in

ക്യുഎംസിയുടെ പുതിയ ചാനല്‍ ഖത്തര്‍-2 വ്യാഴാഴ്ച മുതല്‍

ഖത്തര്‍-2വിന്റെ ലോഞ്ചിങ് തയാറെടുപ്പുകള്‍ ക്യു എം സി സി ഇ ഒ ശൈഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹമദ് അല്‍താനി വിലയിരുത്തുന്നു

ദോഹ: ഖത്തര്‍ മീഡിയ കോര്‍പ്പറേഷന്റെ(ക്യുഎംസി) പുതിയ ചാനല്‍ ഖത്തര്‍-2വിന് വ്യാഴാഴ്ച തുടക്കംകുറിക്കും. പുതിയ ചാനലിന്റെ ക്രമീകരണങ്ങളും തയാറെടുപ്പുകളും പൂര്‍ത്തിയാക്കി. ഖത്തര്‍ മീഡിയ കോര്‍പ്പറേഷന്റെ(ക്യുഎംസി) സിഇഒ ശൈഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹമദ് അല്‍താനി ഒരുക്കങ്ങള്‍ വിലയിരുത്തി. ഖത്തര്‍ ടിവിയുടെ സീരീസ്, നാടകങ്ങള്‍ മുതല്‍ പ്രോഗ്രാമുകള്‍ വരെയുള്ള ഏറ്റവും പ്രധാനപ്പെട്ടവയില്‍നിന്നും തെരഞ്ഞെടുക്കുന്നവ ഖത്തര്‍-2 ചാനലില്‍ പുനസംപ്രേഷണം ചെയ്യും.
ഖത്തര്‍ ടിവിയുടെ ഉള്ളടക്ക ലൈബ്രറിയില്‍നിന്നും വീണ്ടും പ്രക്ഷേപണം ചെയ്യുന്നതിനുള്ള പ്രോഗ്രാമുകള്‍ തെരഞ്ഞെടുക്കുന്നതിനായി വിദഗ്ദ്ധരടങ്ങിയ ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഖത്തര്‍ ടിവി വര്‍ഷങ്ങളായി കാഴ്ചക്കാരുടെ ആവശ്യം നിറവേറ്റുന്നതില്‍ സവിശേഷമായ പങ്ക് വഹിക്കുന്നുണ്ട്. ഖത്തര്‍-2 എന്ന പുതിയ ചാനലും ഉയര്‍ന്ന നിലവാരമുള്ള ഖത്തരി ചാനലുകള്‍ക്കൊപ്പം ചേരുമെന്ന് ശൈഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹമദ് അല്‍താനി ചൂണ്ടിക്കാട്ടി. ഖത്തര്‍ ടിവിയുടെ മൂല്യമേറിയ ആര്‍ക്കൈവിലെ അവിസ്മരണീയമായ ഉള്ളടക്കം പൊതുജനങ്ങളുടെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി അവ ഖത്തര്‍-2 ചാനലില്‍ വീണ്ടും സംപ്രേഷണം ചെയ്യും.
പ്രക്ഷേപണത്തിന് യോഗ്യമായ ഉള്ളടക്കങ്ങളെല്ലാം തെരഞ്ഞെടുത്തശേഷമാണ് പുതിയ ചാനല്‍ തുടങ്ങുന്നതെന്ന് ഖത്തര്‍ ടിവി അസിസ്റ്റന്റ് ഡയറക്ടര്‍ മുബാറക്ക് അല്‍അവാമി പറഞ്ഞു. സീരിസുകളും നാടകങ്ങളുമെല്ലാം പുതിയ ചാനലിലുണ്ടാകും. ഖത്തറിനകത്തും പുറത്തും നിരവധി കാഴ്ചക്കാരുടെ പ്രിയപ്പെട്ട ചാനലായി ഖത്തര്‍ ടിവി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിന്റെ ലോകകപ്പ് തയാറെടുപ്പുകള്‍ പ്രശംസനീയം: മഷെരാനോ

നിയമലംഘനങ്ങള്‍ക്കെതിരെ കാമ്പയിന്‍ ശക്തമാക്കി