
ദോഹ: ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്) ലോക ഓട്ടിസം ബോധവല്‍ക്കരണദിനം ആചരിച്ചു. ഓട്ടിസത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ആഗോളതലത്തിലെ പ്രചാരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞദിവസം ക്യുആര്‍സിഎസിന്റെ പരിസരം നീലനിറത്തില്‍ പ്രകാശിപ്പിച്ചു. എല്ലാവര്‍ഷവും ഏപ്രില്‍ രണ്ടിനാണ് ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനം ആചരിക്കുന്നത്. ഓട്ടിസത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വ്യാപകമാക്കുകയെന്നതാണ് ദിനാചരണത്തിന്റെ പ്രധാനലക്ഷ്യം.
ഓട്ടിസം ബാധിച്ച വ്യക്തികളുടെ സാമൂഹിക സംയോജനത്തിനായി ആഹ്വാനം ചെയ്യുകയെന്നതും തുല്യവ്യക്തികളായി ജീവിക്കാന്‍ അവരുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്നതും ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു. ഓട്ടിസം ബാധിച്ചവര്‍ക്കും മറ്റു ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുമായി ക്യുആര്‍സിഎസ് വിപുലമായ സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ വിവിധ സ്ഥാപനങ്ങളും ഓട്ടിസം ബോധവല്‍ക്കരണ ആഘോഷത്തില്‍ പങ്കാളികളായി. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ സ്ഥാപനങ്ങളും കെട്ടിടങ്ങളും നീലനിറം പ്രകാശിപ്പിച്ച് ഐക്യദാര്‍ഢ്യത്തില്‍ പങ്കാളികളായി.
ലോക ഓട്ടിസം ബോധവത്കരണദിനമെന്ന ആശയം യുഎന്നിനു മുന്നില്‍ ആദ്യംവെക്കുന്നത് 2007ല്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍ത് നാസറായിരുന്നു. പിന്നീട് വോട്ടെടുപ്പിലൂടെ യുഎന്‍ ജനറല്‍ അസംബ്ലി ഇതംഗീകരിക്കുകയും ചെയ്തു. 2008 ഏപ്രില്‍ രണ്ടിനായിരുന്നു പ്രഥമ ലോക ഓട്ടിസം ബോധവത്കരണദിനം ആചരിച്ചത്.