in

ഡബ്ല്യുസിഎം-ക്യുവില്‍നിന്ന് 38 ഡോക്ടര്‍മാര്‍ പുറത്തിറങ്ങി

ഡബ്ല്യുസിഎം-ക്യു ഇന്റര്‍നെറ്റ് മുഖേന സംഘടിപ്പിച്ച ബിരുദദാന ചടങ്ങില്‍ നിന്ന്‌

ദോഹ: വെയ്ല്‍ കോര്‍ണല്‍ മെഡിസിന്‍- ഖത്തറില്‍(ഡബ്ല്യുസിഎം-ക്യു) നിന്നും 38 പുതിയ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി. പുതിയ ഡോക്ടര്‍ ബിരുദധാരികളില്‍ പതിമൂന്നു പേര്‍ ഖത്തരികളാണ്. പതിമൂന്ന് രാജ്യങ്ങളില്‍നിന്നുള്ളവരാണ് ബിരുദം നേടിയത്. ഇതില്‍ 23 പേര്‍ വനിതകളാണ്.
കൊറോണ വൈറസ്(കോവിഡ്-19) വ്യാപനത്തിന്റെ സാഹചര്യത്തില്‍ സാമൂഹിക അകലം കണക്കിലെടുത്ത് ഓണ്‍ലൈന്‍ മുഖേനയായിരുന്നു ബിരുദദാന ചടങ്ങ്. ഇന്റര്‍നെറ്റ് വഴി തല്‍സമയ സംപ്രേക്ഷണ ചടങ്ങില്‍ ബിരുദധാരികള്‍ പങ്കെടുത്തു. ബിരുദധാരികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഫാക്കല്‍റ്റിയും ഓണ്‍ലൈനിലൂടെ ചടങ്ങ് വീക്ഷിച്ചു. ഡബ്ല്യുസിഎം-ക്യു ഡീന്‍ ഡോ.ജാവെയ്ദ് ശൈഖില്‍ നിന്നും ബിരുദധാരികള്‍ തങ്ങളുടെ ഡോക്ടര്‍ ഓഫ് മെഡിസിന്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍, വൈസ് ചെയര്‍പേഴ്‌സണും സിഇഒയുമായ ശൈഖ ഹിന്ദ്് ബിന്‍ത് ഹമദ് അല്‍താനി എന്നിവരുടെ കാഴ്ചപ്പാടുകളെ ഡോ.ജാവേദ് ശൈഖ് പ്രശംസിച്ചു. നേട്ടങ്ങള്‍ കൈവരിക്കുന്നതിന് പ്രതിജ്ഞാബദ്ധരും സ്വയം അച്ചടക്കമുള്ളവരുമായിരിക്കണമെന്ന് പുതിയ ബിരുദധാരികളോടു അദ്ദേഹം ആഹ്വാനം ചെയ്തു. മെഡിക്കല്‍ തൊഴില്‍മേഖല മറ്റേതൊരു തൊഴിലിനേക്കാളും പ്രതിബദ്ധത ആവശ്യമുള്ള ഒന്നാണെന്ന് കാണിക്കുന്ന സംഭവങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിരുദധാരികളെ പ്രതിനിധീകരിച്ച് ഡോ.ഫൗസി സലീം സഗീര്‍ സംസാരിച്ചു. കോവിഡ് -19 മഹാമാരി സമൂഹത്തില്‍ ഡോക്ടര്‍മാരും ആരോഗ്യ പരിപാലന വിദഗ്ധരും വഹിക്കുന്ന സുപ്രധാന പങ്കുകളുടെ നിര്‍ണായക പ്രാധാന്യം എടുത്തുകാണിക്കുന്നതായി വെയ്ല്‍ കോര്‍ണല്‍ മെഡിസിന്‍-ന്യൂയോര്‍ക്ക് ഡീന്‍ ഡോ. അഗസ്റ്റിന്‍ ചോയി പറഞ്ഞു.
ചരിത്രത്തിലെ സുപ്രധാനവും അഭൂതപൂര്‍വവുമായ നിമിഷത്തിലാണ് ഈ 38 പേര്‍ ബിരുദം നേടുന്നതെന്ന് ബിരുദധാരികളോട് സംസാരിച്ച അദ്ദേഹം പറഞ്ഞു. സ്വാധീന ശക്തമായ ഒരു രോഗം ലോകത്തിന്റെ പല രാജ്യങ്ങളിലും ഇത്രയധികം പടര്‍ന്നിട്ടില്ല. മാത്രമല്ല അതിന്റെ ആഘാതം നിമിഷ നേരം കൊണ്ട് നിരീക്ഷിക്കാനുള്ള സാങ്കേതികവിദ്യ നമുക്കുണ്ട്. എന്നാല്‍ ഈ മഹാമാരിക്ക് ശേഷം മെന മേഖലയില്‍ ഉള്‍പ്പടെ പുതിയ ബിരുദധാരികള്‍ക്ക് വൈദ്യശാസ്ത്രത്തെയും ശാസ്ത്രത്തെയും സ്വാധീനിക്കാന്‍ കഴിയുമെന്നും ഡോ. ചോയി വിശദീകരിച്ചു. 2008 മുതല്‍ ഇതുവരെയായി ഡബ്ല്യുസിഎം-ക്യുവില്‍നിന്നും പുറത്തിറങ്ങിയ ഡോക്ടര്‍മാരുടെ എണ്ണം 422 ആണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ധാര്‍മ്മിക പിന്തുണയുമായി ക്യുആര്‍സിഎസ്‌

കോവിഡിനെതിരായ ഖത്തറിന്റെ പോരാട്ടം പ്രശംസനീയമെന്ന് സോഹോം ഗ്രൂപ്പ്