
ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നത് തുടരുമെന്ന് ഖത്തര്‍ ദുരന്ത നിവാരണ ഉന്നതാധികാര സമിതി. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ നാലാമത്തെ ഘട്ടമാണ് തുടരുക. അനിവാര്യമെങ്കില്‍ ചില നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുന്നതിനുള്ള മൂന്ന് ഘട്ട പദ്ധതിക്കും സമിതി അംഗീകാരം നല്‍കിയിട്ടുണ്ട്. അതേസമയം ഇവ പ്രായോഗികമാക്കുന്നത് ആരോഗ്യ സൂചകങ്ങളുടെ നിരന്തര നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ്. പൊതുജനാരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്താല്‍ മാത്രമായിരിക്കും ഈ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുക. കോവിഡിന്റെ രണ്ടാം തരംഗത്തിലേക്ക് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങള്‍ ഇതിനകം പ്രവേശിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ ഗൗരവമായി എടുക്കുന്നില്ലെങ്കില്‍ ഖത്തറിലുമത് സംഭവിച്ചേക്കാമെന്നും സമിതി വ്യക്തമാക്കി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഖത്തറിലേക്ക് മടങ്ങിയെത്തുന്ന എല്ലാവര്ക്കും നിര്‍ബന്ധിത ക്വാറന്റൈന് ആവശ്യമാണ്. കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം തുടര്‍ച്ചയായി പുതുക്കുന്നുണ്ട്. എല്ലാ പൗരന്മാരും താമസക്കാരും ഫെയ്സ് മാസ്ക്ക് ധരിക്കുകയും സുരക്ഷിത അകലം പാലിക്കുകയും കൈകള്‍ തുടര്‍ച്ചയായി വൃത്തിയാക്കുകയും വേണമെന്നും സുപ്രീംകമ്മിറ്റി ആവശ്യപ്പെട്ടു. ശക്തമായ ആരോഗ്യ സംവിധാനം, സ്വീകരിച്ച നടപടികളുടെ ഫലപ്രാപ്തി, പൗരന്മാരുടെയും താമസക്കാരുടെയും സഹകരണം, മുന്‍കരുതല്‍ നടപടികള്‍ പിന്തുടരാനുള്ള പ്രതിബദ്ധത എന്നിവയോടെ ഖത്തറില്‍ കോവിഡിന്റെ ഉയര്‍ച്ച മറികടക്കാനും നിയന്ത്രണവിധേയമാക്കാനും കഴിഞ്ഞു. ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തര്‍.
ഖത്തറില്‍ വൈറസ് വ്യാപനം അടങ്ങിയിട്ടുണ്ടെന്നാണ് പൊതുജനാരോഗ്യ സൂചകങ്ങള്‍ കാണിക്കുന്നത്. ഇതിനര്‍ഥം മഹാമാരി അപ്രത്യക്ഷമായെന്നല്ല. വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള പ്രധാന ഘടകം ജനങ്ങളുടെ അവബോധവും മുന്‍കരുതല്‍ നടപടികള്‍ പിന്തുടരാനുള്ള അവരുടെ പ്രതിബദ്ധതയുമാണ്. ഒത്തു ചേരലുകളുമായും സാമൂഹിക പരിപാടികളുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണം. ശരിയായ ജാഗ്രതയില്ലാതെയുള്ള സാമൂഹികസമ്പര്ക്കമാണ് രാജ്യത്ത് കോവിഡ് വ്യാപിക്കുന്നതിനുള്ള പ്രധാന ഉറവിടമെന്ന് സുപ്രീംകമ്മിറ്റി ചൂണ്ടിക്കാട്ടി.