
ദോഹ: ഖത്തര്‍ കെ എം സി സി സംസ്ഥാന സമിതി മെഡിക്കല്‍ ഹെല്‍പ് ലൈന് തുടക്കം കുറിച്ചു. കോവിഡ് 19 പശ്ചാത്തലത്തില്‍ ഖത്തറിലെ ലോക്ഡൗണ്‍ മേഖലകളിലുള്‍പ്പെടെയുള്ള വിവിധ തരം മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്ന രോഗികള്‍ക്ക് ് അവ ലഭ്യമാവുന്നതിനു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനു വേണ്ടിയാണിതെന്ന് ഭാരവാഹികള്‍ അറിയിച്ചു. കെ എം സി സി സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി ഹാരിസ്, സൂപ്പി കല്ലറക്കല്‍, നിസ്താര്‍ പട്ടേല്‍ എന്നിവരാണ് കോര്‍ഡിനേറ്റര്‍മാര്‍.
അവശ്യ മരുന്നുകള്‍ രോഗികള്‍ക്ക് വീടുകളില്‍ എത്തിച്ചുകൊടുക്കാനുള്ള സംവിധാനമൊരുക്കും. കൂടാതെ നാട്ടിലെ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അതേ ഉള്ളടക്കമുള്ള ഖത്തറില്‍ ലഭ്യമായ മരുന്നുകളും എത്തിക്കും. ഖത്തറില്‍ നിരോധിച്ചിട്ടില്ലാത്ത മരുന്നുകള്‍ അത്യാവശ്യഘട്ടങ്ങളില്‍ നാട്ടില്‍ നിന്നു എത്തിക്കുന്നതിനു സഹായവും ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. യൂത്ത് ലീഗ് സംസ്ഥാന വൈറ്റ് ഗാര്‍ഡ് മെഡിക്കല്‍ വിംഗായ മെഡി-കെയറുമായി ചേര്‍ന്നാണ് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുക.

കേരള സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ഷഫീഖ് വാച്ചാല്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം മെഡിക്കല്‍ എയ്ഡ് ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ്, അലീവിയാ- വെല്‍കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ അഷ്‌റഫ്, കെയര്‍ ആന്റ് ക്യൂര്‍ ചെയര്‍മാന്‍ ഇ.പി.അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് പുറമെ ദോഹയിലെ വിവിധ ഡോക്ടര്‍മാരുമായുമായുമായും സഹകരിച്ചാണ് ഖത്തറില്‍ കെ എം സി സി മെഡികെയര്‍ ടീം പ്രവര്‍ത്തിക്കുക. ആവശ്യമായ മരുന്നിന്റെ ശീട്ട് (പ്രിസ്‌ക്രിഷന്‍) മരുന്നിന്റെ കവര്‍ ഫോട്ടോ, ഖത്തറില്‍ ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെങ്കില്‍ അത്, എന്ത് രോഗത്തിനാണ് മരുന്ന് കഴിക്കുന്നത് തുടങ്ങി വിശദവിവരങ്ങളാണ് രോഗികള്‍ പ്രാഥമികമായി അറിയിക്കേണ്ടത്. വാട്‌സാപ്പ് ചെയ്യേണ്ട നമ്പര്‍: 335 332 99 (ആവശ്യക്കാര്‍ വ്യക്തമായ വിവരങ്ങള്‍ വാട്‌സാപ് വഴി നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക)