
ദോഹ: ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗീലെ അടുത്തറൗണ്ട് മത്സരങ്ങള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും. 18-ാം റൗണ്ട് മത്സരങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്. ഇന്നു വൈകുന്നേരം 4.45ന് വഖ്റ അല്‍ജാനൂബ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യമത്സരത്തില്‍ അല്‍ഗരാഫ അല്അറബിയെയും രാത്രി ഏഴിന് അല്‍സദ്ദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബ് അല്റയ്യാനെയും നേരിടും. നാളെ വൈകുന്നേരം 4.45ന് അല്‍ജാനൂബ് സ്റ്റേഡിയത്തില്‍ അല്‍ദുഹൈല്‍ ഉംസലാലിനെയും രാത്രി ഏഴിന് അല്‍സദ്ദ് സ്റ്റേഡിയത്തില്‍ അല്‍ഖോര്‍ ആതിഥേയരായ അല്സദ്ദിനെയും നേരിടും.
26ന് വഖ്റ സെയ്ലിയയെയും അല്‍ഷഹാനിയ അല്അഹ്ലിയെയും നേരിടും. ലീഗില്‍ പതിനേഴ് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 42 പോയിന്റുമായി അല്ദുഹൈലാണ് ഒന്നാമത്. 38 പോയിന്റുമായി റയ്യാന്‍ രണ്ടാമത്. 32 പോയിന്റുമായി അല്‍സദ്ദ് മൂന്നാമത്. 28 പോയിന്റുമായി അല്‍ഗരാഫ നാലാമത്.
കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നതിന്റെ ഭാഗമായാണ് മത്സരങ്ങളും പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. ഖത്തര്‍ സ്റ്റാര്‍സ് ലീഗാണ്(ക്യുഎസ്എല്‍) ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ക്യുഎസ്എല്‍ വികസിപ്പിച്ച പ്രോട്ടോക്കോളിന്റെയും പൊതുപദ്ധതിയുടെയും അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുക. ഇതിനു മുന്നോടിയായി ക്ലബ് ഭാരവാഹികളുമായും പ്രതിനിധികളുമായും വീഡിയോകോണ്‍ഫറന്‍സ് മുഖേന ക്യുഎസ്എല്‍ യോഗം വിളിച്ചുചേര്‍ത്തിരുന്നു. മത്സരത്തിന്റെ ഒരുക്കങ്ങളും തയാറെടുപ്പുകളും വിലയിരുത്തി. ക്യുഎസ്എല്‍ കോംപറ്റീഷന്‍സ് വകുപ്പ് ഡയറക്ടര്‍ അഹമ്മദ് സല്മാന് അല്‍അദ്സാനി യോഗത്തില്‍ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍, പൊതു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ യോഗത്തില്‍ വിലയിരുത്തി. മത്സര-ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികളും ചര്‍ച്ച ചെയ്തു. മത്സരങ്ങള്‍ക്കു മുന്നോടിയായി ക്ലബ്ബുകളെല്ലാം പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും കോവിഡ് പരിശോധനയും നടത്തി.