
ദോഹ: റമദാന്‍ കാമ്പയിന്റെ ഭാഗമായി ഖത്തറില്‍ പതിനായിരക്കണക്കിന് ദുര്‍ബല കുടുംബങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും പ്രയോജനപ്പെടുന്ന ജീവകാരുണ്യപദ്ധതികള്‍ക്ക് തുടക്കംകുറിച്ചതായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്). ഖത്തറില്‍ 1.34 ലക്ഷം ഗുണഭോക്താക്കള്‍ക്ക് സഹായം ലഭ്യമാക്കും. കൊറോണ വൈറസ് പടരാതിരിക്കാന്‍ എല്ലാ റമദാന്‍ ഇഫ്താര്‍ ടെന്റുകളും ഇത്തവണ റദ്ദാക്കിയതിനാല്‍ ഈ വര്‍ഷം റമദാന്‍ ഇഫ്താര്‍ പദ്ധതി ഭക്ഷ്യ ബാസ്‌ക്കറ്റുകളായി പരിമിതപ്പെടുത്തും.
വിശുദ്ധ മാസത്തില്‍ പാവപ്പെട്ട കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആകെ 20,000 ഭക്ഷ്യ ബാസ്‌ക്കറ്റുകള്‍ വിതരണം ചെയ്യും. എല്ലായിടത്തും ദുര്‍ബലരിലേക്ക് എത്തിച്ചേരുകയെന്ന ക്യുആര്‍സിഎസിന്റെ ദൗത്യത്തിന്റെ ഭാഗമായിക്കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. കൊറോണ വൈറസ് ബാധയും തുടര്‍ന്നുള്ള ലോക്ക്ഡൗണും പ്രതികൂലമായി ബാധിച്ച പാവപ്പെട്ട കുടുംബങ്ങളെയും പ്രവാസി തൊഴിലാളികളെയും സഹായിക്കുക എന്നതാണ് മറ്റൊരു പദ്ധതി. കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും യഥാക്രമം 6,000, 1,500 ഭക്ഷ്യ ബാസ്‌ക്കറ്റുകള്‍ വീതം വിതരണം ചെയ്യും. ഇരട്ട റിവാര്‍ഡ് സംരംഭവും നടപ്പാക്കുന്നുണ്ട്. ഇതുപ്രകാരം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ഉപഭോക്താക്കള്‍ക്ക് ഭക്ഷ്യ ബാസ്‌ക്കറ്റുകള്‍ വാങ്ങി പാവപ്പെട്ട വ്യക്തികള്‍ക്ക് സംഭാവന ചെയ്യാം. ഭക്ഷ്യ ബാസ്‌ക്കറ്റിന്റെ മൂല്യത്തിന്റെ ഒരുഭാഗം മറ്റൊരു പാവപ്പെട്ട ഗുണഭോക്താവിന് ലഭിക്കും. സാമൂഹിക അകലം പാലിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് അനുസൃതമായി ഭക്ഷ്യ വിതരണത്തില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് ക്യുആര്‍സിഎസ് സന്നദ്ധ, പ്രാദേശിക വികസന വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുനാ ഫാദെല്‍ അല്‍ സുലൈത്തി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്, ഗുണഭോക്താക്കളുടെ കമ്പ്യൂട്ടര്‍വത്കൃത ഡാറ്റാബേസ് തയാറാക്കുകയും പദ്ധതിയിലെ പങ്കാളിയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി പങ്കിടുകയും ചെയ്തിട്ടുണ്ട്.
വ്യക്തിഗത ഐഡികള്‍ ഹാജരാക്കിയാല്‍ ഗുണഭോക്താക്കള്‍ക്ക് രാജ്യത്തുടനീളമുള്ള ഒന്‍പത് ബ്രാഞ്ചുകളില്‍ നിന്നും ഭക്ഷ്യബാസ്‌ക്കറ്റുകള്‍ നേടാന്‍ കഴിയും. ഈ രീതിയിലൂടെ 27,500ലധികം ഭക്ഷ്യ ബാസ്‌ക്കറ്റുകള്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും. ഭക്ഷ്യസഹായത്തിന് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ടിനും പതിനൊന്നിനുമിടയില്‍ 16002 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിക്കാം. ക്യുആര്‍സിഎസുമായുള്ള ഫലപ്രദമായ സഹകരണത്തിന് ലുലുവിന് അവര്‍ നന്ദി അറിയിച്ചു. ഇഫ്താര്‍ കൂടാരങ്ങള്‍ക്കുപകരം റെഡിമെയ്ഡ് ഭക്ഷണം മഗ്‌രിബ് സമയത്ത് തൊഴിലാളികള്‍ക്ക് കൈമാറും.
ഫിത്വര്‍ സക്കാത്ത് പദ്ധതിയില്‍ 1250 ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യ ബാസ്്ക്കറ്റുകള്‍, റമദാന്റെ ഭാഗമായി 750 ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യ വൗച്ചറുകള്‍, 500 കുട്ടികള്‍ക്ക് ഈദ് വസ്ത്രങ്ങള്‍, രോഗികളായ കുട്ടികള്‍ക്ക് സമ്മാനങ്ങളും കളിപ്പാട്ടങ്ങളും തുടങ്ങിയവയും നടപ്പാക്കും. ക്യുആര്‍സിഎസ് വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി ജനങ്ങള്‍ക്ക് റമദാന്‍ കാമ്പയിനിലേക്ക് സംഭാവന നല്‍കാം. എസ്എംഎസ്, ഹോട്ട്‌ലൈന്‍(66666364 33998898), ക്യുഐബി മുഖേന ബാങ്ക് ട്രാന്‍സ്ഫര്‍ എന്നിവ മുഖേനയും ക്യുആര്‍സിഎസിന്റെ കോര്‍ണീഷിലെ ആസ്ഥാനം, ഉംഅല്‍സനീമിലെ പരിശീലന വികസന കേന്ദ്രം എന്നിവയില്‍ നേരിട്ടെത്തിയും സംഭാവന നല്‍കാം. അല്‍മീര, ലുലു, കാരിഫോര്‍ എന്നിവിടങ്ങളിലെ ക്യുആര്‍സിഎസിന്റെ സംഭാവന ശേഖരണ ഏജന്റുകള്‍ മുഖേനയും സംഭാവന നല്‍കാം.