
ദോഹ: അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) വിധി ഖത്തറിന് അനുകൂലവും ഉപരോധ രാജ്യങ്ങള്ക്കെതിരെയാണെന്നും ഐസിജെയിലെ ഖത്തറിന്റെ ഏജന്റ് ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ഖുലൈഫി. 2017 ജൂണ്‍ അഞ്ചിന് ഖത്തറിനെതിരെ സഊദി സഖ്യരാജ്യങ്ങള്‍ ഉപരോധം തുടങ്ങിയശേഷം ജുഡീഷ്യല്‍ തലത്തില്‍ ഖത്തറിന് ലഭിക്കുന്ന മൂന്നാമത്തെ വിജയമാണിതെന്നും അല്‍ജസീറക്കു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഉപരോധ രാജ്യങ്ങളുടെ ഖത്തറിനെതിരായ വ്യോമനിയന്ത്രണത്തിനെതിരെയാണ് ഐസിജെ വിധി പുറപ്പെടുവിച്ചത്. ഉപരോധ രാജ്യങ്ങളുടെ അപ്പീലുകള്‍ തള്ളിയ ഐസിജെ, ഖത്തറിന്റെ വാദങ്ങള്‍ കേള്‍ക്കാന്‍ രാജ്യാന്തര സിവില്‍ വ്യോമയാന സംഘടനക്ക് അധികാരമുണ്ടെന്നും വ്യക്തമാക്കി. ജുഡീഷ്യല്‍ വിജയത്തിന് സര്‍ക്കാരിനെയും ജനങ്ങളെയും അഭിനന്ദിക്കുന്നതായും ഡോ. അല്‍ഖുലൈഫി പറഞ്ഞു. ഖത്തറില്‍ നിന്നുള്ള പരാതികള്‍ പരിഗണിച്ചാണ് ഉപരോധ രാജ്യങ്ങളുടെ അപ്പീലുകള്‍ ഐസിജെ നിരസിച്ചതെന്ന് അല്‍ഖുലൈഫി പറഞ്ഞു. ഉപരോധത്തിന്റെ തുടക്കംമുതല്‍ സിവില്‍ വ്യോമയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഖത്തര്‍ ഐസിഎഒക്ക് പരാതി നല്‍കിയിരുന്നു. ഐസിഎഒയുടെ അധികാപരിധി സംബന്ധിച്ച കാര്യത്തില്‍ ഉപരോധ രാജ്യങ്ങള്‍ നിയോഗിച്ച പ്രത്യേക ജഡ്ജി ഉള്‍പ്പടെ കോടതി അംഗങ്ങള്‍ ഏകകണ്ഠമായാണ് ഖത്തറിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. തന്നെ നിയമിച്ച രാജ്യങ്ങള്‍ക്കെതിരെ പ്രത്യേക ജഡ്ജിക്ക് വോട്ട് ചെയ്യേണ്ടിവന്ന അപൂര്‍വ കേസുകളിലൊന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐസിജെ കഴിഞ്ഞദിവസം പുറപ്പെടുവിച്ച തീരുമാനവുമായി ബന്ധപ്പെട്ട് അടുത്ത നിയമനടപടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഖത്തറിന്റെ പരാതിയോടു പ്രതികരിക്കാന്‍ ഐസിഎഒ കൗണ്‍സില്‍ ഉപരോധരാജ്യങ്ങള്‍ക്ക് നിശ്ചിയ കാലയളവ് നല്‍കിയിട്ടുണ്ട്.ഏഴുദിവസമാണ് കാലാവധി. ഉപരോധരാജ്യങ്ങള്‍ക്ക് പരാതിയില്‍ രേഖാമൂലം പ്രതികരിക്കാന്‍ ഏഴുദിവസത്തെ സമയമുണ്ട്. സിവില്‍ ഏവിയേഷന്‍ തര്‍ക്കങ്ങള്‍ പരിശോധിക്കാനുള്ള യോഗ്യതയുള്ള സംഘടനയെന്ന നിലയിലാണ് ഖത്തര്‍ ഐസിഎഒയെ സമീപിച്ചത്. ഈ വിഷയങ്ങള്‍ ഈ സംഘടനയുടെ കുടക്കീഴില് മാത്രമേ പരിഹരിക്കപ്പെടുകയുള്ളൂ. ഉപരോധത്തിനുശേഷം നേരത്തെ രണ്ടുതവണ ഐസിജെയില്‍ നിന്നും ഖത്തറിനു അനുകൂലമായ ഉത്തരവ് വന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.