in

റമദാന്‍ കാമ്പയിന്‍ ശക്തമാക്കി ക്യുആര്‍സിഎസ്‌

ദോഹ: ഖത്തറില്‍ നിരവധി ദുര്‍ബല വിഭാഗങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ ജീവകാരുണ്യപദ്ധതികള്‍ ശക്തമാക്കിയതായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്). റമദാന്‍ കാമ്പയിന്റെ ഭാഗമായാണ് ഖത്തറിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് സഹായമെത്തിക്കുന്നത്. പൊതുജനങ്ങള്‍ക്കിടയിലും മാധ്യമങ്ങള്‍ക്കിടിലും സോഷ്യല്‍മീഡിയയിലും കാമ്പയിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഖത്തറില്‍ 1.34 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് സഹായം ലഭ്യമാക്കുന്നത്. കൊറോണ വൈറസ് പടരാതിരിക്കാന്‍ എല്ലാ റമദാന്‍ ഇഫ്താര്‍ ടെന്റുകളും ഇത്തവണ റദ്ദാക്കിയതിനാല്‍ ഈ വര്‍ഷം റമദാന്‍ ഇഫ്താര്‍ പദ്ധതി ഭക്ഷ്യ ബാസ്‌ക്കറ്റുകളായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ മാസത്തില്‍ പാവപ്പെട്ട കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഭക്ഷ്യ ബാസ്‌ക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. പ്രധാനമായും പതിനഞ്ച് മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇഫ്താര്‍ വിതരണം. ഫരീജ് ബിന്‍ മഹ്മൂദ്, നജ്മ, അബുഹമൂര്‍, ഐന്‍ഖാലിദ്, ഫരീജ് അല്‍മനാസീര്‍, അല്‍ഖോര്‍, അല്‍വഖ്‌റ, ഇന്‍ഡസ്ട്രിയല്‍ ഏരിയ മുഖൈനീസ് ക്വാറന്റൈന്‍ കേന്ദ്രം, അല്‍ദഖീറ, അല്‍സെയ്‌ലിയ എന്നിവിടങ്ങളിലാണ് ഇഫ്താര്‍ ഭക്ഷണം എത്തിക്കുന്നത്. 800ഓളം വനിതാ സന്നദ്ധ പ്രവര്‍ത്തകരും 400 പുരുഷ സന്നദ്ധപ്രവര്‍ത്തകരും റെഡിമെയ്ഡ് ഇഫ്താര്‍ ഭക്ഷണ വിതരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ഇതുവരെ രാജ്യത്തൊട്ടാകെ 55,000ലധികം ഇഫ്താര്‍ ഭക്ഷണം ഗുണഭോക്താക്കള്‍ക്ക് നല്‍കി. ഭക്ഷണം നന്നായി അടച്ച് സുരക്ഷിതമായ രീതിയിലാണ് വിതരണം ചെയ്യുന്നത്. നടപ്പാക്കല്‍ ഘട്ടങ്ങളിലുടനീളം മാസ്‌ക്കുകളും കയ്യുറകളും ഉപയോഗിക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തറിലെ ഉദാരമനസ്‌കരുടെ പിന്തുണയുണ്ട്. ചില മേഖലകളില്‍ ഇഫ്താര്‍ പദ്ധതി നടപ്പാക്കാനുള്ള മുഴുവന്‍ ചെലവും ചിലര്‍ സംഭാവനയായി നല്‍കിയിട്ടുണ്ട്.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ നിവാസികള്‍ക്ക് 36,000 പായ്ക്കറ്റ് ഭക്ഷ്യവിതരണത്തിന്റെ മുഴുവന്‍ ചെലവും ഒരു ദാതാവ് ഏറ്റെടുക്കുകയായിരുന്നു. റമദാന്‍ ഇഫ്താര്‍ പദ്ധതിയിലേക്ക് ഫ്രഷ് ഭക്ഷണം നിരവധി റസ്റ്റോറന്റുകളും കാറ്ററിങ് സംരംഭങ്ങളും സംഭാവനയായി നല്‍കുന്നുണ്ടെന്നും ക്യുആര്‍സിഎസ് അറിയിച്ചു. എല്ലായിടത്തും ദുര്‍ബലരിലേക്ക് എത്തിച്ചേരുകയെന്നതാണ് ലക്ഷ്യം. കൊറോണ വൈറസ് ബാധയും തുടര്‍ന്നുള്ള ലോക്ക്ഡൗണും പ്രതികൂലമായി ബാധിച്ച പാവപ്പെട്ട കുടുംബങ്ങളെയും പ്രവാസി തൊഴിലാളികളെയും സഹായിക്കുന്ന പദ്ധതിയും തുടരുന്നു. കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഭക്ഷ്യ ബാസ്‌ക്കറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇരട്ട റിവാര്‍ഡ് സംരംഭത്തിനും മികച്ച പ്രതികരണമാണ്.
ഇതുപ്രകാരം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ഉപഭോക്താക്കള്‍ക്ക് ഭക്ഷ്യ ബാസ്‌ക്കറ്റുകള്‍ വാങ്ങി പാവപ്പെട്ട വ്യക്തികള്‍ക്ക് സംഭാവന ചെയ്യാം. ഭക്ഷ്യ ബാസ്‌ക്കറ്റിന്റെ മൂല്യത്തിന്റെ ഒരുഭാഗം മറ്റൊരു പാവപ്പെട്ട ഗുണഭോക്താവിന് ലഭിക്കും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ശാഖകള്‍ വഴി യോഗ്യരായ കുടുംബങ്ങള്‍ക്ക് ആകെ 27,500 ഭക്ഷ്യപായ്ക്കറ്റുകള്‍ വിതരണം ചെയ്തു. ഫിത്വര്‍ സക്കാത്ത് പദ്ധതിയില്‍ 1250 ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യ ബാസ്്ക്കറ്റുകള്‍, റമദാന്റെ ഭാഗമായി 750 ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യ വൗച്ചറുകള്‍, 500 കുട്ടികള്‍ക്ക് ഈദ് വസ്ത്രങ്ങള്‍, രോഗികളായ കുട്ടികള്‍ക്ക് സമ്മാനങ്ങളും കളിപ്പാട്ടങ്ങളും തുടങ്ങിയവയും നടപ്പാക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ ദേശീയ മ്യൂസിയം നാലു വിര്‍ച്വല്‍ പ്രദര്‍ശനങ്ങള്‍ പ്രഖ്യാപിച്ചു

ഖത്തറില്‍ 1365 പേര്‍ക്ക് കൂടി കോവിഡ്; 29,055 പേര്‍ ചികിത്സയില്‍