനം ആഘോഷിക്കുന്നത്. ഇതാദ്യമായാണ് വളരെ നേരത്തെ തന്നെ ദേശീയദിന മുദ്രാവാക്യം പുറത്തുവിടുന്നത്. സാധാരണയായി നവംബര്‍ മാസത്തിലാണ് മുദ്രാവാക്യം പ്രകാശനം ചെയ്യാറുള്ളത്. മുദ്രാവാക്യത്തിന്റെ ആശയാവിഷ്കാരം സ്വീകരിച്ച കവിതാ വരികളും മുദ്രാവാക്യത്തിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
…എത്ര യാത്രാ സംഘങ്ങള്‍ കടന്നുപോയി,
ഉടയാടകള്‍ക്ക് പിന്നില്‍ മറഞ്ഞത് കാലത്തിന്റെ ഗതിമാറ്റം, കാലാവസ്ഥകളാല്‍ തെന്നിമാറിക്കൊണ്ടേയിരുന്ന വാസസ്ഥലങ്ങള്‍ പതിവു കാഴ്ചകള്‍, എന്നിട്ടും
ഞങ്ങളുടെ പുല്‍മേടുകള്‍ ഔഷധങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു… (ശൈഖ് ജാസിം കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)
ഖത്തര്‍ ദേശീയദിന മുദ്രാവാക്യം പുറത്തുവിട്ടു; ‘പൂര്‍വ്വീകര്‍ തീര്‍ത്ത പച്ചത്തുരുത്ത് കാത്തുവെക്കല് നമ്മുടെ കര്‍ത്തവ്യം’
