
ദോഹ: ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്) അഫ്ഗാനിസ്താനില്‍ 45,000 ഗുണഭോക്താക്കള്‍ക്ക് ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കി. കാണ്ഡഹാര്‍ പ്രവിശ്യയിലെ ജില്ല 3ല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി പദ്ധതി നടപ്പാക്കിവരുന്നു. 21 ലക്ഷം ഖത്തര്‍ റിയാല്‍ ചെലവഴിച്ചാണ് പദ്ധതി വികസിപ്പിക്കുന്നത്. പ്രാദേശിക ജനങ്ങളില്‍ രോഗാവസ്ഥയും മരണനിരക്കും കുറക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ക്ക് ഉയര്‍ന്നനിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.
മെഡിക്കല്‍, സാങ്കേതിക ഉദ്യോഗസ്ഥരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുക, ഒബ്സ്റ്റെട്രിക് അടിയന്തര രാത്രി ഷിഫ്റ്റുകളും റഫറല്‍ സിസ്റ്റവും സൃഷ്ടിക്കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യമാണ്. ക്യുആര്‍സിഎസും അഫ്ഗാന് റെഡ്ക്രസന്റും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്തവര്‍ഷം ജൂലൈ വരെ പദ്ധതി നീണ്ടുനില്‍ക്കും. ആരോഗ്യകേന്ദ്രം ആരംഭിച്ചതിനുശേഷം 45,182 പേര്‍ക്ക് ആരോഗ്യസേവനങ്ങള്‍ നല്കി. അഞ്ചുവയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവരാണ് പ്രധാന ഗുണഭോക്താക്കള്‍. മെഡിക്കല്‍, നോണ്‍മെഡിക്കല്‍ ജീവനക്കാര്‍, വിതരണക്കാര്‍, ഡ്രൈവര്‍മാര്‍, മറ്റ് പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ 620 പരോക്ഷ ഗുണഭോക്താക്കള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. ആദ്യം കെട്ടിടം പാട്ടത്തിനെടുത്ത് പുതുക്കിപ്പണിയുകയും 17 പേരെ വിവിധ തസ്തികകളില്‍ നിയമിക്കുകയും ചെയ്തു.
ഫിസിഷ്യന്മാര്, നഴ്സുമാര്‍, മിഡ്വൈഫുകള്‍, വാക്സിനേറ്റര്‍മാര്‍, ലാബ് ടെക്നീഷ്യന്, ഫാര്‍മസിസ്റ്റ്, സോഷ്യോ സൈക്കോളജിക്കല്‍ ഉപദേഷ്ടാവ്, ഭരണനിര്‍വഹണ ജീവനക്കാര്‍, സൂപ്പര്‍വൈസര്‍, ജാനിറ്റര്മാര്, സുരക്ഷാ ജീവനക്കാര്‍ എന്നിവരെയാണ് നിയമിച്ചത്. തുടര്‍ന്ന്, കേന്ദ്രത്തിന് ആവശ്യമായ എല്ലാ ഫര്‍ണിച്ചറുകളും ഉപകരണങ്ങളും ക്യുആര്‍സിഎസ് ലഭ്യമാക്കി. കോവിഡിന്റെ സാഹചര്യത്തില്‍ വൈറസിന്റെ അപകടസാധ്യതകള്‍, അത് എങ്ങനെ പടരുന്നു, എങ്ങനെ തടയാം എന്നിവയെക്കുറിച്ച് എല്ലാ ജീവനക്കാര്‍ക്കും പരിശീലനവും ബോധവല്‍ക്കരണ സെഷനുകളും നല്‍കിവരുന്നുണ്ട്. മാസ്ക്ക്, ഹാന്‍ഡ് സാനിറ്റൈസറുകള്‍, സോപ്പ് എന്നിവപോലെയുള്ള ആവശ്യമായ സംരക്ഷണ സാമഗ്രികളും ലഭ്യമാക്കി. ഇതൊരു വലിയ മാനുഷിക പദ്ധതിയാണ്. വര്‍ധിച്ച ജനസംഖ്യയുള്ള ഈ മേഖലയിലെ ഏക ആരോഗ്യസംരക്ഷണ കേന്ദ്രമാണിത്.
വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ കാരണം കേന്ദ്രത്തിലേക്ക് കൂടുതല്‍ രോഗികളെത്തുന്നുണ്ട്. നിലവില്‍ പ്രതിദിനം ശരാശരി 140 കേസുകളാണ് കൈകാര്യം ചെയ്യുന്നത്.