
ദോഹ: വെസ്റ്റ് ബാങ്കിലെയും ഖുദ്സിലെയും ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ(ക്യുആര്‍സിഎസ്) പ്രാതിനിധ്യ മിഷന്‍ ഫലസ്തീന്‍ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യപായ്ക്കറ്റുകള്‍ വിതരണം ചെയ്തുതുടങ്ങി. ഫലസ്തീന്‍ റെഡ്ക്രസന്റ് സൊസൈറ്റി(പിആര്‍സിഎസ്)യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കൊറൊണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പദ്ധതി ഭക്ഷ്യപായ്ക്കറ്റുകള്‍ മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നു. ജീവനക്കാരുടെയും ഗുണഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ പ്രതിരോധ മുന്‍കരുതലുകളും സ്വീകരിച്ചായിരുന്നു സഹായവിതരണം. പ്രതിസന്ധി ബാധിച്ച 3,780 ദരിദ്ര കുടുംബങ്ങളിലെ 18,900 പേര്‍ക്ക് ഭക്ഷ്യപായ്ക്കറ്റുകളുടെ പ്രയോജനം ലഭിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിപണി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയും വ്യാപാരം നിലക്കുകയും ചെയ്തതോടെ ദുര്‍ബലരായ പല കുടുംബങ്ങളുടെയും വരുമാനം നഷ്ടപ്പെട്ട സാഹചര്യമാണ്. വര്‍ക്ക്‌ഷോപ്പുകളിലും ചെറുകിട സംരംഭങ്ങളിലും ജോലി ചെയ്യുന്ന പകല്‍ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും ഒറ്റപ്പെട്ട നഗരങ്ങളിലെ ക്വാറന്റൈനിലിരിക്കുന്ന വ്യക്തികളുടെ കുടുംബങ്ങള്‍ക്കും പിആര്‍സിഎസ് സാമൂഹിക സഹായ പദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടുംബങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നത്.
ഗ്രാമ, ടൗണ്‍ മുനിസിപ്പാലിറ്റികളുമായും പ്രാദേശിക കമ്മ്യൂണിറ്റികളുമായും ഏകോപിപ്പിച്ച് ലക്ഷ്യമിട്ടവരിലേക്ക് ഭക്ഷ്യ ബാസ്‌ക്കറ്റുകള്‍ എത്തിക്കുന്നതിന് നിലവില്‍ പല ഗ്രാമങ്ങളിലും പട്ടണങ്ങളിലും പിആര്‍സിഎസ് ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. 23 രാജ്യങ്ങളിലെ പത്തുലക്ഷം പേരെ ലക്ഷ്യമിട്ട് 60 മില്യണ്‍ റിയാല്‍ ചെലവഴിച്ച് നടപ്പാക്കുന്ന റമദാന്‍ കാമ്പയിന്റെ ഭാഗമായാണ് ഫലസ്തീനിലും സഹായം ലഭ്യമാക്കുന്നത്.