in

ഗള്‍ഫ് പ്രതിസന്ധി: ഖത്തറിന്റെ പരമാധികാരം ദുര്‍ബലപ്പെടുത്തില്ലെന്ന് അല്‍ഷാഫി

സലേം ബിന്‍ മുബാറക്ക് അല്‍ഷാഫി

ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഖത്തറിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തില്ലെന്ന് തുര്‍ക്കിയിലെ ഖത്തര്‍ അംബാസഡര്‍ സാലിം ബിന്‍ മുബാറക്ക് അല്‍ഷാഫി പറഞ്ഞു. രക്ഷാകര്‍തൃത്തമോ ആജ്ഞാപനമോ അംഗീകരിക്കാനും കഴിയില്ല. ഇതു കണക്കിലെടുത്തുകൊണ്ടായിരിക്കണം ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഏതൊരു ശ്രമവുമെന്നും അനദോളു ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയില്‍ അല്‍ഷാഫി പറഞ്ഞു.
ഉപരോധം നീക്കുന്നതും രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കുന്നതും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നതും അന്താരാഷ്ട്ര നിയമത്തെയും രാജ്യങ്ങള്‍ തമ്മിലുള്ള സമത്വ തത്വത്തെയും ബഹുമാനിക്കുന്നതുമായ ഏതൊരു പ്രശ്‌നപരിഹാര സംരംഭത്തിനും ഖത്തറിന് തുറന്ന കാഴ്ചപ്പാടാണുള്ളത്. മേഖലയെ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യം നിര്‍ണായകമാണെന്ന് ഖത്തര്‍ എല്ലാ അവസരങ്ങളിലും ഊന്നിപ്പറഞ്ഞിട്ടുണ്ട്. എല്ലാ പ്രാദേശിക, അന്തര്‍ദേശീയ സമ്മേളനങ്ങളിലും ഫോറങ്ങളിലും ഖത്തര്‍ എല്ലായ്‌പ്പോഴും സാന്നിധ്യമറിയിക്കുന്നുണ്ട്. സംഘര്‍ഷങ്ങള്‍ പരിമിതപ്പെടുത്തുന്നതിലും കാഴ്ചകളെ കൂടുതല്‍ അടുപ്പിക്കുന്നതിലും നയതന്ത്രപരമായ പങ്കിന്റെയും സംഭാഷണത്തിന്റെയും പ്രാധാന്യവും രാജ്യം ആവര്‍ത്തിച്ചുവ്യക്തമാക്കുന്നുണ്ട്.
മേഖലക്ക് ഇപ്പോള്‍ എന്നത്തേക്കാളും യോജിപ്പും സഹകരണവും ആവശ്യമാണ്. ഗള്‍ഫ് പ്രതിസന്ധി പൗരന്മാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുകയാണ് ചെയ്തത്. നിരവധി കുടുംബങ്ങളുടെ സാമൂഹിക ബന്ധങ്ങള്‍ വലിച്ചുകീറുകയും മതപരമായ അവകാശങ്ങള്‍ പാലിക്കുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്യപ്പെട്ടു. ഭീകരതയുമായി ബന്ധിപ്പിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്ന ആസൂത്രിതമായ പ്രചാരണമാണ് ഖത്തറിന് നേരിടേണ്ടിവന്നത്. എന്നാല്‍ ചെറുതും ലജ്ജാകരവുമായ ഇത്തരം പ്രവര്‍ത്തനങ്ങളെ ഉറച്ചതും ആത്മവിശ്വാസമുള്ളതുമായ ഖത്തരി നയതന്ത്രം മറികടക്കുകയായിരുന്നുവെന്ന് അല്‍ഷാഫി ചൂണ്ടിക്കാട്ടി. റമദാന്‍ മാസത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയത് ആശ്ചര്യകരമായ പ്രത്യാഘാതമുണ്ടാക്കി എന്നതില്‍ സംശയമില്ല. പ്രത്യേകിച്ചും അയല്‍ക്കാരായി കണക്കാക്കപ്പെടുന്നവരില്‍ നിന്നായിരുന്നു ഉപരോധം. എന്നാല്‍ അതിന് മുമ്പുള്ള മറ്റ് ശ്രമങ്ങളുടെ ഫലമായിരുന്നു ഉപരോധം. ആ ശ്രമങ്ങള്‍ അടുത്തതായി എന്ത് സംഭവിക്കുമെന്നതിന്റെ സൂചനകളായിരുന്നു.
1996ല്‍ ഖത്തറിനെ ആക്രമിക്കാന്‍ നടന്ന ശ്രമങ്ങളും 2014ല്‍ ഇതേരാജ്യങ്ങള്‍ തങ്ങളുടെ അംബാസഡര്‍മാരെ ദോഹയില്‍ നിന്നും പിന്‍വലിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയില്‍ എന്തെങ്കിലും പ്രതികൂല സംഭവങ്ങളുണ്ടായാല്‍ അഭിമുഖീകരിക്കുന്നതിനായി ഖത്തറിനെ സമ്പദ്വ്യവസ്ഥയെയും നിക്ഷേപങ്ങളെയും വൈവിധ്യവത്കരിക്കുന്നതിന് തയ്യാറാകാന്‍ പ്രേരിപ്പിച്ച സൂചനകളാണിതെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരെ പോരാടുന്നതിന് യുഎന്‍ ഓഫീസ് സ്ഥാപിക്കുന്നതിന് ദോഹയെ തെരഞ്ഞെടുത്ത കാര്യവും അംബാസഡര്‍ ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫിഫ റാങ്കിങില്‍ ഖത്തര്‍ 55-ാം സ്ഥാനം നിലനിര്‍ത്തി, ഗള്‍ഫില്‍ ഒന്നാമത്‌

ഡബ്ല്യുപിഎല്‍ ആഗോള വെബിനാറില്‍ ശൂറാ കൗണ്‍സില്‍ പങ്കെടുത്തു