Thursday, October 22ESTD 1934

ജറുസലേമിലെ അല്‍മകസ്സെദ് ആസ്പത്രിക്ക് ക്യുആര്‍സിഎസിന്റെ സഹായം

ദോഹ: ജറൂസലേമിലെ അല്‍മകസ്സെദ് ഇസ്‌ലാമിക് ചാരിറ്റബിള്‍ ആസ്പത്രിയിലേക്ക് ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്)യുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു. ഫലസ്തീന്‍ റെഡ്ക്രസന്റ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് മെഡിക്കല്‍ സാമഗ്രികള്‍ എത്തിച്ചിരിക്കുന്നത്. 20 സിറിഞ്ച് പമ്പുകള്‍ അടക്കമുള്ള ആദ്യ ബാച്ച് കഴിഞ്ഞദിവസം ആസ്പത്രി അധികൃതര്‍ സ്വീകരിച്ചു. മുതിര്‍ന്നവര്‍ക്കും ശിശുരോഗ, തീവ്രപരിചരണ വിഭാഗങ്ങള്‍ക്കുമായി വിപുലമായ സൗകര്യങ്ങളാണ് ആസ്പത്രിയിലുള്ളത്. 88 കിടക്കകളാണുള്ളത്. വര്‍ഷങ്ങളായി ഉപയോഗത്തിലുള്ള മറ്റു ഉപകരണങ്ങള്‍ക്കു പുറമെയാണ് ക്യുആര്‍സിഎസിന്റെ ഈ അധികസഹായമെന്ന് പ്രൊജക്റ്റ് ഓഫീസര്‍ ഡോ.സുഹൈല്‍ മിയാദിയും ബയോമെഡിക്കല്‍ എന്‍ജിനിയറിങ് വകുപ്പ് മേധാവി എന്‍ജിനിയര്‍ ജിഹാദ് അല്‍മൂസയും പറഞ്ഞു. അടിയന്തരമായി ആവശ്യമായ ഉപകരണങ്ങളുടെ കുറവ് കണക്കിലെടുത്താണ് ക്യുആര്‍സിഎസ് മെഡിക്കല്‍ സഹായം എത്തിച്ചിരിക്കുന്നത്. രണ്ടര ലക്ഷം ഡോളറിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇപ്പോള്‍ വിതരണം ചെയ്ത ഉപകരണങ്ങള്‍ക്കുപുറമെ അഞ്ച് കൃത്രിമ വെന്റിലേറ്ററുകള്‍, രണ്ടു മൈക്രോസ്‌കോപ്പുകള്‍, രണ്ട് അള്‍ട്രാസൗണ്ട് മെഷീനുകള്‍ എന്നിവയും ഉടന്‍ എത്തിക്കും. ഈ പിന്തുണയിലൂടെ, ആസ്പത്രിയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താനും രോഗനിര്‍ണയവും ചികിത്സയും ത്വരിതപ്പെടുത്താനും കഴിയും. പീഡിയാട്രിക് സര്‍ജറിയില്‍ 160, തീവ്രപരിചരണ വിഭാഗത്തില്‍ 160, സെന്‍ട്രല്‍ ലാബില്‍ 3,600, മറ്റു വിവിധ വകുപ്പുകളില്‍ 4,500 പേര്‍ ഉള്‍പ്പെടെ പ്രതിവര്‍ഷം 8,500 ഓളം പേര്‍ക്കാണ് ആസ്പത്രിയുടെ പ്രയോജനം ലഭിക്കുന്നത്. ജറുസലേമിലെ പലസ്തീന്‍ ആരോഗ്യമേഖലയുടെ നട്ടെല്ലാണ് ഈ ആസ്പത്രി.

error: Content is protected !!