
ദോഹ: കൊറോണ വൈറസിനെ(കോവിഡ്-19)തിരായ ഖത്തര്‍ ചാരിറ്റി(ക്യുസി)യുടെ ബോധവത്കരണ കാമ്പയിന്റെ പ്രയോജനം ലഭിച്ചത് 56,000ലധികം പേര്‍ക്ക്. രാജ്യത്തെ വിവിധ അതോറിറ്റികളുമായി സഹകരിച്ചാണ് ഖത്തര്‍ ചാരിറ്റി ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചത്. 56,806 പേര്‍ക്ക് പ്രയോജനം ലഭിച്ചു. ഭരണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവയുടെ സഹകരണമുണ്ടായിരുന്നു.
53,206 തൊഴിലാളികള്‍ക്കും ആരോഗ്യ ബോധവത്കരണ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന 3600 പേര്‍ക്കും പ്രയോജനം ലഭിച്ചു. അനുഭവസമ്പത്തും വൈദഗ്ദ്ധ്യവുമുള്ള യോഗ്യരായ നൂറു കേഡര്‍മാര്‍ ഉള്‍പ്പെട്ട ഫീല്‍ഡ് വര്‍ക്ക് ടീമാണ് കാമ്പയിന് നേതൃത്വം നല്‍കിയത്. ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള 8700 സന്നദ്ധപ്രവര്‍ത്തകരും പങ്കാളികളായി. കാമ്പയിന്റെ ഭാഗമായി 26,000 ത്തിലധികം ആരോഗ്യ, ബോധവല്‍ക്കരണ ബാഗുകള്‍ വിതരണം ചെയ്തു, 53,206 ഭക്ഷ്യ ബാസ്‌ക്കറ്റുകളും വ്യക്തിഗത ശുചിത്വ ഉപകരണങ്ങള്‍, സാനിറ്റൈസറുകള്‍, മാസ്‌കുകള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കളും വിതരണം ചെയ്തു. ഓരോ തൊഴിലാളിയുടെയും ഭാഷയില്‍ വിദ്യാഭ്യാസ ലഘുലേഖകളും വിതരണം ചെയ്തു.
തൊഴിലാളികള്‍ കൂടുതലായുള്ള പ്രദേശങ്ങള്‍, വീടുകള്‍, വ്യവസായ കോംപ്ലക്‌സുകള്‍, വിവിധ മേഖലകളിലെ നിര്‍മാണ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു കാമ്പയിന്‍. ഖത്തര്‍ ചാരിറ്റി പുറത്തിറക്കിയ വിദ്യാഭ്യാസ ബ്രോഷറുകളുടെയും പ്രസിദ്ധീകരണങ്ങളുടെയും 9,000 പകര്‍പ്പുകള്‍ ഉറുദു, ഹിന്ദി, ഫിലിപ്പിനോ, ശ്രീലങ്കന്‍, നേപ്പാളീസ് ഉള്‍പ്പടെ ഒന്‍പത് ഭാഷകളില്‍ വിതരണം ചെയ്തു. ഓരോ ഭാഷയിലും 1000 കോപ്പികള്‍ വീതമായിരുന്നു വിതരണം.
ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പടെയാണ് ബ്രോഷറുകളിലും പ്രസിദ്ധീകരണങ്ങളിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജീവനക്കാരെയും തൊഴിലാളികളെയും ബോധവത്കരിക്കുന്നുണ്ട്. അവബോധ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യുന്നതിലൂടെ കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനായി ഖത്തര്‍ ചാരിറ്റി അധിക മുന്‍കരുതല്‍ നടപടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
കൊറോണ വൈറസ് പകര്‍ച്ചവ്യാധി നേരിടുന്നതില്‍ മുപ്പത് രാജ്യങ്ങളെ സഹായിക്കുന്നതിനും ഖത്തര്‍ ചാരിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി രാജ്യങ്ങളില്‍ വൈറസിനെ നേരിടാന്‍ സംഭാവന ചെയ്യുന്നതിനുള്ള കാമ്പയിന്‍ പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നുണ്ട്. ഇതിനിടെ യുഎസിലെ ഖത്തര്‍ എംബസി ഹൂസ്റ്റണില്‍ 5000 സംരക്ഷണ മാസ്‌ക്കുകള്‍ വിതരണം ചെയ്തു. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിത് ഖത്തറിന്റെ സംഭാവനക്ക് നന്ദി അറിയിക്കുന്നതായി ഹൂസ്റ്റണ്‍ മേയറുടെ ഓഫീസ് പറഞ്ഞു.
ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ ഖത്തരിലെ കെനിയന്‍ കമ്യൂണിറ്റിക്ക് ഭക്ഷ്യോത്പന്നങ്ങള്‍ വിതരണം ചെയ്തു. ആവശ്യം അര്‍ഹിക്കുന്ന 500 കെനിയന്‍ കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. പഞ്ചസാര, എണ്ണ, അരി, ഉപ്പ്, ധാന്യപ്പൊടി, കാന്‍ഡ് ട്യൂണ, കോണ്‍സെന്‍ട്രേറ്റഡ് മില്‍ക്ക്, ടീബാഗ്‌സ്, പാസ്റ്റ, ബേക്കഡ് ഗ്രീന്‍, വൈറ്റ് ബീന്‍സ് തുടങ്ങിയവയാണ് ഭക്ഷ്യപായ്ക്കറ്റിലുള്ളത്.