
ദോഹ: ടോക്കിയോ ഒളിമ്പിക്സ് അടുത്തവര്‍ഷത്തേക്ക് നീട്ടിയ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ(ഐഒസി) തീരുമാനത്തെ പിന്തുണച്ച് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി). ടോക്കിയോ ഒളിമ്പിക്സ് സംഘാടകസമിതിയുമായി സഹകരിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. ഐഒസി ദേശീയ ഒളിമ്പിക് കമ്മിറ്റികളുമായും അന്താരാഷ്ട്ര ഫെഡറേഷനുകളുമായും വീഡിയോ കോണ്‍ഫറന്‍സ് മുഖേന യോഗം നടത്തിയിരുന്നു.
ഈ യോഗത്തിലും ക്യുഒസി പങ്കെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ടോക്കിയോ ഒളിമ്പിക്സുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും പഠിക്കുന്നതായി ഐഒസി വ്യക്തമാക്കുകയും ചെയ്തു. കായികതാരങ്ങളുടെ ആരോഗ്യവും സുരക്ഷയും നിലവിലെ സാഹചര്യങ്ങളുമെല്ലാം വിശദമായി പഠിച്ച് വിലയിരുത്തിയശേഷമാണ് ഒളിമ്പിക്സ് 2021ലേക്ക് നീട്ടാന്‍ തീരുമാനിച്ചത്. ഈ തീരുമാനം അത്ലറ്റുകളുടെയും ഒളിമ്പിക് കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഐഒസിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി പറഞ്ഞു.
അതുകൊണ്ടുതന്നെ ക്യുഒസി ഈ തീരുമാനത്തെ പിന്തുണക്കുകയും കൊറോണ വൈറസിന്റെ(കോവിഡ് -19) വ്യാപനവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യത്തില്‍, മാറ്റിവയ്ക്കാനുള്ള തീരുമാനം ഉത്തരവാദിത്തപരമായ തീരുമാനമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു- ശൈഖ് ജുആന്‍ ചൂണ്ടിക്കാട്ടി. ടോക്കിയോ ഒളിമ്പിക്സ് എല്ലാവര്ക്കും പ്രതീക്ഷയുടെ ഉറവിടമാകുമെന്നും കൊറോണ വൈറസ് വ്യാപനത്തിന്റെ അവസാനം ലോകം ആഘോഷിക്കുന്നതിനാല്‍ ഇത് ഒരു പ്രത്യേക പതിപ്പായിരിക്കുമെന്നതില് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.