
ദോഹ: മാര്‍ച്ച് അവസാനം മുതല്‍ ഏപ്രില്‍ പകുതി വരെ രാജ്യത്തെ പ്രതിവാര കാര്‍ യാത്രകളുടെ എണ്ണം 50 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. അതേസമയം റമദാനോടനുബന്ധിച്ച് ഏപ്രില്‍ അവസാനത്തിലും മെയ് ആരംഭത്തിലും കാര്‍ യാത്രകളുടെ തോതില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഖത്തര്‍ മൊബിലിറ്റി ഇന്നൊവേഷന് സെന്ററിന്റെ(ക്യുഎംഐസി) കോവിഡിനോടനുബന്ധിച്ചുള്ള മൊബിലിറ്റി അനലിറ്റിക്സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. മഹാമാരിയുടെ തുടക്കംമുതല്‍ മെയ് ആദ്യവാരം വരെ ഖത്തറിലെ വാഹനചലനങ്ങള്, ചലനാത്മക സ്വഭാവം എന്നിവയെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം മാര്‍ച്ച് അവസാനം മുതല്‍ നിരത്തുകളിലെ പ്രതിവാര വാഹനത്തിരക്ക് 55 മുതല്‍ 66 ശതമാനം കുറഞ്ഞു. മെയ് ആദ്യ വാരത്തിലാണ് ഏറ്റവും വലിയ കുറവുണ്ടായത്, 66 ശതമാനം. പ്രതിവാര ഔട്ട്ഡോര്‍ മൊബിലിറ്റി സര്‍വീസുകളില്‍ മാര്‍ച്ച് അവസാനം മുതല്‍ ഏപ്രില്‍ അവസാനം വരെ ഏകദേശം 45 ശതമാനം കുറഞ്ഞു. അതേസമയം മെയ് ആദ്യം പ്രവര്‍ത്തനത്തിന്റെ തോത് വര്‍ധിച്ചു.
മാര്‍ച്ച് ആദ്യം മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രതിവാര യാത്രാ സര്‍വീസുകള്‍ ഗണ്യമായി കുറയാന്‍ തുടങ്ങി. ഏപ്രില്‍ ആദ്യം മുതല്‍ പ്രതിവാരം 80 ശതമാനം കുറവുണ്ടായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ക്യുഎംഐസിയുടെ അത്യാധുനിക ഗതാഗത നിരീക്ഷണ വിലയിരുത്തല്‍ പ്ലാറ്റ്ഫോമായ മസരക് ശേഖരിച്ച സമഗ്രവും സമ്പന്നവുമായ ട്രാഫിക് ഡാറ്റാബാങ്കിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ഖത്തറിന്റെഗതാഗത ചലന സ്വഭാവത്തെക്കുറിച്ച് പ്രതിദിനം ദശലക്ഷക്കണക്കിന് ഡാറ്റാ റെക്കോര്‍ഡുകളാണ് മസരക് ശേഖരിക്കുന്നത്. ഫെബ്രുവരി ആദ്യപകുതിയിലെ(കോവിഡ്മഹാമാരിക്ക് മുന്‍പ്) ഗതാഗത ചലന സ്വഭാവം അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഫെബ്രുവരി പകുതി മുതല്‍ മെയ് ആദ്യ ആഴ്ചവരെ ഗതാഗത പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മാറിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.